Top
27
Saturday, May 2017
About UsE-Paper

കെയ്ന്‍ അടിച്ചുകൂട്ടി ടോട്ടനത്തിന് മിന്നുന്ന ജയം

Saturday May 20, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍ > നാലുതവണ ലക്ഷ്യം കണ്ട ഹാരി കെയ്നിന്റെ മിന്നുന്ന പ്രകടനത്തില്‍ ടോട്ടനം പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ 6-1ന് തകര്‍ത്തു. ടോട്ടനത്തിന് കിരീടത്തിലേക്കുള്ള പ്രവേശം കഴിഞ്ഞാഴ്ചതന്നെ ചെല്‍സി അടച്ചെങ്കിലും ആവേശം ഒട്ടും കുറയാതെയാണ് അവര്‍ ലെസ്റ്ററിനെതിരെ പന്തു തട്ടിയത്.

ലീഗില്‍ ടോട്ടനത്തിന്റെ 25-ാം ജയമാണിത്. കെയ്നിന്റെ രണ്ട് ഗോളുകള്‍ തൊട്ടടുത്തുനിന്നും രണ്ടെണ്ണം 20 വാര അകലെനിന്നുമാണ്. ഇതോടെ കെയ്നിന് ലീഗില്‍ 26 ഗോളായി. റോമന്‍ ലുകാകുവിനെക്കാള്‍ രണ്ടെണ്ണം കൂടുതല്‍. രണ്ടു ഗോള്‍ സണ്‍ ഹിയൂങ് മിന്നിന്റേതായിരുന്നു. ഡെലെ അല്ലിയുടെ മിന്നുന്ന പാസില്‍ തൊടുത്ത വോളിയിലൂടെയാണ് സണ്ണിന്റെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ പൊടുന്നനെയുള്ള പ്രത്യാക്രമണത്തില്‍ 25 വാര അകലെനിന്ന് തൊടുത്തതും.

തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നില്ല ലെസ്റ്ററിന്റേത്. ബെന്‍ ചില്‍വെല്ലിലൂടെ തിരിച്ചടിച്ച് 2-1ല്‍ എത്തിയതാണ് ലെസ്റ്റര്‍. പക്ഷെ ടോട്ടനത്തിന്റെ കൊലതൃഷ്ണയുള്ള ആക്രമണത്തിന്റെ മുന്നില്‍ ലെസ്റ്ററിന് പിടിച്ചുനില്‍ക്കാനായില്ല. എതിര്‍തട്ടകത്തില്‍ ഏറ്റവും മികച്ച സ്കോര്‍ കുറിച്ചാണ് ലെസ്റ്റര്‍ കളി അവസാനിപ്പിച്ചത്. കഴിഞ്ഞ 13 മത്സരത്തില്‍ 12ലും ജയിച്ച് ടോട്ടനം കുതിച്ചെങ്കിലും ചെല്‍സിയുടെ മുന്നേറ്റം തടയാന്‍കഴിയാതെ അവര്‍ ഇത്തവണയും രണ്ടാംസ്ഥാനക്കാര്‍തന്നെയായി ഒതുങ്ങി.

മുന്നേറ്റക്കാരുടെ തകര്‍പ്പന്‍ പ്രകടനവുമായാണ് ഇത്തവണയും ടോട്ടനം ലീഗില്‍ ബൂട്ടഴിക്കുന്നത്. കെയ്നും ഡെലെ അല്ലിയും 43 ഗോളുകള്‍ പങ്കുവച്ചപ്പോള്‍ സണ്‍ ഹിയൂങ് മിന്‍ 20 ഗോള്‍ നേടി അവര്‍ക്കൊപ്പം വന്നു.

Categories