22 October Monday

പരമ്പര ഇന്ത്യക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

ലങ്കക്കെതിരെ മൂന്നുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

വിശാഖപട്ടണം > ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി. അവസാനമത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ജയം. മൂന്ന് മത്സരപരമ്പരയിലെ ആദ്യ രണ്ടെണ്ണത്തില്‍ ഇരു ടീമുകളും ഓരോജയം നേടിയിരുന്നു. തുടര്‍ച്ചയായ എട്ടാം ഏകദിന പരമ്പരയാണ് ഇന്ത്യ നേടുന്നത്.

ആദ്യം ബാറ്റ്ചെയ്ത ലങ്ക 44.5 ഓവറില്‍ 215ന് പുറത്തായി. ഇന്ത്യ 107 പന്ത് ശേഷിക്കെ ജയംനേടി. സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് (85 പന്തില്‍ 100*) ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ലങ്കയുടെ മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ മികച്ച കളിക്കാരന്‍ ധവാനാണ്. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. മൂന്ന് ട്വന്റി-20യാണ് ഇനി പരമ്പരയില്‍. 20ന് ആരംഭിക്കും. സ്കോര്‍: ശ്രീലങ്ക 215 (44.5); ഇന്ത്യ 2-219 (32.1).
ക്യാപ്റ്റന്‍ രോഹിതിനെ (14 പന്തില്‍ 7) പെട്ടെന്ന് നഷ്ടമായെങ്കിലും ഇന്ത്യക്ക് കൂടുതല്‍ വിയര്‍ക്കേണ്ടിവന്നില്ല. ധവാനും ശ്രേയസ് അയ്യരും (63 പന്തില്‍ 65) ചേര്‍ന്ന് അനായാസം റണ്ണടിച്ചു. ശ്രേയസിനുശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് (31 പന്തില്‍ 26*) വിജയറണ്‍നേടി.

രണ്ട് സിക്സറും 13 ബൌണ്ടറികളും ഉള്‍പ്പെട്ടതാണ് ധവാന്റെ ഇന്നിങ്സ്. ലങ്കന്‍ ബൌളര്‍മാര്‍ക്ക് ഒരവസരവും നല്‍കിയില്ല. ലങ്കയുടെ എട്ട് കളിക്കാരാണ് പന്തെറിയാനെത്തിയത്. രണ്ടാം വിക്കറ്റില്‍ ശ്രേയസുമായി ചേര്‍ന്ന് ധവാന്‍ 135 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. മികച്ചകളി പുറത്തെടുത്ത ശ്രേയസ് ഒടുവില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഒരു സിക്സറും എട്ട് ബൌണ്ടറികളുമായിരുന്നു ആ ഇന്നിങ്സില്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്ചെയ്ത ലങ്കയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയത്. ഉപുല്‍ തരംഗയും (82 പന്തില്‍ 95) സദീര സമരവിക്രമയും (57 പന്തില്‍ 42) ലങ്കയ്ക്ക് മികച്ച അടിത്തറയിട്ടു. എന്നാല്‍ തരംഗയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണി സ്റ്റമ്പ് ചെയ്തതോടെ ലങ്ക തകര്‍ന്നു. ഇന്ത്യക്കുവേണ്ടി കുല്‍ദീപും യുശ്വേന്ദ്ര ചഹലും മൂന്ന് വീതം വിക്കറ്റ് നേടി. ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റ് കിട്ടി.

പ്രധാന വാർത്തകൾ
Top