Top
24
Saturday, June 2017
About UsE-Paper

അത്ഭുതങ്ങള്‍ അവസാനിക്കില്ല, മൊണാകോയില്‍

Saturday May 20, 2017
വെബ് ഡെസ്‌ക്‌

പാരീസ് > യൂറോപ്പിലെ ഈ സീസണിലെ ഏറ്റവും മികച്ച ടീം  എന്ന വിശേഷണം മൊണാകോയ്ക്കാണ്. വമ്പന്‍ പേരുകള്‍കൊണ്ടല്ല മൊണാകോ തുടങ്ങിയത്. സീസണ്‍ അവസാനിക്കുമ്പോള്‍ പക്ഷേ, വമ്പന്‍ ക്ളബ്ബുകളെല്ലാം മൊണാകോയുടെ കളിക്കാര്‍ക്കു പിന്നാലെയാണ്. 17 വര്‍ഷത്തിനുശേഷം ഫ്രഞ്ച് ലീഗ് കിരീടം ആദ്യമായി അണിഞ്ഞ മൊണാകോ അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഉറപ്പിന്മേല്‍ ഈ സീസണ്‍ അവസാനിപ്പിക്കുന്നു.

യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും മികച്ച ആക്രമണനിരയാണ് മൊണാകോയുടേത്. 104 ഗോള്‍ ആകെ അടിച്ചുകൂട്ടി. ഫ്രഞ്ച് ലീഗില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതില്‍ രണ്ടാം സ്ഥാനം. ആകെ വഴങ്ങിയത് 29 ഗോള്‍. 26 എണ്ണം വഴങ്ങിയ പിഎസ്ജിയാണ് മൊണാകോയെക്കാള്‍ മികച്ച പ്രതിരോധം പുറത്തെടുത്തത്.  ഏറ്റവും കൂടുതല്‍ ജയം മൊണാകോയ്ക്കായിരുന്നു. ആകെ 28 ജയം. തോറ്റത് വെറും മൂന്നു കളിയില്‍. അഞ്ച് സമനില. സ്വന്തം തട്ടകത്തില്‍ ആകെ 16 ജയം നേടി. എതിര്‍തട്ടകത്തില്‍ 12ഉം. മുന്നില്‍ പിഎസ്ജി മാത്രം. കോച്ച് ലിയനാര്‍ഡോ യാര്‍ദിമിന്റെ തന്ത്രങ്ങളായിരുന്നു മൊണാകോയുടെ കുതിപ്പിനുപിന്നില്‍. പിഎസ്ജിയുടെ താരമികവില്ല മൊണാകോയ്ക്ക്. പക്ഷേ, കളിക്കാരെ കൃത്യമായ ഇടവേള നല്‍കി കളിപ്പിക്കാന്‍ യാര്‍ദിമിന് കഴിഞ്ഞു. ഫ്രഞ്ച് കിരീടത്തിനൊപ്പം ലീഗ് കപ്പിന്റെ ഫൈനലും ഫ്രഞ്ച് കപ്പ് സെമിയും ചാമ്പ്യന്‍സ് ലീഗ് സെമി പ്രവേശവും മൊണാകോയ്ക്ക് നേട്ടമാണ്.
അത്ര ആരാധകരില്ലാത്ത ടീമാണ് മൊണാകോ. കാണികളുടെ എണ്ണത്തില്‍ ഏറെ പിന്നില്‍. മൊണാകോയുടെ കളി കാണാനെത്തിയത് ശരാശരി 9342 കാണികള്‍ മാത്രമാണ്. മൂന്ന് ക്ളബ്ബുകള്‍ മാത്രമേ ഇക്കാര്യത്തില്‍ മൊണാകോയ്ക്ക് പിന്നിലുള്ളൂ.

