Top
17
Sunday, December 2017
About UsE-Paper

വമ്പന്‍മാര്‍ മുന്നോട്ട്

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

മാഡ്രിഡ് > ഒരു റൌണ്ട് ശേഷിക്കെ മികച്ച ജയങ്ങളുമായി യൂറോപ്യന്‍ വമ്പന്‍മാര്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടും മൊണാകോ എഫ്സിയുമാണ് പുറത്തായ പ്രമുഖ ടീമുകള്‍. 

ഡോര്‍ട്ട്മുണ്ടിനെ 2-1ന് തോല്‍പ്പിച്ച് ടോട്ടനം ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായി. അപോയെല്‍ നിക്കോസ്യയെ ആറു ഗോളിന് തകര്‍ത്ത റയല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് എഫില്‍ യോഗ്യത ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് ഫെയ്നൂര്‍ദിനെ മറികടന്ന് ഒന്നാം സ്ഥാനക്കാരായി മുന്നേറി. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂളിന് തിരിച്ചടിയേറ്റു. സെവിയ്യയോട് ജയമുറപ്പിച്ചശേഷം ലിവര്‍പൂള്‍ സമനില വഴങ്ങി (3-3).  ഗ്രൂപ്പ് ജിയില്‍ ലെയ്പ്സിഗിനോടു തോറ്റ് മൊണാകോ പുറത്തായി (1-4).

ഡോര്‍ട്ട്മുണ്ട് തട്ടകത്തിലാണ് ടോട്ടനം ജയം കുറിച്ചത്. ഒബമെയങ്ങിന്റെ ഗോളില്‍ മുന്നിലെത്തിയ ഡോര്‍ട്ട്മുണ്ടിനെ ഹാരി കെയ്നിന്റെയും സണ്‍ ഹ്യുങ് മിനിന്റെയും ഗോളിന് ടോട്ടനം മറികടന്നു. ഗ്രൂപ്പില്‍ 13 പോയിന്റാണ് ടോട്ടനത്തിന്. അവസാന മത്സരത്തില്‍ അപോയെലാണ് ടോട്ടനത്തിന്റെ എതിരാളി.

അപോയെലിനെതിരെ റയലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും ഇരട്ടഗോള്‍ നേടി. ലൂക്കാ മോഡ്രിച്ചും നാച്ചോയും പട്ടിക തികച്ചു. സ്പാനിഷ് ലീഗില്‍ പതറുന്ന റയലിന് ആശ്വാസമാണ് ഈ ജയം. 10 പോയിന്റുള്ള റയല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ്. അവസാന കളിയില്‍ ഡോര്‍ട്ട്മുണ്ടിനെ റയല്‍ നേരിടും.
ഗ്രൂപ്പ് എഫില്‍ റഹീം സ്റ്റെര്‍ലിങ്ങിന്റെ ഗോളിലാണ് സിറ്റി ഫെയ്നൂര്‍ദിനെ കീഴടക്കിയത്. ഇതോടെ സിറ്റി കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ചു. ഷക്താര്‍ ഡൊണെസ്തകിനെ മൂന്നു ഗോളിന് തോല്‍പ്പിച്ച നാപോളി നോക്കൌട്ട് പ്രതീക്ഷ നിലനിര്‍ത്തി. ഇന്‍സിന്യെ, സിയെലെന്‍സ്കി, മെര്‍ട്ടെന്‍സ് എന്നിവര്‍ നാപോളിക്കായി ഗോളടിച്ചു. ഒമ്പതു പോയിന്റുള്ള ഷക്താര്‍ ആണ് ഗ്രൂപ്പില്‍ രണ്ടാമത്. മൂന്നാമതുള്ള നാപോളിക്ക് ആറു പോയിന്റും. അവസാന കളിയില്‍ ഫെയ്നൂര്‍ദിനെയാണ് നാപോളിക്ക് നേരിടേണ്ടത്. ഷക്താറിന് സിറ്റിയാണ് എതിരാളികള്‍.

ഗ്രൂപ്പ് ഇയില്‍ ഇതുവരെ ഒരു ടീമിനും യോഗ്യത നേടാനായില്ല. സെവിയ്യയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ലിവര്‍പൂള്‍ ഒമ്പത് പോയിന്റുമായി ഒന്നാമതു നില്‍ക്കുന്നു. എട്ട് പോയിന്റുമായി സെവിയ്യ രണ്ടാമത്. ആറു പോയിന്റുള്ള സ്പാര്‍ട്ടക് മോസ്കോ മൂന്നാമതും. ലിവര്‍പൂളിന് സ്പാര്‍ട്ടക്കാണ് അവസാന കളിയിലെ എതിരാളി.
ഗ്രൂപ്പ് ജിയില്‍ പോര്‍ട്ടോയുമായി 1-1ന് പിരിഞ്ഞ ബെസിക്ടാസ് യോഗ്യത നേടി. ഏഴുവീതം പോയിന്റുള്ള പോര്‍ടോയ്ക്കും ലെയ്പ്സിഗിനും അടുത്ത മത്സരം നിര്‍ണായകമായി.

Categories