Top
22
Thursday, June 2017
About UsE-Paper

സമാന്‍, ആമീര്‍, പാകിസ്ഥാന്‍

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പുറത്താക്കിയ മുഹമ്മദ് ആമിറിന്റെ ആഹ്ളാദം

ഓവല്‍ > ബാറ്റിങ്ങില്‍ ഫഖര്‍ സമാന്‍ ഇന്ത്യയെ തകര്‍ത്തു. ബൌളിങ്ങില്‍ മുഹമ്മദ് ആമിറും. ഇരുവരും ചേര്‍ന്ന് ആദ്യത്തെ കളിയിലെ തോല്‍വിക്ക് കലാശക്കളിയില്‍ ഇന്ത്യക്ക് മറുപടി നല്‍കി. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ തികഞ്ഞ ആധികാരികതയോടെ കീഴടക്കി പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ചാമ്പ്യന്‍മാരായി. ബാറ്റിങ്ങിലും ബൌളിങ്ങിലും ഇന്ത്യയെ ഏറെ ദൂരം പിറകിലാക്കിയ പാകിസ്ഥാന്‍ 180 റണ്ണിനാണ് കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ നേടിയ 338 റണ്‍ പിന്തുടര്‍ന്ന ഇന്ത്യ 158ല്‍ തീര്‍ന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കമുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ ഹാര്‍ദിക പാണ്ഡ്യയുടെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിയുടെ ഭാരം കുറച്ചത്. റണ്‍ അടിസ്ഥാനത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ ജയമാണിത്. 

സെഞ്ചുറിയുമായി മുന്നില്‍നിന്ന് നയിച്ച ഓപ്പണര്‍ ഫഖര്‍ സമാന്റെ കന്നി സെഞ്ചുറിയുടെ (106 പന്തില്‍ 114) ബലത്തിലാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.  അസ്ഹര്‍ അലിയും (71 പന്തില്‍ 59) മുഹമ്മദ് ഹഫീസും (37 പന്തില്‍ 57*) അരസെഞ്ചുറികളോടെ പാക് ജയത്തില്‍ തിളങ്ങി. ബാബര്‍ അസം 52 പന്തില്‍ 46 റണ്ണെടുത്തു.

മറുപടിയില്‍ ഇന്ത്യ ചീട്ടുകൊട്ടാരംകണക്കെ തകര്‍ന്നടിഞ്ഞു.  പരിക്ക് ഭേദമായി വന്ന ഇടംകൈയന്‍ പേസര്‍ മുഹമ്മദ് ആമിര്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ആദ്യ ഓവറിന്റെ മൂന്നാംപന്തില്‍ ആമിറിന്റെ സ്വിങ് ചെയ്ത പന്തില്‍ രോഹിത് ശര്‍മ വിക്കറ്റിനുമുന്നില്‍ കുരുങ്ങി (3 പന്തില്‍ 0). ആമിറിന്റെ അടുത്ത ഓവറില്‍ 5 റണ്ണുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി (9 പന്തില്‍ 5) പോയിന്റില്‍ ഷദാബ് ഖാന്റെ കൈയിലൊതുങ്ങി. മറ്റൊരു സ്വിങ്. വിശ്വസിക്കാനാകാതെ കോഹ്ലി നിന്നു. പിന്നെ മടങ്ങി. റണ്ണടിച്ചുതുടങ്ങിയ ധവാന്റെ ഊഴമായിരുന്നു അടുത്തത്. ക്രോസ് സീമില്‍ കുത്തിയുയര്‍ന്നിയ ആമിറിന്റെ പന്തില്‍ ബാറ്റുരസിയ ധവാനെ സര്‍ഫ്രാസ് അഹമ്മദ് വിക്കറ്റിന് പിറകില്‍ പിടികൂടി (22 പന്തില്‍ 21).

