Top
22
Thursday, February 2018
About UsE-Paper

യൊകോ പുറത്ത്

Tuesday Jan 23, 2018
വെബ് ഡെസ്‌ക്‌

മെൽബൺ > ഒടുവിൽ റോഡ് ലേവർ അരീനയിലും നൊവാക് യൊകോവിച്ച് അസ്തമിച്ചു. ആറുതവണ കിരീടം ചൂടിയ ഓസ്ട്രേലിയൻ ഓപ്പണിൽ യൊകോവിച്ച് ക്വാർട്ടർ കാണാതെ പുറത്തായി.

തളർന്നുതുടങ്ങിയ കൈമുട്ടുകൾ യൊകോവിച്ചിനെ പിന്നോക്കംവലിച്ചു. ഒപ്പം, ഹ്യോൺ ചുങ് എന്ന ദക്ഷിണ കൊറിയക്കാരന്റെ കളിമികവും യൊകോവിച്ചിന്റെ വഴിയടച്ചു. പരിക്ക് വേട്ടയാടിയ ഒരുവർഷത്തിനുശേഷം പ്രതീക്ഷയോടെയാണ് യൊകോവിച്ച് ഈ സീസൺ ആരംഭിച്ചത്. പക്ഷേ,  കരുത്ത് ചോർന്ന ഈ മുപ്പതുകാരന് പഴയ പ്രഭാവം വീണ്ടെടുക്കാനായില്ല. നേരിട്ടുള്ള സെറ്റുകളിൽ കളി അവസാനിച്ചു (7‐6 (7‐4), 7‐5, 7‐6 (7‐3).

താളംകണ്ടെത്താനാകാതെ യൊകോവിച്ച് വിഷമിച്ചു. റിട്ടേണുകളിലെ മാന്ത്രികത ഈ സെർബിയക്കാരന് നഷ്ടമായി. മിന്നൽപോലെ ജ്വലിച്ചും തൊട്ടടുത്ത നിമിഷം പൂവെറിയുംപോലെ തൊടുത്തുമാണ് റിട്ടേണുകളിൽ യൊകോവിച്ച് മുദ്ര പതിപ്പിച്ചത്. പക്ഷേ, അതൊക്കെ യൊകോവിച്ചിന്റെ റാക്കറ്റിൽനിന്ന് അന്യമായി. ചുങ്ങിനെതിരെ, തളർച്ചയ്ക്കിടയിലും അവസരങ്ങൾകിട്ടി യൊകോവിച്ചിന്. പക്ഷേ, ചുങ് 19 അവസരം കിട്ടിയതിൽ 14 തവണയും യൊകോവിച്ചിന്റെ സെർവ് ഭേദിച്ചു. 57 പിഴവുകളും 36 വിന്നറുകളുമായാണ് യൊകോവിച്ച് അവസാനിപ്പിച്ചത്.

ആദ്യസെറ്റ് നഷ്ടമായപ്പോൾതന്നെ യൊകോവിച്ചിന് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയിരുന്നു. ട്രെയ്നറെ വിളിച്ചു. രണ്ടാം സെറ്റിൽ 1‐4ന് പിന്നിട്ടുനിൽക്കെ ബേസ്ലൈനിന് അരികിൽ യൊകോവിച്ച് വേദനകൊണ്ട് പുളഞ്ഞു. ഇടവേളയ്ക്കിടെ തലയിൽ തോർത്ത് മൂടി അസ്വസ്ഥത കാട്ടി. തിരിച്ചെത്തി മൂന്ന് ഗെയിം തുടർച്ചയായി നേടി പ്രതീക്ഷകാത്തു. പക്ഷേ, മുന്നോട്ടുപോയില്ല. രണ്ട് ഫോർഹാൻഡ് ഷോട്ടുകൾ നെറ്റിൽ പതിച്ചതോടെ രണ്ടാം സെറ്റും പോയി. സമാനരീതിയിൽതന്നെ മൂന്നാം സെറ്റും മുന്നേറി. 5‐5ൽ നിൽക്കെ  0‐30 പോയിന്റ് ആനുകൂല്യത്തിൽ യൊകോവിച്ച് ചുങ്ങിനെ സമ്മർദത്തിലാക്കാൻ ശ്രമിച്ചു. പക്ഷേ, കൊറിയക്കാരൻ അതിജീവിച്ചു. ടൈബ്രേക്കിൽ ചുങ് ചടങ്ങ് പൂർത്തിയാക്കി. കളി മൂന്ന് മണിക്കൂർ 21 മിനിറ്റ് നീണ്ടു. അഞ്ചാം സീഡ് ഡൊമിനിക് തീമിനെ അട്ടിമറിച്ച അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രിൻ ആണ് ചുങ്ങിന്റെ ക്വാർട്ടറിലെ എതിരാളി.

മറ്റു മത്സരങ്ങളിൽ റോജർ ഫെഡറർ അനായാസം മുന്നേറി. പ്രീക്വാർട്ടറിൽ ഹംഗറിയുടെ മാർടൺ ഫുസോവിക്സിനെയാണ് ഫെഡറർ തോൽപ്പിച്ചത് (6‐4, 7‐6 (7‐3), 6‐2). ക്വാർട്ടറിൽ ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചാണ് െഫഡററുടെ എതിരാളി.

വനിതകളിൽ ആഞ്ചലിക് കെർബർ, സിമോണ ഹാലെപ് കരോളിന കരോളിന പ്ലിസ്കോവ എന്നിവർ ക്വാർട്ടറിൽ കടന്നു.

Categories