16 October Tuesday

നാലാംനാള്‍ 9 സ്വര്‍ണം കേരളം കുതിച്ചു

ഇ സുദേഷ്Updated: Monday Nov 20, 2017

ആണ്‍കുട്ടികളുടെ അണ്ടര്‍ 20 ലോങ്ജമ്പില്‍ കേരളത്തിന്റെ എം ശ്രീശങ്കര്‍ റെക്കോഡോടെ സ്വര്‍ണം നേടുന്നു ഫോട്ടോ > ജഗത് ലാല്‍


വിജയവാഡ > ഓടിയും ചാടിയും കുതിച്ച കേരളം ഒറ്റനാള്‍ ഒമ്പതു സ്വര്‍ണം നേടിയപ്പോള്‍ കിരീടപ്പോരാട്ടത്തില്‍ മലയാളിപ്പടയും ഹരിയാനയും നേര്‍ക്കുനേര്‍. ട്രാക്കിലും പിറ്റിലുമായി ഒമ്പതു സ്വര്‍ണം കൊയ്ത കേരളം മീറ്റിലെ നിര്‍ണായക നാള്‍ സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തു. ഞായറാഴ്ച മെഡല്‍ പട്ടികയിലേക്ക് നാലു വെള്ളിയും മൂന്നു വെങ്കലവുംകൂടി നിലവിലെ ജേതാക്കള്‍ ചേര്‍ത്തു. കഴിഞ്ഞദിവസങ്ങളില്‍ കുതിച്ചുപാഞ്ഞ ഹരിയാന ത്രോ ഇനങ്ങള്‍ കുറഞ്ഞതോടെ മങ്ങി. എങ്കിലും 328 പോയിന്റുമായി ഹരിയാന തന്നെയാണ് മുന്നില്‍. 23 സ്വര്‍ണവും 14 വെള്ളിയും 10 വെങ്കലവുമാണ് ഉത്തരേന്ത്യന്‍ കരുത്തരുടെ സമ്പാദ്യം. 298 പോയിന്റാണ് കേരളത്തിന്. സ്വര്‍ണനേട്ടം 19 ആയി. 13 വീതം വെള്ളിയും വെങ്കലവുമുണ്ട്. ആദ്യ മൂന്നുനാള്‍ കിരീടപ്പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന ഉത്തര്‍പ്രദേശ് 247 പോയിന്റില്‍ ഒതുങ്ങി. ട്രാക്കില്‍ 200, 800 മീറ്റര്‍ ഫൈനലുകള്‍ നടക്കുന്ന അവസാനനാള്‍ കേരളം കുടുതല്‍ മെഡല്‍നേട്ടത്തോടെ ജേതാക്കളാകും എന്നാണ് പ്രതീക്ഷ.

അവധിദിനത്തില്‍ ട്രാക്കിലും പിറ്റിലും കേരളം നിറഞ്ഞാടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മൂന്നു സ്വര്‍ണവും 400 മീറ്റര്‍ റിലേയില്‍ രണ്ടു സ്വര്‍ണവും സ്പ്രിന്റ് മെഡ്ലേ റിലേ, ഹൈജമ്പ്, ലോങ്ജമ്പ്, പോള്‍വോള്‍ട്ട്, ട്രിപ്പിള്‍ജമ്പ് ഇനങ്ങളില്‍ ഓരോ സ്വര്‍ണവുംഞായറാഴ്ച  കേരളം സ്വന്തമാക്കി.

