Top
27
Saturday, May 2017
About UsE-Paper

മൊണാകോ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍

Friday May 19, 2017
വെബ് ഡെസ്‌ക്‌

മൊണാകോ > ഫ്രഞ്ച് ലീഗില്‍ മൊണാകോ ചാമ്പ്യന്‍മാര്‍. സെന്റ് എറ്റിയനെ രണ്ടു ഗോളിന് തോല്‍പ്പിച്ചായിരുന്നു മൊണാകോയുടെ കിരീടനേട്ടം. 17 വര്‍ഷത്തിനുശേഷമാണ് മൊണാകോ ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരാകുന്നത്. ആകെ എട്ടാമത്തെ കിരീടം. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ പിഎസ്ജി രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ഈ സീസണില്‍ യൂറോപ്പില്‍ അത്ഭുതംകാട്ടിയവരാണ് മൊണാകോ. എറ്റിയിനെതിരെ ആദ്യ ഗോള്‍ എംബാപ്പെയുടെ വകയായിരുന്നു. രണ്ടാമത്തെ ഗോള്‍ വലെറെ ജെര്‍മെയ്ന്‍ നേടി. ലിയനാര്‍ഡോ യാര്‍ദിം പരിശീലിപ്പിക്കുന്ന മൊണാകോ ലീഗില്‍ തുടര്‍ച്ചയായ 11 ജയം കുറിച്ചു. 92 പോയിന്റാണ് കിട്ടിയത്. രണ്ടാമതുള്ള പിഎസ്ജിയെക്കാള്‍ ആറു പോയിന്റിന് മുന്നില്‍. കഴിഞ്ഞ മത്സരത്തില്‍ ലില്ലെയെ 4-0ന് തകര്‍ത്തതോടെ മൊണാകോ കിരീടം ഉറപ്പിച്ചതാണ്. പിഎസ്ജിയെക്കാള്‍ മികച്ച ഗോള്‍വ്യത്യാസമുണ്ട് മൊണാകോയ്ക്ക്. എറ്റിയനെതിരെ സമനിലപോലും മതിയായിരുന്നു. അവസാന കളിയില്‍ റെന്നെസിനെ തോല്‍പ്പിച്ചാല്‍ മൊണാകോ ലീഗില്‍ 30 ജയങ്ങളുടെ റെക്കോഡിന് ഒപ്പമെത്തും. പിഎസ്ജിയുടെ പേരിലാണ് ഇപ്പോള്‍ റെക്കോഡ്.
1999-2000 സീസണിലാണ് മൊണാകോ അവസാനമായി കിരീടം നേടിയത്. ഫാബിയന്‍ ബാര്‍ത്തേസ്, ഡേവിഡ് ട്രസഗെ, വില്ലി സന്യോള്‍ എന്നീ വമ്പന്‍മാരുടെ നിരയായിരുന്നു അന്ന് മൊണാകോ. എംബാപ്പെയാണ് ഇക്കുറി മൊണാകോയുടെ ഹീറോ. ചാമ്പ്യന്‍സ് ലീഗിന്റെ സെമിവരെ മുന്നേറാന്‍ മൊണാകോയ്ക്ക് കഴിഞ്ഞു. യുവന്റസിനോടു പൊരുതിയാണ് മടങ്ങിയത്. സീസണില്‍ ആകെ 100 ഗോളടിച്ചു. അതില്‍ 75 എണ്ണം ലീഗില്‍. എറ്റിയെന്‍ ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മൊണാകോയെ 1-1ന് തളച്ചവരാണ്. ഇക്കുറിയും എറ്റിയെന്‍ മൊണാകോയുടെ ഒഴുക്കിനെ തുടക്കത്തില്‍ തടഞ്ഞു. എംബാപ്പെയ്ക്ക് ആദ്യം കിട്ടിയ അവസരം മുതലാക്കാനായില്ല. തുടര്‍ന്ന് ഫല്‍കാവോ നല്‍കിയ പാസ് എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചു. 74-ാം മിനിറ്റിലായിരുന്നു ജെര്‍മെയ്ന്റെ ഗോള്‍.

Categories