18 June Monday

ഫെഡറര്‍, പുല്‍ക്കോര്‍ട്ടിലെ കാവ്യസൌന്ദര്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

വിംബിള്‍ഡണ്‍ > ഗ്യാലറിയില്‍ ഭാര്യ മിര്‍കയെയും നാല് മക്കളെയും നോക്കി കൈവീശുമ്പോള്‍ കണ്ണുനീരടക്കുകയായിരുന്നു ഫെഡറര്‍. ചരിത്രംകുറിച്ചതിന്റെയല്ല, എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി നല്‍കിയതിന്റെ ആനന്ദക്കണ്ണീര്‍. കിരീടങ്ങളുടെ എണ്ണമോ, മറികടന്ന റെക്കോഡുകളോ അല്ല, വീണ്ടുമൊരിക്കല്‍ക്കൂടി വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടില്‍ ജേതാവായി നില്‍ക്കുമെന്ന ഉറച്ച വിശ്വാസം സത്യമായതാണ് ഫെഡററെ ആനന്ദിപ്പിച്ചത്. അഞ്ചുവര്‍ഷമാണ് ഫെഡറര്‍ കാത്തിരുന്നത്. ഒടുവില്‍, ഓള്‍ ഇംഗ്ളണ്ട് ക്ളബ്ബിന്റെ ചുമരില്‍ ഒരിക്കല്‍ക്കൂടി തന്റെ പേര് എഴുതിച്ചേര്‍ത്ത്, വീണ്ടുമെത്തുമെന്ന് പ്രഖ്യാപിച്ച് കിരീടവുമായി തലയുയര്‍ത്തിനിന്നു.

അതുതന്നെയാണ് റോജര്‍ ഫെഡറര്‍ എന്ന സ്വിറ്റ്സര്‍ലന്‍ഡുകാരനെ ഇതിഹാസതുല്യനാക്കുന്നത്. ആഗസ്ത് എട്ടിന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ് ഫെഡറര്‍. പക്ഷേ, പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ പ്രായമേറുംതോറും ഫെഡറര്‍ കരുത്തനാകുന്നു. കവിതപോലെ  കോര്‍ട്ടില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. കൊള്ളിയാന്‍പോലെ എയ്സുകള്‍ ഉതിര്‍ക്കുന്നു. പൂമ്പാറ്റയെപ്പോലെ പുല്‍കോര്‍ട്ടില്‍ പാറിനടക്കുന്നു. എതിരാളിയുടെ മനസ്സിളക്കുന്ന മാന്ത്രികനാകുന്നു. ഒടുവില്‍ ഒരൊറ്റ ചിരിയില്‍ ലോകത്തെ കീഴടക്കുന്നു. 

വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ടില്‍ മാരിന്‍ സിലിച്ചിനെ നിഷ്പ്രഭനാക്കിയശേഷം സംസാരിക്കവെ ഫെഡറര്‍ പറഞ്ഞു, ഇതാണ് തന്റെ മികച്ച കളി. എന്നാല്‍ ഇതു വിശ്വസിക്കാന്‍ പ്രയാസമാണ്. കഴിഞ്ഞവര്‍ഷത്തെ മോശം പ്രകടനത്തിനുശേഷം തിരിച്ചെത്തുമെന്നു കരുതിയതല്ല, പക്ഷേ, ഒരിക്കല്‍ക്കൂടി തിരിച്ചെത്താനാകുമെന്ന് വിശ്വാസം ഉള്ളിലുണ്ടായിരുന്നു. ആ വിശ്വാസമാണ് എന്നെ ഇവിടെയെത്തിച്ചത്. വിശ്വാസമുണ്ടെങ്കില്‍ ജീവിതത്തില്‍ എത്ര ദൂരമെങ്കിലും പോകാന്‍സാധിക്കും.

അടുത്തവര്‍ഷംകൂടി ഇവിടെ തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഒരിക്കല്‍ക്കൂടി കിരീടം നിലനിര്‍ത്തണം- ഫെഡറര്‍ പറഞ്ഞവസാനിപ്പിച്ചു.
പുല്‍കോര്‍ട്ടിലെ മാന്ത്രികന്റെ വാക്കുകളാണത്. അവിശ്വസിക്കേണ്ട കാര്യമില്ല. 2012ല്‍ അവസാന കിരീടം ചൂടിയശേഷം ഒരുവര്‍ഷം വനവാസമായിരുന്നു ഫെഡറര്‍ക്ക്. പിന്നീട് നൊവാക് യൊകോവിച്ചിന്റെ കിരീടധാരണങ്ങള്‍ക്ക് തുടര്‍ച്ചയായ രണ്ടുവര്‍ഷം സാക്ഷിയായി. 2014ലും 2015ലും ഈ സെര്‍ബിയന്‍താരത്തിന്റെ മികവിനുമുന്നില്‍ ഫൈനലുകള്‍ നഷ്ടമായിരുന്നു ഫെഡറര്‍ക്ക്.

