14 December Friday

ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌: ഇന്ന് പാകിസ്ഥാനെതിരെ, ലക്ഷ്യം ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

ദുബായ് > ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ‐പാകിസ്ഥാൻ മുഖാമുഖം വീണ്ടും. സൂപ്പർഫോറിലെ രണ്ടാമത്തെ കളിയിലാണ് ഇരു ടീമുകളും നേർക്കുനേർ എത്തുന്നത്. ആദ്യറൗണ്ടിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. ജയിച്ചാൽ ഇന്ത്യക്ക് ഒരുമത്സരം ശേഷിക്കെതന്നെ ഫൈനൽ ഉറപ്പിക്കാം. മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാൻ നേരിടും. രണ്ടു മത്സരങ്ങളും വൈകിട്ട് അഞ്ചിന് ആരംഭിക്കും.
ടൂർണമെന്റിൽ ആധികാരികപ്രകടനമാണ് ഇന്ത്യയുടേത്. ദുബായിയിലെ വേഗംകുറഞ്ഞ പിച്ചിൽ അച്ചടക്കമുള്ള ബൗളിങ്നിരയും സ്ഥിരത കാട്ടുന്ന ബാറ്റിങ്നിരയും ഇന്ത്യയുടെ കാര്യങ്ങൾ എളുപ്പമാക്കി.

മറുവശത്ത് പാകിസ്ഥാന് സ്ഥിരത പുലർത്താനാകുന്നില്ല. ആദ്യറൗണ്ടിൽ ഇന്ത്യയോട് തോറ്റ പാകിസ്ഥാൻ സൂപ്പർ ഫോറിലെ ആദ്യകളിയിൽ അഫ്ഗാനോട് വിയർത്തു. അഫ്ഗാനോട് മൂന്ന് വിക്കറ്റിനാണ് ജയിച്ചത്.

ബംഗ്ലാദേശിനെതിരെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനമായിരുന്നു നിർണായകമായത്. ഒരുവർഷത്തിനുശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ജഡേജ നാല് വിക്കറ്റെടുത്തു. പേസർമാരായ ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും ജഡേജയ്ക്ക് പിന്തുണ നൽകി. പാകിസ്ഥാനെതിരെയും ജഡേജയ്ക്ക് ഈ പ്രകടനം നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ. വേഗംകുറഞ്ഞ പിച്ചാണ്. മൂന്ന് സ്പിന്നർമാരെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവും യുശ്വേന്ദ്ര ചഹാലും ബംഗ്ലാദേശിനെതിരെ വിക്കറ്റൊന്നും നേടിയില്ലെങ്കിലും റൺവിട്ടുകൊടുക്കുന്നതിൽ പിശുക്കുകാണിച്ചു. ഇത് ബംഗ്ലാ ബാറ്റ്സ്മാൻമാരെ സമ്മർദ്ദത്തിലാക്കി.

ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയും ശിഖർ ധവാനും എല്ലാ മത്സരങ്ങളിലും മികച്ച തുടക്കമാണ് നൽകിയത്. പാകിസ്ഥാനെതിരെ 83 റണ്ണെടുത്ത് പുറത്താകാതെനിന്ന രോഹിതാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ധവാൻ 40 റണ്ണെടുത്ത് പുറത്തായി. 37 പന്തിൽ 33 റണ്ണെടുത്ത മഹേന്ദ്ര സിങ് ധോണി ഫോമിലേക്കാണെന്ന സൂചന നൽകി.

പാകിസ്ഥാൻ അനുഭവസമ്പത്തിന്റെ ബലത്തിൽമാത്രമാണ് അഫ്ഗാനെ മറികടന്നത്. 43 പന്തിൽ 51 റണ്ണുമായി പുറത്താകാതെനിന്ന ഷൊയിബ് മാലിക് അവസാന ഓവറിൽ പാകിസ്ഥാന് ജയമൊരുക്കി. ബാറ്റിങ്നിരയിൽ ഫഖർ സമാൻ, ബാബർ അസം, ഹാരിസ് സൊഹൈൽ എന്നീ മികച്ച കളിക്കാരുണ്ട് പാകിസ്ഥാന്. പക്ഷേ, ഇവരൊന്നും സ്ഥിരത കാട്ടുന്നില്ല.

ബൗളിങ്നിരയിൽ പേസർ മുഹമ്മദ് അമീർ തിളങ്ങാത്തതാണ് പാകിസ്ഥാന്റെ തലവേദന. ഫീൽഡിങ് ആണ് പാകിസ്ഥാന്റെ മറ്റൊരു ആശങ്ക. അഞ്ച് ക്യാച്ചുകളാണ് അഫ്ഗാനെതിരെ പാക് ഫീൽഡർമാർ പാഴാക്കിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top