22 October Monday
മത്സരം രാത്രി 8ന് സ്റ്റാര്‍ സ്പോര്‍ട്സ് 2

ബ്ളാസ്റ്റേഴ്സിന് ഇന്ന് ചെന്നൈയിന്‍ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017

ബ്ളാസ്റ്റേഴ്സ് ടീം പരിശീലനത്തില്‍

ചെന്നൈ > കേരള ബ്ളാസ്റ്റേഴ്സിന് ഇന്ന് ഐഎസ്എലില്‍ കടുത്ത പരീക്ഷ. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്സിയാണ് എതിരാളികള്‍. ചെന്നൈയിലാണ് കളി. നാല് ജയത്തോടെ 12 പോയിന്റുമായി മൂന്നാമതാണ് ചെന്നൈയിന്‍. ആറ് കളിയില്‍ 11 ഗോളടിച്ചു. ഏഴെണ്ണം വഴങ്ങി. ഒരു മത്സരം കുറവാണ് ബ്ളാസ്റ്റേഴ്സിന്. ആറ് പോയിന്റുമായി ഏഴാമത് നില്‍ക്കുന്നു. നാല് ഗോള്‍ അടിച്ചു, ആറെണ്ണം വഴങ്ങി.

സ്വന്തം തട്ടകത്തില്‍ മൂന്ന് തുടര്‍ സമനിലകളും, ഗോവയില്‍ പോയി കനത്ത തോല്‍വിയും ഏറ്റുവാങ്ങിവന്ന ബ്ളാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് വീര്യം വീണ്ടെടുത്തത്. റെനെ മ്യുലെന്‍സ്റ്റീന്റെ സംഘത്തിന് നോര്‍ത്ത് ഈസ്റ്റിനോടുള്ള ജയം ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. പക്ഷേ, കളിമികവില്‍ ഇപ്പോഴും ബ്ളാസ്റ്റേഴ്സ് പിന്നിലാണ്. ചെന്നൈയിന്‍ ഒന്നാന്തരം സംഘമാണ്. വമ്പന്‍മാരായ ബംഗളൂരു എഫ്സിയെയാണ് അവസാന മത്സരത്തില്‍ ചെന്നൈയിന്‍ മലര്‍ത്തിയടിച്ചത്.

ഗോള്‍ വഴങ്ങാതിരിക്കുക എന്നത് പ്രധാന കാര്യമാണെന്ന് മ്യുലെന്‍സ്റ്റീന്‍ പറയുന്നു. അഞ്ച് കളിയില്‍ രണ്ടുതവണ മാത്രമേ ബ്ളാസ്റ്റേഴ്സ് ഗോള്‍ വഴങ്ങിയിട്ടുള്ളൂ. പക്ഷേ, ഗോവയ്ക്കെതിരെ അഞ്ച് ഗോള്‍ വഴങ്ങിയത് വലിയ ക്ഷീണമായി. മറ്റ് മത്സരങ്ങളില്‍ ടീം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നീക്കങ്ങള്‍ നെയ്യുന്നതിലും മുന്നിലായിരുന്നുവെന്നും മ്യുലെന്‍സ്റ്റീന്‍ പറയുന്നു.

നോര്‍ത്ത് ഈസ്റ്റിനെതിരെ മിന്നുന്ന ഗോള്‍ കുറിച്ച സി കെ വിനീതില്‍ പ്രതീക്ഷയുണ്ട്.  വെസ് ബ്രൌണിന്റെ വരവാണ് ബ്ളാസ്റ്റേഴ്സിന്റെ കളിക്ക് ജീവന്‍ നല്‍കിയത്. നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ളാസ്റ്റേഴ്സിന്റെ ഊര്‍ജം ഈ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധകളിക്കാരനായിരുന്നു. ദിമിതര്‍ ബെര്‍ബറ്റോവ് ഇന്നും കളിക്കാനിടയില്ല.
ജെജെ ലാല്‍പെഖുലയും ധനപാല്‍ ഗണേഷും ഉള്‍പ്പെടുന്ന ചെന്നൈയിന്‍ നിര ശക്തമാണ്. ആക്രമണ കളിയാണ് കോച്ച് ജോണ്‍ ഗ്രിഗറിയുടെ ശൈലി.

പ്രധാന വാർത്തകൾ
Top