19 November Monday

ജർമനിക്ക് ഇന്നു ജയിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


മോസ്‌കോ
ആദ്യകളിയിൽ അടിതെറ്റിയ ജർമനി ഇന്ന് എഫ് ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെ നേരിടും. സോച്ചിയിലെ ഫിഷ്റ്റ് സ്‌റ്റേഡിയത്തിൽ രാത്രി 11.30നാണ് മത്സരം. മെക്‌സികോയോട് തോറ്റതോടെ ഏറെ പഴികേട്ട ജർമനിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും രക്ഷയാകില്ല.

മൂന്നുപോയിന്റുമായി മെക്‌സികോയും സ്വീഡനും ഗ്രൂപ്പിൽ മുന്നിലാണ്. ജർമനിക്കും ദക്ഷിണ കൊറിയക്കും പോയിന്റില്ല. ടീമിൽ കാര്യമായ അഴിച്ചുപണി നടത്തിയാകും ജർമനി ഇറങ്ങുക. മധ്യനിരയിൽ മെസ്യൂട്ട് ഓസിലിന് പകരം മാർകോ റൂസും സാമി ഖെദീരയ്ക്കു പകരം ഇകായ് ഗുൺഡോവനും എത്തും. പ്രതിരോധത്തിൽ ജൊനാസ് ഹെക്ടർ മാർവിൻ പ്ലാറ്റൻഹാർട്ടിന്റെ പകരക്കാരനാകും.

  മെസൂട്ട് ഓസിൽ, ടോണി ക്രൂസ്, സാമി ഖെദീര, ജുലിയൻ ഡ്രാക്‌സലർ എന്നിവരടങ്ങുന്ന ലോകത്തെ ഏറ്റവും മികച്ച മധ്യനിര മെക്‌സികോയ്‌ക്കെതിരെ പന്തുകിട്ടാതെ അലയുന്നത് ദയനീയ കാഴ്ചയായിരുന്നു. അതുതന്നെയാണ് മധ്യനിര പൊളിച്ചുപണിയാൻ കോച്ച് ജോക്വിം ലോയെ പ്രേരിപ്പിച്ചത്. ഗോളടിക്കാനുള്ള ചുമതല തോമസ് മുള്ളർക്കും ടിമോ വെർണെർക്കുമാണ്.

സ്വീഡൻ മോശക്കാരല്ല. ആദ്യകളിയിൽ ദക്ഷിണ കൊറിയയെ വീഴ്ത്തിയ അവർക്ക് ജർമനിയുമായി പോരാട്ടം പുത്തരിയല്ല. പ്രതിരോധം ക്യാപ്റ്റൻ ഗ്രാൻവിസ്റ്റിന്റെ നേതൃത്വത്തിലാണ്. സെബാസ്റ്റിയൻ ലാർസൻ, എമിൽ ഫോർസ്ബർഗ്, ഗുസ്താവ് സെവൻസൺ എന്നിവർ മധ്യനിരയിൽ ഗോളൊരുക്കും. മുന്നേറ്റനിരയിൽ മാർകസ് ബെർഗുണ്ട്.

  കടലാസിലും കണക്കിലും മുൻതൂക്കം ജർമനിക്കാണ്. ഇരുടീമും ഒടുവിൽ മുഖാമുഖം കണ്ടത് 2014 ലോകകപ്പ് യോഗ്യതയ്ക്കിടയിലാണ്്. അന്ന് രണ്ടു കളിയിൽ പിറന്നത് 16 ഗോൾ. ഒരു കളി ജർമനി 53ന് ജയിച്ചപ്പോൾ മറ്റൊന്ന് 44 സമനിലയിലായി.

* കഴിഞ്ഞ 11 കളിയിലും വിജയം ജർമനിക്ക്
* സ്വീഡന്റെ അവസാന വിജയം 40 വർഷം മുമ്പ് (31)
* ഇരുടീമും ഒടുവിൽ കണ്ടപ്പോൾ 16 ഗോൾ
* ലോകകപ്പിൽ നാലിൽ മൂന്നു ജയം ജർമനിക്ക്
* 1934, 1974, 2006 ലോകകപ്പിലാണ് വിജയം
* ആതിഥേയരായ 1958ൽ സ്വീഡന് വിജയം

പ്രധാന വാർത്തകൾ
Top