19 January Saturday

സ‌്പിന്നറെ കളിപ്പിക്കാതിരുന്നതിൽ പിഴവില്ല: കോഹ‌്‌ലി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 19, 2018

  
പെർത്ത‌്
രണ്ടാം ടെസ‌്റ്റിലെ തോൽവിക്കു പിന്നാലെ ടീം ഘടനയെ ന്യായീകരിച്ച‌് ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട‌് കോഹ‌്‌ലി. മുൻനിര സ‌്പിന്നർമാരെ കളിപ്പിക്കാതെ നാല‌ു പേസർമാരെയാണ‌് ഇന്ത്യ പെർത്ത‌് ടെസ‌്റ്റിൽ ഇറക്കിയത‌്.  നാല‌ു പേസർമാരും നല്ലരീതിയിൽ പന്തെറിഞ്ഞുവെന്നായിരുന്നു കോഹ‌്‌ലിയുടെ പ്രതികരണം. ഭുവനേശ്വർകുമാറിന‌ു പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തിയതിനെയും കോഹ‌്‌ലി ന്യായീകരിച്ചു.

പെർത്ത‌് ടെസ‌്റ്റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനെക്കുറിച്ച‌് വൻ വിമർശമുയർന്നിരുന്നു. രവീന്ദ്ര ജഡേജയെ മാറ്റിനിർത്തി ഉമേഷിനെ ഉൾപ്പെടുത്തിയത‌് കളിയിൽ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട‌്. പിച്ചിൽ സ‌്പിന്നർമാർക്ക‌് അനുകൂലമായി ഒന്നും കാണാത്തതുകൊണ്ടാണ‌് നാലാം പേസറെ ഉൾപ്പെടുത്തിയതെന്ന‌് കോഹ‌്‌ലി പറഞ്ഞു. എന്നാൽ, ആദ്യദിനംതന്നെ സ‌്പിന്നർമാർക്ക‌് പിച്ച‌് പിന്തുണനൽകി. ഇന്ത്യയുടെ ഇടക്കാല സ‌്പിന്നർ ഹനുമ വിഹാരി രണ്ട‌് വിക്കറ്റെടുത്തു. രണ്ടാംദിനം ഓസീസ‌് സ‌്പിന്നർ നതാൻ ല്യോൺ ഇന്ത്യൻ ബാറ്റ‌്സ‌്മാൻമാരെ ശരിക്കും പരീക്ഷിച്ചു‌. രണ്ട‌് ഇന്നിങ‌്സിലുമായി എട്ട‌് വിക്കറ്റെടുത്ത ല്യോൺ കളിയിലെ താരവുമായി.

സ്വിങ്ങും ബൗൺസുമുള്ള പിച്ചിൽ ഭുവനേശ്വർകുമാറിനെ പരിഗണിക്കാതിരുന്നതും ഇന്ത്യക്ക‌് തിരിച്ചടിയായി. വാലറ്റത്ത‌് റണ്ണടിക്കാൻ കഴിവുള്ള കളിക്കാരൻകൂടിയാണ‌് ഭുവനേശ്വർ. ‘‘ഏറെക്കാലമായി ഭുവനേശ്വർ ടെസ‌്റ്റ‌് മത്സരങ്ങൾ കളിച്ചിട്ടില്ല. ഉമേഷ‌് വെസ‌്റ്റിൻഡീസിനെതിരായ ടെസ‌്റ്റിൽ നല്ല പ്രകടനവും പുറത്തെടുത്തു. അതാണ‌് ഭുവനേശ്വറിന‌ു പകരം ഉമേഷിനെ ഉൾപ്പെടുത്തിയത‌്’’–- കോഹ‌്‌ലി വ്യക്തമാക്കി. പെർത്ത‌് ടെസ‌്റ്റിൽ 37 ഓവർ എറിഞ്ഞ ഉമേഷ‌ിന‌് കിട്ടിയത‌് രണ്ട‌ു വിക്കറ്റാണ‌്. 139 റണ്ണും വഴങ്ങി.


പ്രധാന വാർത്തകൾ
Top