20 April Friday

ലങ്കയ്ക്ക് ജയിക്കാന്‍ 218

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017


കൊളംബോ > സിംബാബ്വെയുമായുള്ള ഏക ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം ഏഴുവിക്കറ്റ് ശേഷിക്കെ 218 റണ്‍ അകലെ. രണ്ടാം ഇന്നിങ്സില്‍ 377 റണ്ണെടുത്ത് പുറത്തായ സിംബാബ്വെ 387 റണ്ണിന്റെ വിജയലക്ഷ്യമാണ് മുന്നില്‍വച്ചത്. ഒരുദിവസം ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിന് ലങ്ക 170 റണ്ണെടുത്തു.

മധ്യനിരക്കാരന്‍ സിക്കന്ദര്‍ റാസയുടെ സെഞ്ചുറിയും (205 പന്തില്‍ 127) വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പുമാണ് സിംബാബ്വെയ്ക്ക് രണ്ടാം ഇന്നിങ്സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. മാല്‍കാം വാലര്‍ 68ഉം പീറ്റര്‍ മോര്‍ 40ഉം ക്യാപ്റ്റന്‍ ഗ്രേയം ക്രെമര്‍ 48ഉം റണ്ണെടുത്തു. നേരത്തെ രംഗന ഹെരത്തിന്റെ സ്പിന്നിനുമുന്നില്‍ സിംബാബ്വെയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പെട്ടെന്ന് മടങ്ങിയിരുന്നു. ഹെരത്ത് ആറുവിക്കറ്റെടുത്തു. ദില്‍റുവാന്‍ പെരേര മൂന്നും.

രണ്ടാം ഇന്നിങ്സില്‍ 27 റണ്ണെടുത്ത ഓപ്പണര്‍ ഉപുല്‍ തരംഗയെ ലങ്കയ്ക്ക് ആദ്യം നഷ്ടമായി. ദിമുത് കരുണരത്നയും (48), കുശാല്‍ മെന്‍ഡിസും (60*) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കരുണരത്നെയെ ഷോണ്‍ വില്യംസും ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമലിനെ (15) ക്രെമറും പുറത്താക്കി. ഏഞ്ചലോ മാത്യൂസും (17*) മെന്‍ഡിസുമാണ് ക്രീസില്‍.

പ്രധാന വാർത്തകൾ
Top