18 November Sunday

'ആ തോൽവി എന്നെ തകർത്തു' നെയ്മർ

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

അഭിമുഖത്തിനിടെ മകൻ ഡേവി ലൂക്കയ്‌ക്കൊപ്പം നെയ്‌മർ


സാവോപോളോ
ലോകകപ്പിൽ ബൽജിയത്തോടുള്ള തോൽവി മാനസികമായി തകർത്തുകളഞ്ഞുവെന്ന് ബ്രസീൽ ഫുട്ബോൾ താരം നെയ്മർ. ലോകകപ്പിൽ അനുഭവിച്ച ഫൗളുകളും അതിനുനേരെയുണ്ടായ പരിഹാസങ്ങൾക്കെതിരെയും നെയ്മർ പ്രതികരിച്ചു. സാവോപോളോയിൽ നെയ്മറുടെ പേരിൽ നടത്തുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിനിടെയുള്ള അഭിമുഖത്തിനിടെയായിരുന്നു ബ്രസീൽതാരത്തിന്റെ പ്രതികരണം.

'ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തോട് തോറ്റശേഷം ഞാൻ വല്ലാതെ തളർന്നു. പിന്നീട് കളി പോയിട്ട്, പന്ത് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. കളിക്കാൻ തോന്നിയില്ല. വളരെയധികം ദുഃഖിതനായിരുന്നു. കരയുകയായിരുന്നു. ഞാൻ കരയുന്നത് എന്റെ മകനും കുടുംബത്തിനും സുഹൃത്തുകൾക്കും സഹിക്കാൻ കഴിഞ്ഞില്ല. അവർ എന്നെ ആശ്വസിപ്പിച്ചു. തിരികെ എത്താൻ സഹായിച്ചു' നെയ്മർ പറഞ്ഞു.

ലോകകപ്പിൽ ഫൗളിന്റെ പേരിൽ നെയ്മർക്കെതിരെ വിമർശങ്ങൾ രൂക്ഷമായിരുന്നു. പലപ്പോഴും കളത്തിൽ നെയ്മർ അഭിനയിക്കുകയാണെന്ന ആരോപണമുണ്ടായി. 'ഫൗൾ ചെയ്യുന്നവരെയല്ല, അത് അനുഭവിക്കുന്നവരെയാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്' നെയ്മർ പറഞ്ഞു.

ഞാൻ വന്നത് കളിക്കാനാണ്. എതിരാളികളെ തോൽപ്പിക്കാനാണ്. അല്ലാതെ ചവിട്ടുകൊള്ളാനല്ല. എനിക്കെതിരെയുള്ള വിമർശങ്ങൾ അതിരുകടന്നതാണ്. എനിക്കതൊക്കെ മറികടക്കാനാകും. പക്ഷേ, ഒരേസമയം കളിക്കാരനും റഫറിയുമാകാൻ കഴിയില്ല' വിമർശങ്ങളോടുള്ള നെയ്മറുടെ പ്രതികരണം ഇതായിരുന്നു. 

റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാർത്തകളെ ഈ പിഎസ്ജിക്കാരൻ നിഷേധിച്ചു. എല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന അഭ്യൂഹങ്ങളാണ്. അവരുണ്ടാക്കുന്ന കഥകൾക്ക് മറുപടി പറയേണ്ട കാര്യമില്ല. ബ്രസീലിനോടെന്ന പോലെ കളിക്കുന്ന ക്ലബ്ബിനോടും എനിക്ക് ഉത്തരവാദിത്തമുണ്ട്' നെയ്മർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top