19 September Wednesday

കൊളറോവ്‌ അടിച്ചു, കോസ്‌റ്റ റിക്ക വീണു

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

സമാറ > എട്ട് വർഷത്തിനുശേഷമുള്ള തിരിച്ചുവരവിൽ സെർബിയക്ക് വിജയമധുരം. ബ്രസീൽ ലോകകപ്പിൽ അത്ഭുത കുതിപ്പ് നടത്തിയ കോസ്റ്റ റിക്കയെ സെർബിയ ഒരു ഗോളിന് കീഴടക്കി. ക്യാപ്റ്റൻ അലെക്സാണ്ടർ കൊളറോവിന്റെ ഉശിരൻ ഫ്രീകിക്ക് ഗോളിലാണ് സെർബിയയുടെ ജയം. അച്ചടക്കമുള്ള കളിയുമായി സെർബിയ സമാറയിൽ നിറഞ്ഞപ്പോൾ അമിത പ്രതിരോധവുമായി ഇറങ്ങിയ കോസ്റ്റ റിക്കയ്ക്ക് പിഴവുപറ്റി. ഗോൾകീപ്പർ കെയ്ലർ നവാസിന്റെ ചില മിന്നൽനീക്കങ്ങളാണ് കോസ്റ്റ റിക്കയെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് തടഞ്ഞത്. ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പ് ഇയിൽ നിർണായകമാണ് സെർബിയയുടെ ഈ  ജയം.

പ്രതിരോധത്തിൽ അഞ്ച് പേരെ നിർത്തിയുള്ള ബ്രസീൽലോകകപ്പിലെ ശൈലി കോസ്റ്റ റിക്ക കോച്ച് റാമിറെസ് ഒസ്കാർ ആവർത്തിച്ചു. മറുവശത്ത് സെർബിയയുടേത് ഒത്തിണക്കമുള്ള കൂട്ടമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നെമാന്യ മാറ്റിച്ച് നയിക്കുന്ന മധ്യനിരയും കൊളറോവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും കസറി. മിലിങ്കോവിച്ച് കളി മെനഞ്ഞു. മുന്നേറ്റത്തിൽ അലെക്സാണ്ടർ മിത്രോവിച്ച് അവസരങ്ങൾ പാഴാക്കിയതൊഴിച്ചാൽ സെർബിയ ഒരു പൂർണ സംഘമായിരുന്നു. ചെസ് കളത്തിലെ നീക്കങ്ങളെപ്പോലെയായിരുന്നു സെർബിയയുടെ കളി. അത്രയും വ്യക്തവും പൂർണവും. ആദ്യ 20 മിനിറ്റ് വേഗതയുള്ള കളികൊണ്ട് സെർബിയയും കോസ്റ്റ റിക്കയും സമാറ സ്റ്റേഡിയത്തിലെ ആൾക്കൂട്ടത്തെ രസിപ്പിച്ചു. ഇരുവശവും നല്ല നീക്കങ്ങൾ ഉണ്ടായി. കോസ്റ്റ റിക്കയ്ക്ക് കിട്ടിയ ആദ്യ അവസരം ജിയാൻകാർലോ ഗൊൺസാലസ് പാഴാക്കി.

മാറ്റിച്ച് ‐ മിലിവോജെവിച്ച് സഖ്യം മധ്യനിരയിൽ സെർബിയക്ക് സന്തുലനം നൽകി. മറുവശത്ത് കളി പുരോഗമിക്കുംതോറും ബ്രയാൻ റൂയിസും സംഘത്തിന് പന്ത് നിയന്ത്രിക്കാനായില്ല. ടോസിച്ചും മിലെങ്കോവിച്ചും സെർബിയയുടെ പ്രതിരോധ ഹൃദയത്തിൽ ഉറച്ചുനിന്നതോടെ കോസ്റ്റ റിക്കയുടെ ഗോൾമോഹം കെട്ടു.
രണ്ടാംപകുതിയിൽ ഒന്നൊന്നായി അവസരങ്ങളുണ്ടായി. കോസ്റ്റ റിക്കയുടെ പ്രതിരോധക്കോട്ട ഉരുകി. ഗോൾ കീപ്പർ നവാസ് മാത്രം സെർബിയയുടെ നീക്കങ്ങളെ സമർഥമായി പ്രതിരോധിച്ചു.  സെർബിയ നിരയിൽ മിത്രോവിച്ചിനാണ് കൂടുതൽ അവസരങ്ങൾ കിട്ടിയത്. ഇടവേളയ്ക്കുശേഷമുള്ള ആദ്യഘട്ടത്തിൽതന്നെ മിത്രോവിച്ചിന്റെ കാലിൽ പാകത്തിന് പന്ത് കിട്ടി. ഗോളി മാത്രം മുന്നിൽ നിൽക്കെ അടിപായിക്കാനായില്ല ഈ മുന്നേറ്റക്കാരന്. നവാസ് പെട്ടെന്ന് പന്ത് പിടിച്ചെടുത്ത് അപകടമൊഴിവാക്കി.
മത്സരം ഒരുമണിക്കൂർ പിന്നിട്ടപ്പോൾ വിധി നിർണയിച്ച ഗോൾ പിറന്നു. 25 വാര അകലെവച്ച് സെർബിയക്ക് ഫ്രീകിക്ക്. കൊളറോവ് അടിതൊടുത്തു. കോസ്റ്റ റിക്ക പ്രതിരോധ ഭിത്തിക്ക് മുകളിലൂടെ പന്ത് ശക്തിയോടെ പറന്നു. പിന്നെ വലതുമൂലയിലേക്ക് ചാഞ്ഞു. നവാസിന്റെ ചാട്ടം വെറുതെയായി. ആ ഗോളിൽ സെർബിയ ആഘോഷിച്ചു, ജയവും.

പ്രധാന വാർത്തകൾ
Top