കളിയെഴുത്തുകാര്‍ യൊകോവിച്ചിനെ പുതിയ രാജാവായി വാഴിച്ചു. കളിമണ്‍കോര്‍ട്ടില്‍ റാഫേല്‍ നദാലിന്റെ തളര്‍ച്ച യൊകോവിച്ചിന്റെ ആധിപത്യം പൂര്‍ത്തിയാക്കി.
പക്ഷേ, ഒരു തിരിച്ചുവരവ് കാലം കാത്തുവച്ചിരുന്നു. ഈ വര്‍ഷം ഫെഡററുടേതായിരുന്നു. അഞ്ച് കിരീടങ്ങള്‍. ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാലിനെ കീഴടക്കി ഫെഡറര്‍ തിരികെയെത്തി. അതിഗംഭീരമായിരുന്നു ആ കിരീടധാരണം. പിന്നീട് വിശ്രമം. നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടംനേടുന്നത് കണ്ടു. പക്ഷേ, തനിക്കുള്ളത് താന്‍ നേടുമെന്നുറച്ചിരുന്നു ഫെഡറര്‍. അത് നടപ്പാക്കുകയും ചെയ്തു.

ഫൈനലിലേക്കുള്ള കുതിപ്പ് കടുപ്പമായിരുന്നില്ല ഫെഡറര്‍ക്ക്. അഞ്ചുസെറ്റ് നീണ്ട മത്സരം ഒന്നുപോലും ഉണ്ടായില്ല. പ്രീക്വാര്‍ട്ടറില്‍ ഗ്രിഗോര്‍ ദിമിത്രോവ് 6-4, 6-2, 6-4ന് അടിയറവു പറഞ്ഞു. ക്വാര്‍ട്ടറില്‍ മിലോസ് റവോണിച്ച് അവസാന സെറ്റില്‍ മാത്രം പരീക്ഷിച്ചു (6-4,6-2, 7-6). സെമിയില്‍ തോമസ് ബെര്‍ഡിച്ച്. ആദ്യ രണ്ടു സെറ്റുകള്‍ ടൈബ്രേക്കിലെത്തിക്കാന്‍ ബെര്‍ഡിച്ച് വിജയിച്ചെങ്കിലും ഫെഡററുടെ മികവിനെ വെല്ലാനായില്ല (7-6, 7-6, 6-4).

ഫൈനല്‍ ഇത്ര എളുപ്പമാകുമെന്ന് ഫെഡറര്‍ കരുതിയിരിക്കില്ല. സിലിച്ച് മികവിലായിരുന്നു. അട്ടിമറിക്കാരന്‍ സാം ക്വെറിയെ തകര്‍ത്താണ് സിലിച്ച് കലാശപ്പോരാട്ടത്തിലെത്തിയത്. പക്ഷേ, പ്രതീക്ഷിച്ച പോരാട്ടം പുറത്തെടുക്കാനാകാതെ ഈ ക്രൊയേഷ്യക്കാരന്‍ കീഴടങ്ങി. ഫെഡററുടെ മുന്നില്‍ കാലിടറി. പിഴവുകളും ഇരട്ടപ്പിഴവുകളും ഒന്നിനുപിറകെ ഒന്നായി വന്നു. 6-3, 6-1, 6-4ന് ഫെഡറര്‍ കിരീടമണിഞ്ഞു.

ഫെഡററുടെ 11-ാം വിംബിള്‍ഡണ്‍ ഫൈനലായിരുന്നു ഇത്. എട്ടാം കിരീടനേട്ടംകൊണ്ട് മറികടന്നത് വില്യം റെന്‍ഷോയെയും കഴിഞ്ഞനൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ പീറ്റ് സംപ്രാസിനെയും. ഇരുവര്‍ക്കും ഏഴ് കിരീടങ്ങള്‍വീതം. ഗ്രാന്‍ഡ് സ്ളാം നേട്ടം 19ലേക്കുയര്‍ത്തി. ആകെ കിരീടങ്ങള്‍ 93ലേക്കും. ജിമ്മി കോണോഴ്സും (109), ഇവാന്‍ ലെന്‍ഡലും (94) മാത്രം ഇനി മുന്നില്‍.

ഇവരുടെ നേട്ടങ്ങളും ഫെഡററുടെ റാക്കറ്റിനുകീഴിലാകാന്‍ വൈകില്ല. വീര്യംകൂടുകയാണ് ഈ സ്വിറ്റ്സര്‍ലന്‍ഡുകാരന്റെ വേഗങ്ങള്‍ക്ക്.

പ്രധാന വാർത്തകൾ
Top