കുത്തക ഇനമായ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ മെഡല്‍ കൊയ്ത്തായിരുന്നു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനന്തു വിജയന്‍ സ്വര്‍ണം നേടി. (53:33). പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ അനന്തു അനീഷ് തോമസിനു കീഴിലാണ് പരിശീലനം നടത്തുന്നത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിനാണ്. പാലക്കാട് എലപ്പുള്ളി സ്വദേശി വിഷ്ണുപ്രിയ സ്വര്‍ണം (1:02:47) നേടി. മുന്‍ ഹര്‍ഡില്‍സ് താരം സി ഹരിദാസിന്റെ ശിഷ്യയാണ്. പാലക്കാട് മോയന്‍സ് എച്ച്എസ്്എസില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥി. തിരുവനന്തപുരം സായിയില്‍ പരിശീലിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി കെ എം നിബയ്ക്കാണ് വെള്ളി. എം എ ജോര്‍ജിന്റെ ശിഷ്യയാണ്.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും കേരളത്തിന് സ്വര്‍ണവും വെള്ളിയുമുണ്ട്. തിരുവനന്തപുരം നിറമണ്‍കര സ്വദേശി പി ഒ സയനയ്ക്കാണ് സ്വര്‍ണം (1:01:13). കൊല്ലം സായിയില്‍ അവിനാഷ്കുമാറിനു കീഴില്‍ പരിശീലിക്കുന്നു. കൊല്ലം സായിയില്‍തന്നെ പരിശീലിക്കുന്ന അഭിഗേല്‍ ആരോഗ്യനാഥനാണ് വെള്ളി.
അണ്ടര്‍ 20 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-100 റിലേയില്‍ കേരളത്തിനാണ് സവര്‍ണം. കേരള ടീം നായകന്‍ സചിന്‍ ബിനു നയിച്ച ആണ്‍കുട്ടികളുടെ ടീം എതിരാളികളെ ഏറെ പിന്നിലാക്കി അനായാസം (41:55) ഒന്നാമതെത്തി. നിബിന്‍ ബൈജു, അതുല്‍ സേനന്‍, മുഹമ്മദ് തന്‍വീര്‍ എന്നിവരാണ് റിലേ ടീമിലെ മറ്റംഗങ്ങള്‍. പെണ്‍കുട്ടികളുടെ ടീം കടുത്തപോരാട്ടത്തില്‍ തമിഴ്നാടിനെ പിന്നിലാക്കി സ്വര്‍ണമണിഞ്ഞു (47:72). അനുപമ ബിജു, അഖിന ബാബു, പി ഒ സയന, അഞ്ജലി ജോണ്‍സണ്‍ എന്നിവരായിരുന്നു ഓടിയത്.

പെണ്‍കുട്ടികളുടെ സ്പ്രിന്റ് മെഡ്ലെ റിലേയിലായിരുന്നു അണ്ടര്‍ 16 വിഭാഗത്തിലെ ഈ ദിവസത്തെ കേരളത്തിന്റെ ഏകസ്വര്‍ണം. അനു ജോസഫ്, ഗ്രേസ് മരിയ വില്‍സന്‍, എ എസ് സാന്ദ്ര, പ്രിസ്കില എന്നിവരടങ്ങുന്നതായിരുന്നു ടീം. സ്പ്രിന്റ് മെഡ്ലെ റിലേയില്‍ രണ്ടു വെങ്കലവും കേരളം നേടി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഭിനവ്, ആന്‍സ്റ്റിന്‍ ജോസഫ്, അനന്തു വിജയന്‍, മുഹമ്മദ് മുര്‍ഷിദ് ടീമും അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ്, ആന്‍സി സോജന്‍, ടി ജെ ജംഷില, ജി രേഷ്മ ടീമുമാണ് വെങ്കലം  നേടിയത്.

ആണ്‍കുട്ടികളുടെ അണ്ടര്‍ 20 ലോങ്ജമ്പില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ എം ശ്രീശങ്കറാണ് അവധിദിനത്തില്‍ മിന്നുന്നപ്രകടനം കാഴ്ചവച്ചത്. ആദ്യശ്രമത്തില്‍ത്തന്നെ അങ്കിത് ശര്‍മയുടെ റെക്കോഡ് (7.57) തിരുത്തി ശ്രീശങ്കര്‍ 7.72 മീറ്ററിലേക്ക് പറന്നുചാടി. മലപ്പുറം തവനൂര്‍ സ്വദേശി മുഹമ്മദ് സാലിഹിനാണ് ഈയിനത്തില്‍ വെള്ളി (7.56 മീറ്റര്‍).

അണ്ടര്‍ 18 ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത്ത് കരോളിന്‍ 12.35 മീറ്റര്‍ മറികടന്ന് സ്വര്‍ണമണിഞ്ഞു. രണ്ടാമത്തെ ചാട്ടത്തിലാണ് ലിസ്ബത്ത് ഈ ദൂരം താണ്ടിയത്. ഹൈജമ്പില്‍നിന്ന് ട്രിപ്പിളിലേക്കു മാറിയ ഈ പ്ളസ്ടു വിദ്യാര്‍ഥിനി പുല്ലൂരാമ്പാറയില്‍ ടോമി ചെറിയാനു കീഴിലാണ് പരിശീലിക്കുന്നത്.

പാലാ ജമ്പ്സ് അക്കാദമിയുടെ കരുത്തില്‍ പോള്‍വോള്‍ട്ടിലെ കേരളത്തിന്റെ മൂന്നാംസ്വര്‍ണം കെ ജി ജെസനിലൂടെ സ്വന്തമായി. 4.70 മീറ്റര്‍ ഉയര്‍ന്നുചാടി ആലപ്പുഴ ചേര്‍ത്തല സ്വദേശി പൊന്നണിഞ്ഞു. കല്ലടി എംഇഎസ് കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹെപ്റ്റാത്ലണില്‍ ആതിര മോഹന്‍ വെള്ളിനേടി.

 

പ്രധാന വാർത്തകൾ
Top