20 November Tuesday

കെയ്‌നിന്റെ ബൂട്ടിൽ ഇംഗ്ലണ്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


മോസ്‌കോ
ക്യാപ്റ്റൻ ഹാരി കെയ്‌നിനും ഇംഗ്ലണ്ടിനും മികച്ച തുടക്കം. ടുണീഷ്യക്കെതിരെ 2‐1 വിജയം. പുതുമുഖ ടീമിനെ അവതരിപ്പിച്ച കോച്ച് ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ തീരുമാനം ഫലംകണ്ടു. തിരമാലപോലെ ഇരമ്പിയാർത്ത ഇംഗ്ലീഷ് മുന്നേറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് അവസാന നിമിഷംവരെ ചെറുക്കാനായതിൽ ആഫ്രിക്കൻ പോരാളികൾക്ക് ആശ്വസിക്കാം.   പതിനൊന്നാം മിനിറ്റിൽ ഗോളടിച്ച് ഇംഗ്ലണ്ട് വ്യക്തമായ സൂചന നൽകി. ആഷ്‌ലി യങ്ങെടുത്ത കോർണർ കിക്. ജോൺസ് സ്‌റ്റോൺസ് തലവച്ചെങ്കിലും ടുണീഷ്യൻ ഗോളി തട്ടിയകറ്റി. കാത്തുനിന്ന ഹാരികെയ്ൻ അനായാസം പന്ത് വലയിലേക്ക് തട്ടിട്ടിയിട്ടു.  ലീഡ് ഉയർത്താൻ ഇംഗ്ലണ്ടും സമനിലയ്ക്കായി ടുണീഷ്യയും കളംനിറഞ്ഞതോടെ കളിക്ക് വേഗംകൂടി. 

35‐ാം മിനിറ്റിൽ ടുണീഷ്യയുടെ സമനിലഗോൾ പിറന്നു. ബെൽ യൂസഫിനെ ബോക്‌സിൽ വീഴ്ത്തിയതിന് കൈൽ വാൾകർ വലിയ വില കൊടുക്കേണ്ടിവന്നു. ഇംഗ്ലീഷുകാരുടെ പ്രതിഷേധത്തിനിടയിലും റഫറി പെനൽറ്റിക്ക് വിസിലൂതി. ഫെർജാനി സാസി പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചു.

 രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടി. പലതവണ ഇംഗ്ലണ്ട് ഗോളിനടുത്തെത്തി. എന്നാൽ സമർഥമായ പ്രതിരോധപൂട്ടൊരുക്കി ആഫ്രിക്കക്കാർ ചെറുത്തുനിന്നു. കളി സമനിലയിലേക്ക് നീങ്ങവേ ഇംഗ്ലണ്ടിന്റെ വിജയഗോൾ വന്നു. പരിക്കുസമയത്തായിരുന്നു ഗോൾ. ആഷ്‌ലി യങിന്റെ കോർണർകിക് നേരെവന്നത് ഹാരി മഗ്വെയ്‌റിന്റെ തലയിലേക്കായിരുന്നു. ബോക്‌സിൽ തലകൊണ്ടൊരു പന്ത് കൈമാറ്റം. ആരാലും ശ്രദ്ധിക്കപ്പെടാതെനിന്ന ഹാരി കെയ്ൻ തല ഒരുവശത്തേക്ക് അൽപ്പം ചെരിച്ച് പന്തിനെ വലയിലേക്ക് യാത്രയാക്കിയപ്പോൾ ഗോളിക്ക് ഒന്നും ചെയ്യാനായില്ല. ഇംഗ്ലീഷ് വിജയാഹ്ലാദത്തിനൊപ്പം ഫൈനൽവിസിലായി.
 

പ്രധാന വാർത്തകൾ
Top