Top
21
Thursday, September 2017
About UsE-Paper

കേരളം കിരീടത്തിലേക്ക്

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണംനേടിയ കേരളത്തിന്റെ എന്‍ വി ഷീന

ഗുണ്ടൂര്‍> ദേശീയ സീനിയര്‍ അത്ലറ്റിക്സില്‍ കേരളം കിരീടത്തിനരികെ. ഏറിനങ്ങളില്‍ പിറകോട്ടടിച്ചിട്ടും ജമ്പിങ് പിറ്റിലെയും ട്രാക്കിലെയും മികവില്‍ കേരളം മൂന്നാംദിവസം അവസാനിക്കെ ഒന്നാമതെത്തി. ഏഴുസ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവുമടക്കം 89 പോയിന്റുമായാണ് കേരളം പോയിന്റ്പട്ടികയില്‍ ഒന്നാമതെത്തിയത്. 77.5 പോയിന്റുമായി ഹരിയാന രണ്ടാമതും 69 പോയിന്റുമായി പഞ്ചാബ് മൂന്നാംസ്ഥാനത്തുമാണ്.

നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് ട്രിപ്പിള്‍ജമ്പില്‍ എന്‍ വി ഷീനയാണ് മൂന്നാംദിനത്തില്‍ ആദ്യസ്വര്‍ണം സമ്മാനിച്ചത്. ദിവസത്തെ അവസാനയിനമായ 4-100 മീറ്റര്‍ റിലേയില്‍ വനിതകളിലൂടെ രണ്ടാം സ്വര്‍ണമെത്തി. പുരുഷന്മാര്‍ വെങ്കലത്തില്‍ ഒതുങ്ങി. സമാപനദിനമായ ഇന്ന് 16 ഫൈനലുകള്‍ നടക്കും. അതിവേഗക്കാരെ ഇന്നറിയാം.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വെങ്കലനേട്ടം സ്വര്‍ണമാക്കി മാറ്റുകയായിരുന്നു ഷീന. ട്രിപ്പിള്‍ജമ്പില്‍ 12.78 മീറ്റര്‍ ദൂരം ചാടിയാണ് ഷീന കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. മൂന്നാമത്തെ ശ്രമത്തിലാണ് ഷീന സ്വര്‍ണദൂരം താണ്ടിയത്. കര്‍ണാടകയുടെ ജോയ്ലിന്‍ എം ലോബോ 12.52 മീറ്ററില്‍ വെള്ളി നേടി. ആന്ധ്രാപ്രദേശിന്റെ ജി കാര്‍ത്തികയ്ക്കാണ് (12.51 മീ) വെങ്കലം. കേരളത്തിന്റെ അലീന ജോസ് നാലാമതായി.

4-100 മീറ്റര്‍ റിലേയില്‍ 46.75 സെക്കന്‍ഡിലായിരുന്നു കേരള വനിതകള്‍ സ്വര്‍ണത്തിലേക്കു കുതിച്ചത്. യു വി ശ്രുതി രാജാണ് തുടങ്ങിയത്. എം സുഗിനയും രമ്യരാജനും നല്‍കിയ ലീഡ് മെര്‍ലിന്‍ ജോസഫ് നിലനിര്‍ത്തിയപ്പോള്‍ കേരളം ഒന്നാമതായി അവസാനവര കടന്നു. കര്‍ണാടക (47.50) വെള്ളിയും മഹാരാഷ്ട്ര (47.79) വെങ്കലവും നേടി. പുരുഷന്‍മാരില്‍ 41.51 സെക്കന്‍ഡില്‍ ഫിനിഷ്ചെയ്ത കേരളത്തിന് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 41.13 സെക്കന്‍ഡില്‍ തമിഴ്നാട് സ്വര്‍ണം നേടി. 41.25 സെക്കന്‍ഡില്‍ ഓടിയെത്തിയ മഹാരാഷ്ട്രയ്ക്കാണ് വെള്ളി. കെ ആര്‍ അജിത്, കെ പി അശ്വിന്‍, ടി എന്‍ അല്‍ത്താഫ്, അനുരൂപ് ജോണ്‍ എന്നിവരാണ് കേരളത്തിനായി ബാറ്റണ്‍ ഏന്തിയത്.

വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തിലൂടെയാണ് മൂന്നാംദിനം മത്സരങ്ങള്‍ തുടങ്ങിയത്.  ഡല്‍ഹിയുടെ ബി സൌമ്യ 1 മണിക്കൂര്‍ 42:23.68 മിനിറ്റില്‍ സ്വര്‍ണം നേടി. പഞ്ചാബിന്റെ കരംജിത് കൌര്‍ (1:44:47.69) വെള്ളിയും ഉത്തര്‍പ്രദേശിന്റെ പ്രിയങ്ക (1:45:44.28) വെങ്കലവും നേടി. കേരളത്തിന്റെ കെ മരിയ മാര്‍ഗരറ്റിന് അഞ്ചാംസ്ഥാനത്തും ടെസ്ന ജോസഫിന് എട്ടാമതും എത്താനേ കഴിഞ്ഞുള്ളൂ.

വനിതകളുടെ പോള്‍വോള്‍ട്ടില്‍ കര്‍ണാടകയുടെ ഖയാത്തി വകരായ് 3.70 മീറ്റര്‍ ഉയരത്തില്‍ സ്വര്‍ണം നേടി. പഞ്ചാബിന്റെ കിരണ്‍ബീര്‍ കൌര്‍ (3.40) വെള്ളിയും തമിഴ്നാടിന്റെ മഞ്ജുക (3.30 മീറ്റര്‍) വെങ്കലവും നേടി. കേരളത്തിന്റെ മെല്‍ബി ടി മാനുവലിന് അഞ്ചാമത് എത്താനേ കഴിഞ്ഞുള്ളൂ.

വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ അത്ലറ്റിക് ഫെഡറേഷന്റെ ചിന്ത യാദവ് 10 മിനിറ്റ് 10.22 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഉത്തര്‍പ്രദേശിന്റെ വിജയലക്ഷ്മി (10:41.41) വെള്ളിയും മഹാരാഷ്ട്രയുടെ വര്‍ഷ ഭവാരി (10:48.37) വെങ്കലവും നേടി. കേരളത്തിന്റെ ഏഞ്ചല്‍ ജെയിംസ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എം എസ് ശ്രുതിക്ക് ആറാംസ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

പുരുഷ ഹൈജമ്പില്‍ ഡല്‍ഹിയുടെ തേജസ്വിന്‍ ശങ്കര്‍ ദിവസത്തെ ഏക മീറ്റ് റെക്കോഡ് കുറിച്ചു. 2.23 മീറ്റര്‍ ഉയരത്തില്‍ ദേശീയ റെക്കോഡുകാരന്‍കൂടിയായ തേജസ്വിന്‍ സ്വര്‍ണമണിഞ്ഞു. 2007ല്‍ ഹരിശങ്കര്‍ റോയ് മറികടന്ന 2.22 മീറ്റര്‍ റെക്കോഡ് പഴയതായി. കര്‍ണാടകയുടെ ബി ചേതന്‍ 2.19 മീറ്ററില്‍ വെള്ളിനേടിയപ്പോള്‍ ഹരിയാനയുടെ അജയകുമാര്‍ 2.17 മീറ്ററില്‍ വെങ്കലംനേടി. കേരളത്തിന്റെ കെ കെ ദില്‍ഷിന്‍ (1.90) പത്താമതായി.

Categories