Top
20
Sunday, August 2017
About UsE-Paper

മെസ്സിക്ക് ഡബിള്‍, ബാഴ്സയ്ക്ക് ജയം

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
വലന്‍സിയക്കെതിരെ ലയണല്‍ മെസ്സി ബാഴ്സലോണയുടെ രണ്ടാം ഗോള്‍ നേടുന്നു

മാഡ്രിഡ് > ലയണല്‍ മെസ്സിയുടെ ഇരട്ടഗോളിന് വലന്‍സിയയെ രണ്ടിനെതിരെ നാലുഗോളിന് തകര്‍ത്ത് ബാഴ്സലോണ സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം സജീവമാക്കി. ജയത്തോടെ ലീഗ് പട്ടികയില്‍ മുമ്പന്മാരായ റയല്‍ മാഡ്രിഡിന് തൊട്ടുപിറകിലെത്തി നിലവിലെ ചാമ്പ്യന്‍മാര്‍. 28 കളിയില്‍ 63 പോയിന്റായി ബാഴ്സയ്ക്ക്. ഒരു കളി കുറച്ചുകളിച്ച റയല്‍ മാഡ്രിഡിന് 65 പോയിന്റാണ്. മറ്റൊരു കളിയില്‍ മൂന്നാംപടിക്കാരായ സെവിയ്യയെ ഞെട്ടിച്ച് അത്ലറ്റികോ മാഡ്രിഡും ജയംകുറിച്ചു. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു അത്ലറ്റികോയുടെ ജയം. സെവിയ്യക്ക് 57ഉം അത്ലറ്റികോയ്ക്ക് 55ഉം പോയിന്റുണ്ട്. 

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ 6-1ന് തകര്‍ത്തശേഷംസ്വന്തം തട്ടകത്തിലെ ആദ്യമത്സരമായിരുന്നു ബാഴ്സലോണയുടെത്. എന്നാല്‍ അന്നത്തെ കളിയുടെ മികവ് പുറത്തെടുക്കാന്‍ ബാഴ്സയ്ക്കായില്ല. ആദ്യപകുതിയില്‍ പ്രതിരോധപ്പിഴവ് മുഴച്ചുനിന്നപ്പോള്‍ രണ്ടുഗോള്‍ വഴങ്ങി ചാമ്പ്യന്‍മാര്‍. എന്നാല്‍ ഇടവേള കഴിഞ്ഞുള്ള കളിയില്‍ മെസ്സിയുടെ മിടുക്ക് ബാഴ്സയെ രക്ഷിച്ചു. ഇരുപകുതികളിലുമായി മെസ്സി ഇരട്ടഗോള്‍ നേടി. ലൂയിസ് സുവാരസും ആന്ദ്രെ ഗോമെസും ബാഴ്സയുടെ ഇതരഗോള്‍ നേടി. എലിയാക്വിം മംഗാലയും മുനിര്‍ എല്‍ ഹദാദിയുമാണ് വലന്‍സിയയുടെ ഗോളുകള്‍ നേടിയത്.

സീസണില്‍ മുഴുവന്‍ തലവേദനയായ പ്രതിരോധം പിഴച്ചപ്പോള്‍ 29-ാം മിനിറ്റില്‍ ബാഴ്സലോണ പിറകിലായി. മംഗാലയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റെഗനെ കീഴടക്കി. എന്നാല്‍ സുവാരസിന്റെ മറുപടി ഗോള്‍ ബാഴ്സയെ ഒപ്പമെത്തിച്ചു. ആദ്യപകുതിയുടെ അവസാനനിമിഷം ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ആതിഥേയര്‍ക്ക് ലീഡ് നല്‍കി. എന്നാല്‍ പരിക്കുസമയത്ത് ബാഴ്സയില്‍നിന്ന് വായ്പയില്‍ വലന്‍സിയയില്‍ എത്തിയ എല്‍ ഹദാദി ഗോള്‍ മടക്കി.

ഇടവേള കഴിഞ്ഞ് ബാഴ്സ കളി നിയന്ത്രിച്ചു. ഏഴുമിനിറ്റില്‍ മെസ്സിയിലൂടെ മുന്നിലെത്തുകയും ചെയ്തു. മുന്‍ വലന്‍സിയതാരം ആന്ദ്രെ ഗോമസ് ബാഴ്സയിലെ ആദ്യഗോള്‍ നേടിയതോടെ ജയം പൂര്‍ണമായി. ക്യാപ്റ്റന്‍ ദ്യേഗോ ഗോഡിനും സൂപ്പര്‍ താരം ഒണ്‍ട്വാന്‍ ഗ്രീസ്മാനും കൊകെയും നേടിയ ഗോളുകള്‍ക്കാണ് സെവിയ്യയുടെ കിരീടപ്രതീക്ഷകള്‍ അത്ലറ്റികോ മാഡ്രിഡ് അവസാനിപ്പിച്ചത്. ജൊവാക്വിന്‍ കൊറിയ സെവിയ്യയുടെ ഏക ഗോള്‍ മടക്കി.

Categories