22 October Monday

ആഷസ് ഓസീസിന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

ഇംഗ്ളണ്ടിനെ തോല്‍പ്പിച്ച് ആഷസ് പരമ്പര നേടിയ ഓസ്ട്രേലിയന്‍ കളിക്കാരുടെ ആഹ്ളാദം

പെര്‍ത്ത് > മഴയ്ക്കും തടയാനായില്ല ഓസീസിനെ. ഇംഗ്ളണ്ടിനെയും മഴയെയും മറികടന്ന് ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 41 റണ്ണിനുമാണ് ഓസീസ് ജയം. രണ്ട് മത്സരംശേഷിക്കെ 3-0ന് കങ്കാരുപ്പട ആഷസ്  തിരിച്ചുപിടിച്ചു. അഞ്ചാംദിനം മഴകാരണം മൂന്ന് മണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്. 4-132 റണ്‍ എന്നനിലയില്‍ കളി ആരംഭിച്ച ഇംഗ്ളീഷുകാര്‍ മുപ്പത്തിനാലോവര്‍ കഴിയുമ്പോഴേക്കും നിലംപൊത്തി. 218ന് പുറത്ത്. സ്കോര്‍: ഇംഗ്ളണ്ട് 403, 218; ഓസ്ട്രേലിയ 9-662 ഡി.

വാകയിലെ അവസാന രാജ്യാന്തരമത്സരമായിരുന്നു ഇത്. നാലാംദിനം ഇംഗ്ളണ്ടിനെ തകര്‍ത്ത ഓസീസിന് അവസാനദിവസം വാകയില്‍ വിജയംനേടുക എന്നത് വെല്ലുവിളിയായിരുന്നു. മഴയില്‍ കുതിര്‍ന്ന മൈതാനം കളി വൈകിപ്പിച്ചു. ഒടുവില്‍ മൂന്ന് മണിക്കൂറിനുശേഷം അമ്പയര്‍മാര്‍ കളിക്കാന്‍ അനുമതി നല്‍കി. മനസില്ലാമനസോടെ ഇംഗ്ളീഷുകാര്‍ കളിക്കാനിറങ്ങി. പിച്ചില്‍ വിള്ളലുകളുണ്ടായിരുന്നു. ഓസീസ് പേസര്‍മാര്‍ അതുമുതലാക്കി. ജോഷ് ഹാസെല്‍വുഡിന്റെ തീതുപ്പുന്ന പന്തുകളില്‍ അവസാനം ഇംഗ്ളീഷുകാര്‍ ചാരമായി. അഞ്ച് വിക്കറ്റാണ് ഹാസെല്‍വുഡ് പിഴുതത്. പാറ്റ് കമ്മിന്‍സും നതാന്‍ ല്യോണും രണ്ട് വീതം നേടി. ഒരെണ്ണം മിച്ചെല്‍ സ്റ്റാര്‍ക്കും സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്‍ ഓസീസിനായി 239 റണ്ണടിച്ച ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ നാലാം ടെസ്റ്റ് 26ന് മെല്‍ബണില്‍ ആരംഭിക്കും.

ഡേവിഡ് മലാനിലും ജോണി ബെയര്‍സ്റ്റോവിലും ആയിരുന്നു ഇംഗ്ളണ്ടിന് പ്രതീക്ഷ. ഇരുവരും ഒന്നാം ഇന്നിങ്സിലെ സെഞ്ചുറിക്കാര്‍. പക്ഷേ, വീര്യത്തോടെ പന്തെറിഞ്ഞ ഓസീസ് ബൌളര്‍മാര്‍ കാര്യങ്ങള്‍ വൈകിപ്പിച്ചില്ല. തലേദിനത്തെ സ്കോറിനോട് ഒരു റണ്‍മാത്രം കൂട്ടിച്ചേര്‍ത്തപ്പോള്‍ അഞ്ചാം വിക്കറ്റ് പിഴുതു. ബെയര്‍സ്റ്റോയുടെ (14) കുറ്റി ഹാസെല്‍വുഡ് എടുത്തു. മൊയീന്‍ അലി (11) ല്യോണിന്റെ ഇരയായി. പൊരുതിനിന്ന മലാനും (54) ഹാസെല്‍വുഡിന് മുന്നില്‍വീണു. ക്രെയ്്ഗ് ഒവര്‍ട്ടണെയും (12) മടക്കിഹാസെല്‍വുഡ് അഞ്ച് വിക്കറ്റ് തികച്ചു. സ്റ്റുവര്‍ട്ട് ബ്രോഡിനെ (0) പാറ്റ് കമ്മിന്‍സ് പുറത്താക്കി. ക്രിസ് വോക്സിനെ (22) വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകളിലെത്തിച്ച് കമ്മിന്‍സ് ആഷസ് ഓസീസിലേക്കെത്തിച്ചു.

 

പ്രധാന വാർത്തകൾ
Top