Top
23
Thursday, November 2017
About UsE-Paper

ഇന്ത്യ ഇന്ന് മൌറീഷ്യസിനോട്

Saturday Aug 19, 2017
വെബ് ഡെസ്‌ക്‌
ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരിശീലനത്തിനിടെ

മുംബൈ > ത്രിരാഷ്ട്ര ഫുട്ബോളില്‍ ഇന്ത്യ ഇന്ന് മൌറീഷ്യസിനോട്. മുംബൈ ഫുട്ബോള്‍ അരീനയില്‍ രാത്രി എട്ടിനാണ് കളി.  സെന്റ് കീറ്റ്സാണ് മൂന്നാമത്തെ ടീം. കരിബീയന്‍ രാജ്യമായ സെന്റ് കീറ്റ്സുമായി 22നാണ് മത്സരം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാമത്സരത്തിനു മുന്നോടിയായുള്ള മികച്ച ഒരുക്കത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. സെപ്തംബര്‍ അഞ്ചിന് മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ കളി. 

മൌറീഷ്യസിനെതിരെ യുവസംഘമായിരിക്കും ഇറങ്ങുകയെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. സന്ദേശ് ജിങ്കനായിരിക്കും ടീമിനെ നയിക്കുക. അണ്ടര്‍ 23 വിഭാഗത്തിലുള്ള ഒരുപിടി മികച്ച താരങ്ങള്‍ ഇന്നിറങ്ങും.

അവസാനം കളിച്ച 15 എണ്ണത്തില്‍ 13ലും ജയിച്ചാണ് ഇന്ത്യ മുന്നേറിയത്. ഇതില്‍ ഭുട്ടാനെതിരായ അനൌദ്യോഗികമത്സരവും ഉള്‍പ്പെടും. ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ മ്യാന്‍മര്‍, കിര്‍ഗിസ്ഥാന്‍ ടീമുകള്‍ക്കെതിരെ നേടിയ ജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. പ്രകടനം റാങ്കിങ്ങിലും പ്രതിഫലിച്ചു. പുതിയ പട്ടികയില്‍ 97-ാം സ്ഥാനത്താണ് ഇന്ത്യ. മൌറീഷ്യസ് 160-ാം റാങ്കുകാരാണ്. സെന്റ് കീറ്റ്സ് 125-ാം സ്ഥാനത്തും. ജയം തുടരുകയാണ് ടീമിന്റെ ലക്ഷ്യം.

കൂടുതല്‍ കളിക്കാരെ പരീക്ഷിക്കുകയാണ് തീരുമാനമെന്ന് കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ഒരു ടീം കരീബിയയില്‍നിന്നും മറ്റൊന്ന് ആഫ്രിക്കയില്‍നിന്നുമാണ്്്. കടുത്ത പോരാട്ടംതന്നെ നടത്തേണ്ടിവരും. ജൂണിനുശേഷം കളിക്കാര്‍ ഒന്നിച്ചുകളിച്ചിട്ടില്ല. പരിശീലനക്യാമ്പും ഈ രണ്ട് സന്നാഹമത്സരങ്ങളും ആ കുറവ് നികത്തുമെന്നാണ് പ്രതീക്ഷ-കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

പുതിയ ക്യാപ്റ്റന്‍ ജിങ്കനെ കോച്ച് അഭിനന്ദിച്ചു. ജിങ്കനു കീഴില്‍ ഇന്ത്യന്‍ പ്രതിരോധം ഏറെ മെച്ചപ്പെട്ടു. അവസാന എട്ടുകളിയില്‍ അഞ്ചിലും ഇന്ത്യ ഗോള്‍ വഴങ്ങിയില്ല. മലയാളിതാരം അനസ് എടത്തോടികയാണ് പ്രതിരോധത്തില്‍ ജിങ്കന്റെ പങ്കാളി. കളത്തിനകത്തും പുറത്തും അനസ് എടത്തോടികയുമായുള്ള നല്ല ബന്ധമാണ് ഈ മികവിനു കാരണമെന്ന് ജിങ്കന്‍ പറഞ്ഞു. അനസും ഞാനും മാത്രമല്ല, പ്രീതം കോട്ടല്‍, നാരായണ്‍ദാസ് എന്നിവരും പ്രതിരോധത്തിന്റെ കരുത്തുകൂട്ടുന്നു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധുവിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പരസ്പരബഹുമാനത്തോടെയാണ് ഞങ്ങള്‍ കളിക്കുന്നത്. കളി ആസ്വദിക്കുകയുംചെയ്യുന്നു-ജിങ്കന്‍ വ്യക്തമാക്കി.

മുംബൈ ഫുട്ബോള്‍ അരീനയില്‍ ഇന്ത്യ അവസാനം കളിച്ച എല്ലാ മത്സരവും ജയിച്ചിട്ടുണ്ട്. 114-ാം റാങ്കുകാരായ പ്യൂര്‍ട്ടോ റിക്കോയെ ഇവിടെവച്ചാണ് 4-1നു തകര്‍ത്തത്. നേപ്പാളിനെ 2-0ന് തോല്‍പ്പിച്ചതും ഇതേ മൈതാനത്തുവച്ച്. 
 

Categories