21 January Monday

ഇന്ത്യൻ സൂപ്പർ ബംഗളൂരു

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018

ഭുവനേശ്വർ > ഐഎസ്എൽ ഫൈനലിൽ പിഴച്ചത് സൂപ്പർകപ്പിൽ  ബംഗളൂരു എഫ്സി തിരുത്തി. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളിന് തകർത്ത് ബംഗളൂരു പ്രഥമ ഇന്ത്യൻ സൂപ്പർ കപ്പിന്റെ അവകാശികളായി. 

സെമിയിൽ മോഹൻ ബഗാനോട് ഒരു ഗോളിന് പിറകിലായശേഷം തിരിച്ചടിച്ചപോലെ കലാശക്കളിയിലും ബംഗളൂരു തിളങ്ങി. അൻസുമാന ക്രോമയുടെ തകർപ്പൻ ഓവർഹെഡ്കിക്ക് ഗോളിൽ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെ എണ്ണംപറഞ്ഞ് നാലെണ്ണം മടക്കി നൽകി ബംഗളൂരു. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇരട്ടഗോളും രാഹുൽ ഭേകെയും മികുവും ഓരോ ഗോളും ബംഗളൂരുവിന്റെ പട്ടികയിൽ ചേർത്തു.

നിലവിൽവന്ന് അഞ്ചാമത്തെ സീസണിൽ അഞ്ചാമത്തെ കിരീടമാണ് ബംഗളൂരുവിനിത്. രണ്ടുവീതം ഐ ലീഗ് കിരീടവും ഫെഡറേഷൻ കപ്പും ഇപ്പോൾ പ്രഥമ സൂപ്പർകപ്പ് കിരീടവും.

കലാശപ്പോരിനിറങ്ങുമ്പോൾ ബംഗളൂരുവിന് അമിത സമ്മർദം ഉണ്ടായിരുന്നു. ആഴ്ചകളുടെ ഇടവേളയിൽ രണ്ടാം ഫൈനൽ. കിരീടമുറപ്പിച്ച പോരാട്ടങ്ങൾക്കുശേഷം ഐഎസ്എൽ ഫൈനലിൽ ചീട്ടുകൊട്ടാരംപോലെ തകർന്നു. ഇക്കുറിയും അതുണ്ടാകുമെന്ന കരുതൽ ബംഗളൂരുവിന്റെ നീക്കങ്ങളിൽ കണ്ടു. ഗോളടിക്കാൻ തിരക്കില്ലാതെ പന്തുതട്ടി നീങ്ങുകയായിരുന്നു തന്ത്രം. അവസരം വരുംവരെ ഈസ്റ്റ് ബംഗാളിന്റെ ആക്രമണക്കളിയെ പ്രതിരോധിക്കാമെന്നും ബംഗളൂരു കണക്കുകൂട്ടി.

പക്ഷേ, പ്രതിരോധത്തിനും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനും അസാധാരണമായി പിഴച്ച് പന്ത് ബോക്സിൽ ഉയർന്നുതെറിച്ചപ്പോൾ ക്രോമയുടെ മഴവിൽകിക്ക് വലയിൽ വളഞ്ഞിറങ്ങി. ഈസ്റ്റ് ബംഗാൾ ഒരുവേള വിജയം സ്വപ്നംകണ്ടു. എന്നാൽ തിരിച്ചടിക്കാൻ കരുത്തുണ്ടായിരുന്നു ബംഗളൂരുവിന്റെ പക്കൽ. രാഹുൽ ഭേക്കെയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ അവർ ഗോൾ മടക്കി.

ഒരേയൊരു നിമിഷത്തെ അനാവശ്യമായ ഫൗളിലൂടെ ഈസ്റ്റ്ബംഗാൾ പ്രതിരോധക്കാരൻ സമദ് അലി മല്ലിക് നേരിട്ട് ചുവപ്പുവാങ്ങി പുറത്തായതോടെ കളി ബംഗളൂരുവിന്റേതായി. 10 പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാൾ തളർന്നു.

ഇടവേളയ്ക്കുശേഷം ബോക്സിൽവച്ച് പന്തുതൊട്ട് ഗുർവിന്ദർ സിങ് ബംഗളൂരുവിന് പെനൽറ്റി സമ്മാനിച്ചു. ഛേത്രി കിക്കെടുത്തു, ഗോൾ, ബംഗളൂരു മുന്നിൽ. പിന്നാലെ വിക്ടർ പെരെസിന്റെ പാസിൽ മികുവിന്റെ സുന്ദരമായ ഫിനിഷിങ്. ഗോളിന് പുറംതിരിഞ്ഞുനിന്ന് പന്തുവാങ്ങി ഒരു ഞൊടിയിൽ തിരിഞ്ഞ് ഒന്നു തട്ടിനീക്കി, അടിപായിച്ചു.

ഈസ്റ്റ് ബംഗാൾ അവസാനിച്ചു. പക്ഷേ ബംഗളൂരു അവസാനിപ്പിച്ചിരുന്നില്ല. തളർന്നുപോയ കൊൽക്കത്തക്കാരുടെ പെട്ടിയിൽ ഛേത്രിയുടെ ഗോൾ അവസാന ആണിയായി.  രാഹുൽ ഭേകെ പന്തെത്തിച്ചുനൽകി. ലാൽറാം ചുള്ളോവയുടെ മുകളിൽ ഉയർന്നുചാടി ഛേത്രി തലകൊണ്ട് കുത്തിയിടുകയായിരുന്നു.

നേരത്തെതന്നെ മോശം റഫറിയിങ്ങിൽ നിറംകെട്ട ടൂർണമെന്റിന് ഫൈനലിലും കുറവുണ്ടായില്ല. ഏഴാം മിനിറ്റിൽ പ്രത്യാക്രമണത്തിൽ പന്തുമായി മുന്നേറിയ ക്രോമയെ ബോക്സിനുപുറത്തുവച്ച് ബംഗളൂരു ഗോളി ചവിട്ടിയിട്ടപ്പോൾ ശിക്ഷ മഞ്ഞക്കാർഡിലൊതുക്കി റഫറി. ഉറപ്പിച്ച ഗോളായിരുന്നു അത്.  സന്ധുവിന് ഉറപ്പിച്ച ചുവപ്പും. റഫറിയുടെ പിഴവ് ബംഗളൂരുവിന് അനുഗ്രഹമായി മാറി.

തുടർച്ചയായ രണ്ടാം മത്സരത്തിലും 10 പേരായി ചുരുങ്ങാതെ അവർ കിരീടത്തിലേക്ക് മാർച്ച് ചെയ്തു. സുഭാശിഷ് ബോസിന്റെ മുഖത്തടിച്ചതിന് സമദ് പുറത്തായപ്പോൾ ഈസ്റ്റ് ബംഗാൾ 10 പേരായി ചുരുങ്ങുകയും ചെയ്തു.

പ്രധാന വാർത്തകൾ
Top