19 October Friday

ഓസ്‌ട്രേലിയൻ ഓപ്പൺ വൊസ്‌നിയാക്കി, നദാൽ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018

 

മെൽബൺ > ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിൾസ് നിലവിലെ രണ്ടാമൻ റാഫേൽ നദാൽ പ്രീക്വാർട്ടറിൽ. ബോസ്‌നിയ ഹെർസഗോവിനക്കാരൻ ഡമിർ സുംഹറിനെ നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു (61, 63, 61). മൂന്നാം സീഡ് ഗ്രിഗോർ ദിമിത്രോവ്, ആറാം സീഡ് മാരിൻ സിലിച്ച്, 17ാം സീഡ് നിക് കിർഗിയോസ് എന്നിവരും അവസാന പതിനാറിൽ കടന്നു.

വനിതകളിൽ രണ്ടാം സീഡ് കരോളിൻ വൊസ്‌നിയാക്കിയും നാലാം സീഡ് യെലെന സ്വിറ്റോലിനയും നാലാം റൗണ്ടിലേക്ക് കടന്നു. അതേസമയം ഏഴാം സീഡ് യെലെന ഒസ്റ്റാപെങ്കോ എസ്‌തോണിയയുടെ ഇരുപത്തിരണ്ടുകാരി അനെറ്റ് കോണ്ടാവെയ്റ്റിനോട് തോറ്റു പുറത്തായി (63, 16, 63).
ബോസ്‌നിയക്കാരൻ സുംഹറിനോട് ആധികാരികമായിരുന്നു നദാലിന്റെ ജയം. ടൂർണമെന്റിനെ വലയ്ക്കുന്ന ചൂടിനെ കണക്കാക്കാതെ നദാൽ കുതിച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ഒരു സർവീസ് നഷ്ടപ്പെടുത്തിയതു മാത്രമാണ് പിഴവുണ്ടായത്. ഒരുമണിക്കൂർ 50 മിനിറ്റിൽ കളി അവസാനിച്ചു. ഇത് 11ാം തവണയാണ് നദാൽ പ്രീക്വാർട്ടറിൽ കടക്കുന്നത്.

റഷ്യയുടെ ആന്ദ്രെയ് റുബ്‌ലെവിനെയാണ് ദിമിത്രോവ് മൂന്നാംറൗണ്ടിൽ മടക്കിയത് (63, 46, 64, 64). തന്റെ ആരാധനാപാത്രമായ ജോ വിൽഫ്രഡ് സോംഗയെ നാലുസെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ച് കിർഗിയോസും പ്രീക്വാർട്ടറിൽ കടന്നു (76, 46, 76, 76).

വനിതകളുടെ നാലാം സീഡുകാരിയായ സ്വിറ്റോലിനയ്ക്ക് എളുപ്പമായിരുന്നു മൂന്നാം റൗണ്ട് പോരാട്ടം. സ്വന്തം നാട്ടുകാരിയായ മാർത്ത കൊസ്ത്യൂക്കയെ 59 മിനിറ്റിൽ സ്വിറ്റോലിന തോൽപ്പിച്ചു (62, 62). നെതർലൻഡ്‌സിന്റെ കികി ബെർടെൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വൊസ്‌നിയാക്കിയുടെ പ്രീക്വാർട്ടർ പ്രവേശം (64, 63).
 

പ്രധാന വാർത്തകൾ
Top