Top
23
Thursday, November 2017
About UsE-Paper

കായികോത്സവം : 4 റെക്കോഡുകള്‍

Saturday Oct 21, 2017
ആര്‍ രഞ്ജിത്
സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ അലക്സ് വി തങ്കച്ചന്‍ സ്വര്‍ണംനേടുന്നു ഫോട്ടോ: മനു വിശ്വനാഥ്


പാലാ > പുതിയ ട്രാക്ക് പ്രതീക്ഷാനിര്‍ഭരം. വരാനിരിക്കുന്ന വസന്തത്തെ ഓര്‍മിപ്പിച്ചാണ് ആദ്യദിനം വിടപറഞ്ഞത്. 18 ഇനങ്ങള്‍ പൂര്‍ത്തിയായ ദിവസം നാല് മീറ്റ് റെക്കോഡുകള്‍. രണ്ടുപേര്‍ ദേശീയസമയത്തെ മറികടന്ന് കുതിച്ചെത്തി. 

അറുപത്തിയൊന്നാമത് മീറ്റിലെ ആദ്യ ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിലെ പി എന്‍ അജിത്ത്,ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ അഭിഷേക് മാത്യു, ലോങ്ജമ്പില്‍ കെ എം ശ്രീകാന്ത്, ജാവലിന്‍ ത്രോയില്‍ നരേശ് കൃപാല്‍ യാദവ് എന്നിവര്‍ ആദ്യദിനം സ്വന്തമാക്കി. അജിത്ത് ദേശീയസമയത്തെ മറികടന്നാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പിയും ദേശീയസമയത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. അനുമോള്‍ക്ക് പക്ഷേ, മീറ്റ് റെക്കോഡ് നേടാനായില്ല.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവ്ലിന്‍ ത്രോയില്‍ നാലുപേരാണ് നിലവിലെ റെക്കോഡ് മായ്ച്ചുകളഞ്ഞത്. ഈ ഇനത്തില്‍ 2014ല്‍ ചെമ്പൂച്ചിറ ജിവിഎച്ച്എസ്എസിലെ പി എസ് കിരണ്‍നാഥിന്റെ 50.99 മീറ്റര്‍ മാര്‍ബേസിലിലെ ഗുജറാത്തുകാരന്‍ നരേശ് കൃപാല്‍ യാദവ്  61.66 മീറ്റര്‍ ദൂരം എറിഞ്ഞാണ് തകര്‍ത്തത്. മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ ജിബിന്‍ തോമസ് (57.44 മീറ്റര്‍), കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്എസിലെ അഖില്‍ ശശി (53.01), കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ വിഘ്നേഷ് ആര്‍ നമ്പ്യാര്‍ (51.41 മീറ്റര്‍) എന്നിവരും പഴയദൂരം മറികടന്നു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പിലും രണ്ടുപേര്‍ പഴയദൂരം നിഷ്പ്രഭമാക്കി. മണീട് ജിവിഎച്ച്എസ്എസിലെ കെ എം ശ്രീകാന്തിനൊപ്പം (7.05 മീറ്റര്‍) കുറുമ്പനാടം സെന്റ്പീറ്റേഴ്സ് സ്കൂളിലെ ആകാശ് എം വര്‍ഗീസും (7.03 മീറ്റര്‍) പഴയ റെക്കോഡ് പഴങ്കഥയാക്കി.

ഓവറോള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ എറണാകുളവും (50) പാലക്കാടും (32) കുതിപ്പുതുടങ്ങി. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിന് 23 പോയിന്റുണ്ട്. രണ്ടാംപടിയില്‍ പാലക്കാട് പറളി സ്കൂളിന് 17 പോയിന്റും.

കായികോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച പുതിയ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയവും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.

Categories