ആദ്യമൂന്നുവിക്കറ്റില്‍ ആമിര്‍ അവസാനിപ്പിച്ചു. മനസ്സുകൊണ്ട് തോറ്റ പിന്നെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പിന്നെ ഓരോരുത്തരായി കൂടാരത്തിലേക്ക് മാര്‍ച്ചുചെയ്തു.
പിന്‍ സീറ്റിലായിരുന്നു ഇന്ത്യ. ധവാനെ പോലെ റണ്ണടിച്ചുതുടങ്ങിയ യുവരാജ് സിങ് (31 പന്തില്‍ 22) ഷദാബ് ഖാന്റെ വേഗംകുറഞ്ഞ നിരുപദ്രവമായ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി. അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഷദാബിന് ഉറപ്പായിരുന്നു. റിവ്യൂവില്‍ അമ്പയറിന് തിരുത്തേണ്ടിവന്നു. 4-54 ആയിരുന്നു സ്കോര്‍. അതേ സ്കോറില്‍ മഹേന്ദ്രസിങ് ധോണിയും മടങ്ങി. ഹസന്‍ അലിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചതായിരുന്നു മുന്‍ ക്യാപ്റ്റന്‍. 16 പന്തില്‍ സംഭാവന 4 റണ്‍. ഷദാബ് ഖാന്റെ വേഗംകുറഞ്ഞ പന്ത് കേദാര്‍ യാദവിനെയും കീഴടക്കി. സ്കോര്‍ 6-72.

ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നല്‍ പ്രകടനം. 43 പന്തില്‍ ആറ് പടുകൂറ്റന്‍ സിക്സറും നാല് ബൌണ്ടറിയുമായി കുതിക്കുകയായിരുന്നു പാണ്ഡ്യ. രവീന്ദ്ര ജഡേജയുടെ പിഴവില്‍ ആ ഇന്നിങ്സ് റണ്ണൌട്ടില്‍ അവസാനിച്ചു. 76 റണ്ണാണ് പാണ്ഡ്യയുടെ ബാറ്റില്‍നിന്ന് പിറന്നത്. ഇന്ത്യയുടെ സ്കോറില്‍ പകുതിയോളം. ശേഷിച്ച മൂന്നുവിക്കറ്റുകള്‍ ആറ് റണ്ണിന് അവസാനിച്ചു.

ആത്മവിശ്വാസം നശിച്ച ജഡേജ (26 പന്തില്‍ 15) ജുനൈദ് ഖാന്റെ പന്തില്‍ സര്‍ഫ്രാസിന് പിടിനല്‍കി. അതേ സ്കോറില്‍ അശ്വിന്‍ ഹസന്‍ അലിയുടെ രണ്ടാംവിക്കറ്റായി മടങ്ങി (3 പന്തില്‍1). 31-ാം ഓവറിന്റെ മൂന്നാം പന്തില്‍ അലിയുടെ കുത്തിയുയര്‍ന്ന പന്ത് ഗ്ളൌവിലുരഞ്ഞുയര്‍ന്നു. ആ പന്ത് സര്‍ഫ്രാസിന്റെ കൈയിലമര്‍ന്നു. ഇന്ത്യ തീര്‍ന്നു. പാകിസ്ഥാന്‍ ആഘോഷം തുടങ്ങി.

നേരത്തെ, കെന്നിങ്ടണ്‍ ഓവലിലെ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലുകളില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ ജയിച്ച ചരിത്രവും ഇന്ത്യന്‍ ബാറ്റിങ്നിരയിലുള്ള വിശ്വാസവുമാണ് കോഹ്ലിക്ക് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കാന്‍ ആത്മവിശ്വാസം നല്‍കിയത്. പാക് ബാറ്റ്സ്മാന്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനവും ക്യാപ്റ്റന്റെ തീരുമാനത്തിന് പിന്‍ബലമായി. അത് തെറ്റായി.

