Top
22
Thursday, June 2017
About UsE-Paper

ഇന്ന് ജര്‍മനി-ഓസ്ട്രേലിയ

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

മോസ്കോ > ലോക ചാമ്പ്യന്‍മാരായ ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് എയില്‍  ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് റഷ്യ മികച്ച തുടക്കംകുറിച്ചു. 

അടുത്ത വര്‍ഷം ലോകകപ്പിനുള്ള മികച്ച യുവനിരയെ വാര്‍ത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മനി. യുവ സംഘമാണ് ഇക്കുറി. വമ്പന്‍ കളിക്കാര്‍ ആരുമില്ല. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇതുവരെ കിരീടം നേടാന്‍ ജര്‍മനിക്ക് കഴിഞ്ഞിട്ടില്ല. ആ ചരിത്രം മാറ്റാനാണ് അവരുടെ ഒരുക്കം. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇതിന് മുമ്പ് ഓസ്ട്രേലിയയോട് ഏറ്റുമുട്ടിയത് 2005ലാണ്. അന്ന് മൂന്നിനെതിരെ നാല് ഗോളിന് ജര്‍മനി ജയിച്ചു. ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റൈഗറും ലൂക്കാസ് പൊഡോള്‍സ്കിയും ഉള്‍പ്പെട്ട അന്നത്തെ സംഘം മൂന്നാംസ്ഥാനവും നേടി. 

ഓസ്ട്രേലിയ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ 19 കളിയില്‍ ഒരെണ്ണം മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ. ബ്രസീലിനോടായിരുന്ന ആ തോല്‍വി.
2014 ലോകകപ്പ് സംഘത്തിലെ മൂന്നുപേര്‍ മാത്രമേ ഇക്കുറി ജര്‍മന്‍ ടീമിലുള്ളൂ. ഷൊര്‍ദാന്‍ മുസ്തഫി, മത്തിയാസ് ഗിന്റെര്‍, ജൂലിയന്‍ ഡ്രാക്സലെര്‍ എന്നിവരാണ് ടീമിലെ പരിചയസമ്പന്നര്‍. കഴിഞ്ഞ 10 കളിയില്‍ എട്ട് ജയവും രണ്ട് സമനിലയുമായിരുന്നു. 31 ഗോളടിച്ചു. രണ്ടെണ്ണം മാത്രം വഴങ്ങി. യുവതാരങ്ങള്‍ക്ക് മികവുതെളിയിക്കാനുള്ള അവസരമാണിത്.

ഓസ്ട്രേലിയയുടെ നാലാമത്തെ ടൂര്‍ണമെന്റാണിത്. 1997, 2001, 2005 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയ കളിച്ചു. ജര്‍മന്‍ ലീഗില്‍ കളിക്കുന്ന ഒരുപറ്റം കളിക്കാര്‍ ഇക്കുറി ഓസ്ട്രേലിയന്‍ നിരയിലുണ്ട്. മിച്ച് ലങ്റെക്ക്, മാത്യു ലെക്കി, ജാമി മക്ലാറെന്‍, റോബി ക്രൂസ് എന്നിവരൊക്കെ ജര്‍മന്‍ ലീഗില്‍ കളിച്ചവരാണ്.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ മികച്ച കളിയിലൂടെയാണ് റഷ്യ തോല്‍പ്പിച്ചത്. രണ്ട് ഗോളിനായിരുന്നു റഷ്യയുടെ ജയം. മെക്സിക്കോയും പോര്‍ച്ചുഗലും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ റഷ്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ജയം. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ അരലക്ഷം കാണികളാണ് കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഉദ്ഘാടന മത്സരം കാണാനെത്തിയത്. നാട്ടുകാര്‍ക്ക് മുമ്പില്‍ മികച്ച കളി പുറത്തെടുത്തു റഷ്യ. ആദ്യപകുതിയില്‍ ദാനഗോളാണ് റഷ്യക്ക് ലീഡ് നല്‍കിയത്. ഡെനിസ് ഗ്ളുഷാകോവിന്റെ ഗോള്‍ശ്രമം തടയാനുള്ള മിച്ചെല്‍ ബൊക്സാളിന്റെ നീക്കം പാളി. പന്ത് ന്യൂസിലന്‍ഡ് താരത്തിന്റെ കാലില്‍തട്ടി വലയിലെത്തി. രണ്ടാംപകുതിയില്‍ ഫെദോര്‍ സ്മൊലോവ് റഷ്യയുടെ ജയമുറപ്പിച്ചു. ന്യൂസിലന്‍ഡിന് മികച്ച കളി പുറത്തെടുക്കാനായില്ല. കോണ്‍ഫെഡേറഷന്‍സ് കപ്പില്‍ കഴിഞ്ഞ 10 മത്സരങ്ങളിലും ന്യൂസിലന്‍ഡിന് ജയം നേടാനായില്ല. ഗോളില്ലാതെ 513 മിനിറ്റ് പൂര്‍ത്തിയാക്കി.

Categories