15 November Thursday

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഋഷഭ്‌, കുൽദീപ്‌ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ന്യൂഡൽഹി > ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ഇടംകൈയൻ സ്പിന്നർ കുൽദീപ് യാദവും 18 അംഗ ടീമിൽ ഇടംനേടി. രോഹിത് ശർമയെ  പരിഗണിച്ചില്ല.

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകളിലെ മികച്ച പ്രകടനമാണ് കുൽദീപിനെ ടെസ്റ്റ് ടീമിലേക്കെത്തിച്ചത്.  രണ്ടുപരമ്പരകളിലുമായി 14 വിക്കറ്റാണ് ഈ ഉത്തർപ്രദേശുകാരൻ വീഴ്ത്തിയത്. ആദ്യ ഏകദിനത്തിൽ 25 റൺ മാത്രം വഴങ്ങി ആറ് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ മടക്കി. അഫ്ഘാനെതിരായ ടെസ്റ്റ് ടീമിലും കുൽദീപ് ഇടംനേടിയിരുന്നു. ആർ അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം കുൽദീപ്കൂടി ചേരുന്നതോടെ ടീമിന്റെ സ്പിൻ ആക്രമണത്തിന്റെ മൂർച്ചകൂടും.

പേസ്നിരയിൽ ഇഷാന്ത് ശർമയും ഉമേഷ് യാദവും ശർദുൾ താക്കൂറും ഇടംപിടിച്ചു. മുഹമ്മദ് ഷമിയും ടീമിലുണ്ട്. രണ്ടാം വിക്കറ്റ്കീപ്പറെന്ന നിലയിലാണ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ജസ്പ്രീത് ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിക്കുകാരണം രണ്ടാം ടെസ്റ്റ്മുതലേ ടീമിന് സേവനം ലഭിക്കുകയുള്ളു. മൂന്നാം ഏകദിനത്തിൽ പുറംവേദന രൂക്ഷമായ ഭുവനേശ്വർ കുമാറിനെ ടീമിൽ എടുത്തിട്ടില്ല. ആവശ്യമെങ്കിൽ ഭുവനേശ്വറെ പരിഗണിക്കുമെന്ന് ബിസിസിഐ അറിയിച്ചു. കരുൺ നായരെയും ടീമിൽ നിലനിർത്തി.

ടീം:  കോഹ്ലി, ധവാൻ, രാഹുൽ, മുരളി വിജയ്,  പൂജാര, രഹാനെ, കരുൺനായർ,കാർത്തിക്, ഋഷഭ് പന്ത്,  അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് , ഹാർദിക് പാണ്ഡ്യ, ഇശാന്ത് ,  ഷമി, ഉമേഷ് യാദവ്,  ബുമ്ര, ശർദുൾ താക്കൂർ.

പ്രധാന വാർത്തകൾ
Top