പിച്ചില്‍നിന്നുണ്ടായ പിന്തുണ പൂര്‍ണമായി ഉപയോഗിച്ച പാക് ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ബൌളര്‍മാരുടെമേല്‍ ആധിപത്യമുറപ്പിച്ചു. അസ്ഹര്‍ അലിയും സമാനും ചേര്‍ന്ന ഒന്നാംവിക്കറ്റ് കൂട്ടുകെട്ട് പാകിസ്ഥാന്റെ ഇന്നിങ്സിന് കരുത്തുറ്റ അടിത്തറ തീര്‍ത്തു. ഇന്ത്യന്‍ ബൌളര്‍മാരുടെ അസാധാരണമായ അച്ചടക്കമില്ലായ്മകൂടി ആയതോടെ റണ്‍നിരക്ക് കുത്തനെ ഉയര്‍ന്നു. മധ്യ ഓവറുകളില്‍ ബാബര്‍ അസമും അവസാന ഓവറുകളില്‍ മുഹമ്മദ് ഹഫീസും ആഞ്ഞടിച്ചപ്പോള്‍ പാകിസ്ഥാന്‍ എളുപ്പത്തില്‍ 300 കടന്നു. ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മാത്രമാണ് ആറില്‍ കുറഞ്ഞ ഇക്കോണമിയുമായി രക്ഷപ്പെട്ടത്.

ഏകദിനത്തില്‍ ഇന്ത്യക്കെതിരെയുള്ള ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. ചാമ്പ്യന്‍സ് ട്രോഫിയിലെയും ഉയര്‍ന്ന ടീം ടോട്ടലും.
പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്റെത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡനായി. ജസ്പ്രിത് ബുമ്രയുടെ രണ്ടാം ഓവറില്‍ രണ്ട് റണ്‍. മൂന്നാംഓവറിനൊടുവില്‍ സ്കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍മാത്രം. ഇന്ത്യ കളിയില്‍ ആധിപത്യമുറപ്പിച്ചേക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ബുമ്രയുടെ രണ്ടാം ഓവര്‍ മുതല്‍ കാര്യങ്ങള്‍ മാറി.
ഫൈനലിന്റെ സമ്മര്‍ദത്തിലായിരുന്നു ബുമ്ര. ആദ്യപന്ത് വൈഡായി. രണ്ടാംപന്തില്‍ സമാന്‍ ധോണിയുടെ കൈയില്‍ അവസാനിച്ചു. തിരിഞ്ഞുനോക്കാതെ നടന്നുതുടങ്ങിയ സമാനെ അമ്പയര്‍ മടക്കിവിളിച്ചു. നോബോളായിരുന്നു അത്. ആ പന്ത് കളിയുടെ വിധി നിര്‍ണയിച്ചു. അവിടുന്നങ്ങോട്ട് തകര്‍ത്തടിച്ചു സമാന്‍.

ഇരുപത്തിമൂന്നാം ഓവറിന്റെ അവസാന പന്തില്‍ അസ്ഹര്‍ റണ്ണൌട്ടായപ്പോഴേക്കും സ്കോര്‍ബോര്‍ഡില്‍ 128 റണ്‍ ചേര്‍ന്നിരുന്നു. പിന്നീട് സമാനും ബാബര്‍ അസമും ചേര്‍ന്ന് പാക് ഇന്നിങ്സിന് വേഗംകൂട്ടി. 31-ാം ഓവറിന്റെ ആദ്യ പന്ത് ബൌണ്ടറി കടത്തി സമാന്‍ കന്നി സെഞ്ചുറി ആഘോഷിച്ചു. അശ്വിന്റെ അടുത്ത ഓവറിന്റെ ആദ്യപന്ത് സമാന്‍ ബൌണ്ടറിക്കപ്പുറം പറത്തി. പക്ഷേ ഹാര്‍ദിക് പാണ്ഡ്യയെ ശിക്ഷിക്കാനുള്ള ശ്രമത്തില്‍ ജഡേജയുടെ സുന്ദരമായ ക്യാച്ചില്‍ സമാന്റെ ഇന്നിങ്സ് അവസാനിച്ചു. 12 ബൌണ്ടറിയും മൂന്ന് സിക്സുമായിരുന്നു ആ ഇന്നിങ്സില്‍.

Related News

കൂടുതൽ വാർത്തകൾ »

Categories