കോച്ച് യാര്‍ദിമിന് അവകാശപ്പെട്ടതാണ് മൊണാകോയുടെ കുതിപ്പിനുള്ള കൈയടികള്‍. കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് ടീമിനെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു യാര്‍ദിം. പ്രധാന കളിക്കാര്‍ പലരും കൂടുമാറി. യാന്നിക് കറാസ്കോ, ആന്തണി മാര്‍ഷ്യല്‍, ജെയിംസ് റോഡ്രിഗസ് എന്നിവര്‍ ഈ കാലഘട്ടത്തിലാണ് ടീം വിട്ടത്. യാര്‍ദിം പുതുരക്തങ്ങളെ കൊണ്ടുവന്നു. ഫുള്‍ ബാക്കുകളെവച്ചുള്ള ആക്രമണശൈലി രൂപപ്പെടുത്തി. രണ്ട് സ്ട്രൈക്കര്‍മാര്‍ക്കൊപ്പം ചേരാന്‍ ഇരുവശങ്ങളിലും ഭാവനാസമ്പന്നരായ രണ്ട് കളിക്കാരെക്കൂടി കണ്ണിചേര്‍ത്തു. അസ്തമിക്കുകയായിരുന്ന റദമേല്‍ ഫല്‍കാവോയുടെ തിരിച്ചുവരവാണ് അതിന്റെ ഏറ്റവും വലിയ ഫലം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെയും ചെല്‍സിയിലെയും കറുത്ത ദിനങ്ങളില്‍നിന്ന് തിരിച്ചെത്തിയ ഫല്‍കാവോയെ ഒരിക്കല്‍ക്കൂടി യാര്‍ദിം മികച്ച സ്ട്രൈക്കറായി മാറ്റിയെടുത്തു. ഈ സീസണില്‍ 28 കളിയില്‍ 21 ഗോളടിച്ചു ഈ കൊളംബിയക്കാരന്‍. ക്യാപ്റ്റനും ഫല്‍കാവോയാണ്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഗോള്‍ ഫല്‍കാവോയുടെ ആത്മവിശ്വാസം തെളിയിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 10 കളിയില്‍ ഏഴ് ഗോള്‍ നേടി ഫല്‍കാവോ.

ബെര്‍ണാഡോ സില്‍വയെന്ന ഭാവനാസമ്പന്നനായ കളിക്കാരനെ വാര്‍ത്തെടുത്തതും യാര്‍ദിമാണ്. ഇടങ്കാലില്‍ മായാജാലം കാട്ടുന്ന സില്‍വ ഇക്കുറി തകര്‍പ്പന്‍ കളിയായിരുന്നു. ഏറ്റവുമൊടുവില്‍ കിലിയന്‍ എംബാപ്പെയെന്ന കൌമാരതാരത്തിന്റെ കുതിപ്പ്. ഡിസംബറില്‍ 18 തികഞ്ഞ ഈ ഫ്രഞ്ചുകാരന്‍ ഭാവിയിലേക്കുള്ള ഏറ്റവും വലിയ കരുതിവയ്പാണ്. ഗോളടി മാത്രമല്ല എംബാപ്പെ. അവസരമൊരുക്കല്‍, വേഗം, സാങ്കേതിക തികവ്, തന്ത്രങ്ങള്‍, ശാരീരികക്ഷമത എന്നിവയിലെല്ലാം എംബാപ്പെ അതിശയപ്പെടുത്തി.

തോമസ് ലെമര്‍, ദിബ്രല്‍ സിദിബെ, ബെഞ്ചമിന്‍ മെന്‍ഡി, ഫാബിന്യോ, കാമില്‍ ഗ്ളിക്, തിയെമൂ ബാകായോകൊ എന്നിവരും ഈ സീസണില്‍ മൊണാകോയുടെ കുതിപ്പിന് ഊര്‍ജംപകര്‍ന്നതാണ്. 2000നുശേഷമുള്ള കിരീടനേട്ടം സമ്മാനിച്ച ഈ സംഘമാണ് മൊണാകോയുടെ എക്കാലത്തെയും സുവര്‍ണനിര.

പലരും ക്ളബ് വിടുകയാണ്. എംബാപ്പെ, സില്‍വ, ഫാബിന്യോ, ബാകായോകൊ എന്നിവര്‍ അടുത്ത സീസണില്‍ മൊണാകോ നിരയിലുണ്ടാകില്ല. പക്ഷേ, മൊണാകോ തളരില്ല. അത്ഭുതങ്ങള്‍ അടുത്ത സീസണിലും തുടരുമെന്ന് യാര്‍ദിമിന്റെ ഉറപ്പ്.

Categories