21 June Thursday
ആദ്യ ട്വന്റി‐20‌യിൽ ഇന്ത്യക്ക് 28 റൺ ജയം

ഇന്ത്യ 1/1

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

അരസെഞ്ചുറി നേടിയ ശിഖർ ധവാൻ ബൗണ്ടറി നേടുന്നു

ജൊഹന്നാസ്ബർഗ് > ട്വന്റി‐20യിലും ഇന്ത്യതന്നെ. ഏകദിനപരമ്പരയിലെ ആധികാരിക പ്രകടനത്തിന് തുടർച്ചയിട്ട് ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി‐20 പരമ്പരയുടെ ഒന്നാമത്തെ കളിയിലും ഇന്ത്യ 28 റണ്ണിന്റെ ജയംകുറിച്ചു. ബാറ്റിങ്ങിൽ ശിഖർ ധവാനും (39 പന്തിൽ 72) ബൗളിങ്ങിൽ ഭുവനേശ്വർ കുമാറും (5‐24) തിളങ്ങിയപ്പോൾ ട്വന്റി‐20യിലെ കരുത്തരായ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ മുന്നിൽ ചെറുതായി. മൂന്ന് കളിയുടെ പരമ്പരയിൽ ഇന്ത്യ 1‐0ന് മുന്നിലെത്തി. സ്കോർ ഇന്ത്യ 5‐203, ദക്ഷിണാഫ്രിക്ക 9‐175.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ജൊഹന്നാസ്ബർഗിലെ പിച്ചിൽ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിന്റെ രണ്ടാം പന്തുമുതൽ ഇന്ത്യയുടെ ഓപ്പണർമാർ ആഞ്ഞടിച്ചു. രോഹിത് ശർമയായിരുന്നു തുടക്കത്തിൽ അപകടം വിതച്ചത്. രണ്ട് സിക്സറും ഒരു ബൗണ്ടറിയുമടക്കം രോഹിത് 17 റണ്ണെടുത്തപ്പോൾ ഒന്നാം ഓവറിൽ 18 റൺ പിറന്നു. അടുത്ത ഓവറിന്റെ അഞ്ചാംപന്തിൽ ജൂനിയർ ദാലയുടെ ആദ്യ വിക്കറ്റായി പുറത്താകുമ്പോൾ 21 റൺ രോഹിതിന്റെ നേർക്കുചേർന്നിരുന്നു.

ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്ന ദാലയുടെതന്നെ ഇരയായി മടങ്ങി (7 പന്തിൽ 15). അവിടുന്ന് കൂറ്റനടിയുടെ ബാറ്റൺ ധവാൻ ഏറ്റെടുത്തു.അഞ്ചാം ഓവറിൽ 50ഉം ഏഴാം ഓവറിൽ 80ഉം കടന്ന് ഇന്ത്യൻ സ്കോർ കുതിച്ചു. തബ്രെയ്സ് ഷാംസിയുടെ പന്തിൽ ബെഹാർദീൻ വിട്ടുകളഞ്ഞശേഷം വിരാട് കോഹ്ലിയും ആഞ്ഞടിച്ചു. എന്നാൽ ഷംസി തന്നെ കോഹ്ലിയെ (20 പന്തിൽ 26) മടക്കി.

മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ധവാൻ അടി തുടർന്നു. സ്കോർ ഇരുന്നൂറും കടന്ന് കുതിക്കുമെന്ന് തോന്നിച്ചു. എന്നാൽ 15‐ാം ഓവറിൽ ആൻഡിലെ പെഹ്ലുക്വായോയുടെ വേഗംകുറഞ്ഞ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ ധവാൻ മടങ്ങി.  മഹേന്ദ്രസിങ് ധോണിയാണ് പകരമെത്തിയത്. റൺനിരക്ക് താഴാതെ നോക്കിയെങ്കിലും ധോണിക്ക് (11 പന്തിൽ 16) കൂടുതൽ സംഭാവന ചെയ്യാനായില്ല. ക്രിസ് മോറിസിന്റെ പന്തിൽ ധോണിയുടെ ലെഗ്സ്റ്റംപ് തെറിച്ചു. ഹാർദിക് പാണ്ഡ്യയെത്തി തുടരെ രണ്ട് ബൗണ്ടറി പായിച്ചു. ബൗണ്ടറികൾ പിറന്നില്ലെങ്കിലും ഡെയ്ൻ പാറ്റേഴ്സന്റെ അവസാന ഓവറിൽ പാണ്ഡ്യയും പാണ്ഡെയും ഒമ്പതുറൺ ഓടിയെടുത്തു.

ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക മറുപടി തുടങ്ങിയത് ജെ ജെ സ്മട്സും (9 പന്തിൽ 14) റീസ ഹെൻഡ്രിക്സും (50 പന്തിൽ 70)  ബൗണ്ടറികളോടെ തുടങ്ങി. സ്മട്സിനെ പുറത്താക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് ആദ്യമധുരം നൽകി. അധികം വൈകാതെ ഡുമിനിയും (7 പന്തിൽ 3) ഭുവനേശ്വറിന് വിക്കറ്റ് നൽകി മടങ്ങി. കൂറ്റനടിക്കാരൻ ഡേവിഡ് മില്ലെർക്കും (5 പന്തിൽ 9) അധികം സംഭാവന ചെയ്യാനായില്ല. നാലാംവിക്കറ്റിൽ  ഹെൻഡ്രിക്സിനൊപ്പം ബെഹാർദീൻ  (27 പന്തിൽ 39) ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചു. രണ്ടാംവരവിൽ പക്ഷേ ഭുവനേശ്വർ അത് തീർത്തു.

സ്കോർ
ഇന്ത്യ: രോഹിത് സി ക്ലാസെൻ ബി ദാല 21, ധവാൻ സി ക്ലാസെൻ ബി പെഹ്ലുക്വായോ 72, റെയ്ന സി ആൻഡ് ബി ദാല 15, കോഹ്ലി എൽബിഡബ്ല്യൂ ബി ഷാംസി 26, മനീഷ് 29*, ധോണി ബി മോറിസ് 16, ഹാർദിക് 13*, എക്സ്ട്രാസ് 11, ആകെ 5‐203. വിക്കറ്റ് വീഴ്ച: 1‐23, 2‐49, 3‐108, 4‐155, 5‐183. ബൗളിങ്: പാറ്റേഴ്സൺ 4‐0‐48‐0, ദാല 4‐0‐47‐2, മോറിസ് 4‐0‐39‐1, ഷാംസി 4‐0‐37‐1, സ്മട്സ് 2‐0‐14‐0, പെഹ്ലുക്വായോ 2‐0‐16‐1.

ദക്ഷിണാഫ്രിക്ക: സ്മട്സ് സി ധവാൻ ബി ഭുവനേശ്വർ 14, ഹെൻഡ്രിക്സ് സി ധോണി ബി ഭുവനേശ്വർ 70, ഡുമിനി സി റെയ്ന ബി ഭുവനേശ്വർ 3, മില്ലെർ സി ധവാൻ ബി പാണ്ഡ്യ 9, ബെഹാർദീൻ സി പാണ്ഡെ ബി ചഹാൽ 39, ക്ലാസെൻ സി റെയ്ന ബി ഭുവനേശ്വർ 16, പെഹ്ലുക്വായോ സി ചഹാൽ ബലി ഉനദ്കട്ട് 13, മോറിസ് സി റെയ്ന ബി ഭുവനേശ്വർ 0, പാറ്റേഴ്സൺ റണ്ണൗട്ട് പാണ്ഡ്യ/ധോണി 1, ദാല 2*, ഷാംസി 0*. എക്സ്ട്രാസ് 8. ആകെ 9‐175. വിക്കറ്റ് വീഴ്ച: 1‐29, 2‐38, 3‐48, 4‐129, 5‐154, 6‐158, 7‐158, 8‐159, 9‐175. ബൗളിങ്: ഭുവനേശ്വർ 4‐0‐24‐5, ഉനദ്കട്ട് 4‐0‐33‐1, ബുമ്ര 4‐0‐32‐0, പാണ്ഡ്യ 5‐0‐45‐1, ചഹാൽ 4‐0‐39‐1.

പ്രധാന വാർത്തകൾ
Top