22 September Saturday

കോഹ്ലിക്ക് സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ ലീഡ്

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


ട്രെന്റ് ബ്രിഡ്ജ്
വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാംടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡ് നേടി. മൂന്നാംദിനം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ അഞ്ച്‌ വിക്കറ്റ് നഷ്ടത്തിൽ 318 റൺ നേടി. 486 റണ്ണാണ്‌ ലീഡ്‌. കോഹ്ലി 103 റണ്ണെടുത്തു. ഒന്നാം ഇന്നിങ്സിൽ 97 റണ്ണാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. സ്കോർ: ഇന്ത്യ 329,  5‐313; ഇംഗ്ലണ്ട് 161.

ആദ്യ രണ്ട് ടെസ്റ്റിലും തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ്നിര ട്രെന്റ്  ബ്രിഡ്ജിൽ പൂർണപ്രഭാവം ചൊരിഞ്ഞു. രണ്ടാം ഇന്നിങ്സിലും മുൻനിരക്കാർ റൺ കണ്ടെത്തി. മൂന്നാംദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ  124 റണ്ണെന്ന നിലയിൽ കളിയാരംഭിച്ച ഇന്ത്യ മൂന്നാംദിനവും ഇംഗ്ലീഷ് ബൗളർമാരെ ശിക്ഷിച്ചു. കോഹ്ലിയും ചേതേശ്വർ പൂജാരയും ഒരു പഴുതുംനൽകിയില്ല. പതുക്കെയാണ് ഇരുവരും റൺനേടിയത്. കൂറ്റൻ ലീഡ് നേടി നില ഭദ്രമാക്കുകയായിരുന്നു ലക്ഷ്യം. 113 റണ്ണാണ് മൂന്നാംവിക്കറ്റിൽ കോഹ്ലിയും പൂജാരയും നേടിയത്.

ബെൻ സ്റ്റോക്സാണ് ഈ സഖ്യത്തെ വേർപെടുത്തിയത്. 72 റണ്ണെടുത്ത പൂജാരയെ മികച്ചൊരു പന്തിൽ അലസ്റ്റയർ കുക്കിന്റെ കൈകളിലെത്തിച്ചു. ഇംഗ്ലണ്ട് മണ്ണിൽ മോശം പ്രകടനത്തിന്റെ റെക്കോഡുള്ള പൂജാര ട്രെന്റ് ബ്രിഡ്ജിൽ നല്ല പ്രകടനം കാഴ്ചവച്ചു. ഒമ്പത് ബൗണ്ടറികളായിരുന്നു പൂജാരയുടെ ഇന്നിങ്സിൽ.

തുടർന്നെത്തിയ അജിൻക്യ രഹാനെ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. ഒന്നാം ഇന്നിങ്സിൽ മൂന്ന് റണ്ണകലെ സെഞ്ചുറി നഷ്ടമായ കോഹ്ലി ഇക്കുറി പിഴവ് ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചു. എന്നാൽ സ്കോർ 90 കഴിഞ്ഞപ്പോൾ രണ്ടുതവണ കോഹ്ലിയെ ഭാഗ്യം തുണച്ചു.  ജയിംസ് ആൻഡേഴ്സൻ എറിഞ്ഞ പന്ത് കോഹ്ലിയുടെ ബാറ്റിനരിക് തൊട്ട് കീറ്റൻ ജെനിങ്സിന്റെ കൈകൾക്കിടയിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞു. പിന്നാലെ മറ്റൊന്ന് കുക്കിന്റെ തൊട്ടുമുന്നിൽ വീണു. എന്നാൽ ക്രിസ് വോക്സിന്റെ ഓവറിൽ ബൗണ്ടറി പായിച്ച് കോഹ്ലി മൂന്നക്കം കണ്ടു. ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റന്റെ 23‐ാം സെഞ്ചുറി. 10 ബൗണ്ടറികളായിരുന്നു ആ ഇന്നിങ്സിൽ. സെഞ്ചുറി തികച്ച ഉടൻതന്നെ വോക്സിന്റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി കോഹ്ലി പുറത്തായി. സ്ഥാനക്കയറ്റം കിട്ടിയ ഋഷഭ് പന്തിനെ (1) ആൻഡേഴ്സണും മടക്കി. രഹാനെ (28), പാണ്ഡ്യ (25) എന്നിവരാണ്‌ ക്രീസിൽ.

പ്രധാന വാർത്തകൾ
Top