16 October Tuesday

കളി കസറി, ക്ലബ്ബുകൾ പിന്നാലെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

മോസ്കോ > ലോകകപ്പിൽ അപ്രതീക്ഷിത പ്രകടനം പുറത്തെടുത്ത കളിക്കാരെ കാത്ത് വമ്പൻ ക്ലബ്ബുകൾ രംഗത്തിറങ്ങി. ലോകകപ്പിന് മുമ്പ് വലിയ പേരില്ലാത്ത കളിക്കാർക്ക് പിറകെയാണ് സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ലീഗ് ക്ലബ്ബുകൾ. ലോകകപ്പോടെ മൂല്യം വർധിച്ച 10 കളിക്കാരിലേക്ക്.

അലെക്സാണ്ടർ ഗൊളൊവിൻ
(റഷ്യ, മധ്യനിരക്കാരൻ)
ക്ലബ്: സിഎസ്കെഎ മോസ്കോ. പ്രായം 22
രംഗത്തുള്ള ക്ലബ്ബുകൾ: അഴ്സണൽ, ചെൽസി, യുവന്റസ്.

ലോകകപ്പിൽ റഷ്യയുടെ കുതിപ്പിനു പിന്നിൽ ഗൊളൊവിൻ ആയിരുന്നു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ ഒരു ഗോളടിച്ചു. രണ്ടെണ്ണത്തിന് അവസരമൊരുക്കി. മറ്റ് മത്സരങ്ങളിൽ നേരിട്ട് ഗോളവസരമൊരുക്കിയില്ലെങ്കിലും കളംനിറഞ്ഞ് കളിച്ചു.

ഹക്കീം സിയെച്ച്
(മൊറോക്കോ, മധ്യനിരക്കാരൻ)
ക്ലബ്്: അയാക്സ്. പ്രായം 25
രംഗത്തുള്ള ക്ലബ്ബുകൾ: ലിവർപൂൾ, റോമ

ലോകകപ്പിൽ നിർഭാഗ്യവാന്മാരുടെ സംഘമായിരുന്നു മൊറോക്കോ. മികച്ചുകളിച്ചിട്ടും മുന്നേറാനായില്ല. സിയെച്ച് മൂന്ന് കളിയിൽ ആറ് അവസരമാണ് ഒരുക്കിയത്. നെതർലൻഡ്സിലാണ് സിയെച്ച് ജനിച്ചത്. മറ്റ് രാജ്യങ്ങളിലെ ക്ലബ്ബുകളിൽ കളിച്ചിട്ടില്ല. ഇക്കുറി അതിന് മാറ്റംവന്നേക്കും.

ബഞ്ചമിൻ പവാർദ്
(ഫ്രാൻസ്, മധ്യനിരക്കാരൻ)
ക്ലബ്: സ്റ്റുറ്റ്ഗർട്ട്. പ്രായം 22
രംഗത്തുള്ള ക്ലബ്ബുകൾ: ടോട്ടനം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി, അഴ്സണൽ, ബയേൺ മ്യൂണിക്.

വലതുബാക്കാണ് പവാർദ്. പ്രതിരോധ മധ്യത്തിലും മധ്യനിരക്കാരനായും കളിക്കും. ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് പവാർദിന്റേതാണ്, അർജന്റീനയ്ക്കെതിരെ. കഴിഞ്ഞ വർഷം നവംബറിലാണ് ഫ്രഞ്ച് ടീമിലെ അരങ്ങേറ്റം. ഒരു വർഷത്തിനുള്ളിൽ ലോക ജേതാക്കളുടെ സംഘത്തിന്റെ നിർണായക ഭാഗമായി.

ആന്ദ്രേ കാറില്ലോ
(പെറു, വിങ്ങർ)
ക്ലബ്: ബെൻഫിക്ക. പ്രായം 27
രംഗത്തുള്ള ക്ലബ്ബുകൾ:
എവർട്ടൺ, ഫുൾഹാം.

1982നുശേഷം പെറുവിന്റെ ആദ്യ ലോകകപ്പ് ഗോൾ കാറില്ലോയുടെ കാലിൽനിന്നായിരുന്നു. വേഗത്തിൽ മുന്നേറാനുള്ള കഴിവുണ്ട് കാറില്ലോയ്ക്ക്.

