16 October Tuesday

ക്വാർട്ടർ കടക്കുമോ ആഫ്രിക്ക?

വെബ് ഡെസ്‌ക്‌Updated: Sunday May 20, 2018

 

ആഫ്രിക്കയ്ക്ക് ഇത് പ്രതീക്ഷകളുടെ ലോകകപ്പാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിരയുമായാണ് ആഫ്രിക്കൻ രാജ്യങ്ങൾ റഷ്യയിലെത്തുന്നത്. ഇക്കുറി അത്ഭുതം കാട്ടുമെന്ന് ആഫ്രിക്ക പ്രതീക്ഷിക്കുന്നു.  ക്വാർട്ടർ കടക്കുകയാണ്‌ ആദ്യലക്ഷ്യം.  ഈജിപ്ത്, ടുണീഷ്യ, മൊറാക്കോ, നൈജീരിയ, സെനെഗൽ ടീമുകളാണ് ആഫ്രിക്കൻസംഘത്തിൽ. മുഹമ്മദ് സലായും സാദിയോ മാനെയും അരങ്ങേറ്റം കുറിക്കുന്നു. ജോർജ് വിയയും ജെജെ ഒക്കോച്ചയും ദിദിയർ ദ്രോഗ്ബയും നയിച്ച വഴികളിൽ വിസ്മയംകാട്ടാനാണ് ഒരുക്കം.

സലായുടെ ചിറകിലെത്തിയ ഈജിപ്താണ് കൂട്ടത്തിൽ ശ്രദ്ധേയർ. യോഗ്യതാമത്സരത്തിൽ അഞ്ച് ഗോളാണ് സലാ നേടിയത്. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഈ സീസൺ സലായുടെ പേരിലാണ്. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽവരെ എത്തിച്ച മിടുക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാംസ്ഥാനം നൽകി. പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 34 ഗോളാണ് ഈ സീസണിൽ സലാ പ്രീമിയർ ലീഗിൽ അടിച്ചുകൂട്ടിയത്. ഗ്രൂപ്പ് എയിൽ ആതിഥേയരായ റഷ്യ, സൗദി അറേബ്യ, ഉറുഗ്വേ ടീമുകൾക്കൊപ്പമാണ് ഈജിപ്ത്. നോക്കൗട്ട് പ്രതീക്ഷിക്കുന്നു.

ലിവർപൂളിൽ സലായുടെ കൂട്ടുകാരനാണ് മാനെ. ഈ സീസണിൽ ലിവർപൂളിന്റെ വിസ്മയക്കുതിപ്പിന് ഊർജംപകർന്ന മറ്റൊരു ആഫ്രിക്കൻതാരം. സെനെഗലിന്റെ പ്രതീക്ഷകൾ മുഴുവൻ മാനെയിലാണ്. ഗ്രൂപ്പ് എച്ചിൽ പോളണ്ട്, കൊളംബിയ, ജപ്പാൻ ടീമുകൾക്കൊപ്പമാണ് സെനെഗൽ. നൈജീരിയ, ടുണീഷ്യ, മൊറാക്കോ ടീമുകളും പ്രതീക്ഷയിലാണ്. ആഫ്രിക്കയിൽനിന്ന് ആദ്യമായി സെമിയിൽ കടക്കാനുള്ള ഒരുക്കത്തിലാണ് ഈ സംഘങ്ങൾ.

ബ്രസീൽ ലോകകപ്പിൽ ആഫ്രിക്കയ്ക്ക് വിവാദങ്ങളായിരുന്നു കൂട്ട്. കാമറൂൺ, നൈജീരിയ ടീമുകൾ ശമ്പളക്കാര്യത്തിൽ അതതു ഫെഡറേഷനുകളുമായി കൊമ്പുകോർത്തു. ഒപ്പം ഒത്തുകളി വിവാദങ്ങളും ഉണ്ടായി. അച്ചടക്കരാഹിത്യവും മങ്ങലേൽപ്പിച്ചു. ഇക്കുറിയും പണം ഒരു ഘടകമാണ്. നൈജീരിയയും സെനെഗലും പ്രശ്നത്തിലായിരുന്നു. എങ്കിലും ആദ്യമായി സെമിയിലെത്താനുള്ള ഒരുക്കത്തിലാണ് ആഫ്രിക്കൻ സംഘങ്ങൾ. ലോകകപ്പിൽ ക്വാർട്ടറിന് അപ്പുറം മുന്നേറാൻ ആഫ്രിക്കൻ ടീമുകൾക്ക് കഴിഞ്ഞിട്ടില്ല.

പ്രധാന വാർത്തകൾ
Top