12 December Wednesday

ദേശീയ യൂത്ത്‌ അത്‌ലറ്റിക്‌സ്‌ , രണ്ടാംദിനം ; കേരളത്തിന് 3 സ്വർണം

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

അപർണ റോയ്‌ അഭിഷേക്‌ മാത്യു സാന്ദ്ര ബാബു


വഡോദര
ദേശീയ യൂത്ത് അത്ലറ്റിക്സിന്റെ രണ്ടാംദിനം കേരളത്തിന് മൂന്ന് സ്വർണം. പെൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ അപർണ റോയ്, ലോങ് ജമ്പിൽ സാന്ദ്ര ബാബു, ആൺകുട്ടികളുടെ 400 മീറ്ററിൽ അഭിഷേക് മാത്യു എന്നിവരാണ് സ്വർണംനേടിയത്. പെൺകുട്ടികളുടെ 400 മീറ്ററിൽ എ എസ് സാന്ദ്രയും ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നിയും വെള്ളി നേടി. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ആർ കെ സൂര്യജിത് വെങ്കലം സ്വന്തമാക്കി. ഡെക്കാത്തലണിൽ ഹരിയാനയുടെ മോഹിത് റെക്കോഡ് കുറിച്ചു.

110 പോയിന്റുമായി ഹരിയാനയാണ് മുന്നിൽ. കേരളം 70 പോയിന്റോടെ മൂന്നാമതാണ്. 92 പോയിന്റുള്ള ഉത്തർ പ്രദേശാണ് രണ്ടാമത്. പെൺകുട്ടികളിൽ 51 പോയിന്റുമായി കേരളം ഒന്നാമതുണ്ട്്. മീറ്റ് ഇന്ന് സമാപിക്കും.
അപർണ 110 മീറ്റർ ഹർഡിൽസിൽ 14.08 സെക്കൻഡിലാണ് ദൂരം പൂർത്തിയാക്കിയത്. നിലവിലെ യൂത്ത് വിഭാഗത്തിലെ ദേശീയ റെക്കോഡുകാരിയാണ് അപർണ. 13.98 സെക്കൻഡിലാണ് അപർണയുടെ റെക്കോഡ്. പക്ഷേ, വഡോദരയിൽ മികച്ച പ്രകടനത്തിന് അടുത്തെത്താൻ അപർണയ്ക്ക് കഴിഞ്ഞില്ല. തമിഴ്നാടിന്റെ പി തബിതയ്ക്കാണ് വെള്ളി. 14.10 സെക്കൻഡിൽ ദൂരം പൂർത്തിയാക്കി.

ലോങ് ജമ്പിൽ സാന്ദ്ര ബാബുവിനും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. എങ്കിലും 5.62 മീറ്ററിൽ സ്വർണം നേടാൻ കഴിഞ്ഞു. 6.07 മീറ്ററാണ് സാന്ദ്രയുടെ മികച്ച പ്രകടനം. അസമിന്റെ അംബ്രിക നാർസറിക്കാണ് വെള്ളി (5.56).
ആൺകുട്ടികളുടെ 400 മീറ്ററിൽ അഭിഷേക് 48.81 സെക്കൻഡിലാണ് സ്വർണംനേടിയത്. ഉത്തർപ്രദേശിന്റെ ശിവംഗ് മിശ്രയ്ക്കാണ് വെള്ളി (49.74). പെൺകുട്ടികളുടെ 400 മീറ്ററിൽ എ എസ് സാന്ദ്ര 56.26 സെക്കൻഡിൽ രണ്ടാമതെത്തി. ഡൽഹിയുടെ റിതിക നേഗിക്കാണ് സ്വർണം (55.97). ഏറുകാരിൽ കെസിയ മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ശ്രമത്തിൽതന്നെ 46.05 മീറ്റർ എറിഞ്ഞ് കെസിയ വെള്ളി നേടി. 50.57 മീറ്റർ എറിഞ്ഞ ഉത്തർ പ്രദേശിന്റെ കഷിഷ് സിങ്ങിനാണ് സ്വർണം. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 14.49 സെക്കൻഡിൽ സൂര്യജിത് മൂന്നാമതെത്തി. ഒഡീഷയുടെ പുംഗ സോറെനാണ് (14.28) സ്വർണം. ജാർഖണ്ഡിന്റെ ആദിത്യ പ്രകാശ് (14.32) വെള്ളിയുംനേടി.

ഡെക്കാത്തലണിൽ 6707 പോയിന്റോടെയാണ് മോഹിത് ദേശീയ റെക്കോഡ് തിരുത്തിയത്. രണ്ടാമതെത്തിയ ആന്ധ്രപ്രദേശിന്റെ സൗരഭ് രതിയും നിലവിലെ പോയിന്റ് മറികടന്നു.

100 മീറ്ററിൽ ഉത്തർ പ്രദേശിന്റെ രാഹുൽ ശർമയും കർണാടകത്തിന്റെ ജോസ്ന സിമോവ് മംഗളവാദ്കുമാണ് ചാമ്പ്യൻമാർ. ആൺകുട്ടികളിൽ രാഹുൽ 10.80 സെക്കൻഡിൽ ഒന്നാമതെത്തി. പെൺകുട്ടികളിൽ 12.23 സെക്കൻഡിലാണ് ജോസ്നയുടെ സ്വർണം. കേരളത്തിന്റെ അപർണ റോയ് 12.62 സെക്കൻഡിൽ അഞ്ചാമതായി.
അവസാന ദിനമായ ഇന്ന് 14 ഫൈനലുകൾ അരങ്ങേറും.

പ്രധാന വാർത്തകൾ
Top