അഹമ്മദ് മൂസ

(നൈജീരിയ, മുന്നേറ്റം)
ക്ലബ്: ലെസ്റ്റർ സിറ്റി. പ്രായം 25
രംഗത്തുള്ള ക്ലബ്ബുകൾ: ഗലറ്റസറി,
അൽ നാസെർ

ഐസ്ലൻഡിനെതിരെ ഇരട്ടഗോളടിച്ചാണ് മൂസ ശ്രദ്ധേയനാകുന്നത്. രണ്ടും മികച്ച ഗോളായിരുന്നു. രണ്ട് ലോകകപ്പുകളിലായി നാല് ഗോൾ നേടിയിട്ടുണ്ട് മൂസ. കഴിഞ്ഞ സീസണിൽ വായ്പയായി സിഎസ്കെഎ മോസ്കോയിലായിരുന്നു. ഈ സീസണിൽ ലെസ്റ്ററിൽ തിരിച്ചെത്തിയേക്കും. അല്ലെങ്കിൽ ഗലറ്റസറിയിലോ, അൽ നാസെറിലേക്കോ ചേക്കേറിയേക്കും.

ഹിർവിങ് ലൊസാനോ

(മെക്സിക്കോ, വിങ്ങർ)
ക്ലബ്: പിഎസ്വി ഐന്തോവൻ. പ്രായം 22
രംഗത്തുള്ള ക്ലബ്ബുകൾ: റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്,
ടോട്ടനം ഹോട്്സ്പർ.

ജർമനിക്കെതിരെ വിജയഗോൾ നേടിയത് ലൊസാനോയാണ്. തുടർന്നുള്ള കളികളിലും തിളങ്ങി. ആകെ 13 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. 11 തവണ ഗോളടിക്കാൻ അവസരമുണ്ടാക്കി.

ചോ ഹ്യുൻ വൂ
(ദക്ഷിണ കൊറിയ, ഗോൾ കീപ്പർ)
ക്ലബ്്: ദ്യേഗു.
പ്രായം 26
രംഗത്തുള്ള ക്ലബ്: ലിവർപൂൾ.

ജർമനിക്കെതിരെ കൊറിയ ചരിത്രംകുറിച്ച കളിയിൽ ചോയാണ് തിളങ്ങിയത്. ആറ് ഗോൾ ശ്രമങ്ങൾ തടഞ്ഞു. ജർമനിയെ ഗോളടിക്കാൻ അനുവദിച്ചില്ല.

ഹാരി മഗ്വെയർ

(ഇംഗ്ലണ്ട്, പ്രതിരോധക്കാരൻ)
ക്ലബ്്: ലെസ്റ്റർ. പ്രായം 25
രംഗത്തുള്ള ക്ലബ്ബുകൾ: ടോട്ടനം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി.

ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തെ ശക്തമാക്കി. സ്വീഡനെതിരെ ഗോളടിച്ചു. ടുണീഷ്യക്കെതിരെ ഹാരി കെയ്നിന്റെ ഗോളിന് അവസരമൊരുക്കി.

മൂസ വാഗ്യു

(സെനെഗൽ, പ്രതിരോധക്കാരൻ)
ക്ലബ്: യുപെൻ.
പ്രായം 19
രംഗത്തുള്ള ക്ലബ്: നാപോളി

വലതുബാക്കാണ് വാഗ്യു. ലോകകപ്പിൽ ജപ്പാനെതിരെ ഗോളടിച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആഫ്രിക്കൻ കളിക്കാരനാണ് വാഗ്യു.

യെറി മിന
(കൊളംബിയ, പ്രതിരോധക്കാരൻ)
ക്ലബ്: ബാഴ്സലോണ. പ്രായം 23
രംഗത്തുള്ള ക്ലബ്ബുകൾ: ലിവർപൂൾ, ടോട്ടനം

ലോകകപ്പിൽ മൂന്ന് ഗോളാണ് മിന നേടിയത്. മൂന്നും ഹെഡറായിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവുംകൂടുതൽ ഗോൾ നേടിയ പ്രതിരോധക്കാരനാണ് മിന.

പ്രധാന വാർത്തകൾ
Top