13 November Tuesday
ജംഷെഡ്പുർ എഫ്സി 2‐ബ്ലാാസ്റ്റേഴ്സ് 1

രണ്ടടിയിൽ ബ്ലാസ്റ്റേഴ്‌സ് വീണു

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

ജംഷെഡ്പുർ എഫ്‌സി


ജംഷെഡ്പുർ > കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിർതട്ടകത്തിലെ തിളക്കം മങ്ങി. ജംഷെഡ്പുർ എഫ്‌സിയുടെ മൈതാനിയിൽ ഒന്നിനെതിരെ രണ്ടുഗോളിന് ബ്ലാസ്റ്റേഴ്‌സ് തോറ്റു. ജെറി മാവിമിങ്താംഗയുടെ അതിവേഗ ഗോളും അസിം ബിശ്വാസിന്റെ ഇടവേളയ്ക്ക് മുമ്പുള്ള ഗോളും ജംഷെഡ്പുരിന്റെ ജയമുറപ്പിച്ചു. പരിക്കുസമയത്ത് പകരക്കാരൻ മാർകസ് സിഫ്‌നിയോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ മടക്കഗോൾ നേടിയത്.

ജയത്തോടെ ഒമ്പത് കളിയിൽ 13 പോയിന്റുമായി ജംഷെഡ്പുർ ഏഴാംപടിയിലേക്ക് കയറി. ബ്ലാസ്റ്റേഴ്‌സ് 10ൽ 14 പോയിന്റോടെ ആറാമത് തുടർന്നു.
നാലുമാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകന്റെ സംഘത്തിനെ എതിരിടാനിറങ്ങിയത്. ഗോൾകീപ്പർ സുഭാശിഷ് റോയ്, റിനോ ആന്റോ, ജാക്കിചന്ദ് സിങ്, മാർക് സിഫ്‌നിയോസ് എന്നിവർ പുറത്തിരുന്നു. പകരം, പോൾ റചുബ്കയും സാമുവൽ ഷാദാപും കരൺ സാഹ്‌നിയും സി കെ വിനീതും ആദ്യ പതിനൊന്നിൽ ഇടംപിടിച്ചു. പക്ഷേ ഡേവിഡ് ജെയിംസിന്റെ ഈ മാറ്റങ്ങൾക്ക് കളിയുടെ ആദ്യമിനിറ്റിൽതന്നെ തിരിച്ചടിയേറ്റു. ജെറിയുടെ 22ാം സെക്കൻഡിലെ ഗോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ ഇടിത്തീയായി വന്നുപതിച്ചു. പിന്നെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുകയറാനായില്ല. ഗോളിലേക്ക് തൊടുക്കാൻ ഒന്നോ രണ്ടോ അവസരമുണ്ടാക്കിയതല്ലാതെ നീക്കങ്ങൾക്ക് ലക്ഷ്യബോധമുണ്ടായില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ വയസ്സൻ പടക്കുതിര വെസ് ബ്രൗണിന്റെ പിഴവിൽനിന്നാണ് ജെറിയുടെ ഗോൾ പിറന്നത്. ആദ്യ ടച്ചിൽതന്നെ പന്തുമായി മുന്നേറിയ ജംഷെഡ്പുർ കളിക്കാർ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധമേഖലയിലെത്തി. ബോക്‌സിന് പുറത്ത് രണ്ട് പാസ്. പന്ത് അഷിം ബിശ്വാസിന്റെ കാലിൽ. ഓഫ്‌സൈഡ് കെണിക്കായി മുന്നോട്ടുകയറിനിന്നു ബ്രൗൺ. ഇടതുവശത്ത് ലാൽറുവാത്താരയും. പക്ഷേ ഇരുവരും കാണാ തിരുന്ന ജെറിയെ ബിശ്വാസ് കണ്ടു. ജെറിയുടെ മുന്നോട്ടായലിന് കണക്കാക്കി ഈ ബംഗാൾ താരത്തിന്റെ വരച്ചുവച്ചെന്ന പോലെയുള്ള ത്രൂപാസ്. ഓഫ്‌സൈഡ് കെണിപൊട്ടിച്ച ജെറി മുന്നോട്ടാഞ്ഞ റചുബ്കയെ ഒന്ന് വലംചുറ്റി പന്തിനെ വലയിലേക്കയച്ചു. റചുബ്ക ഓഫ്‌സൈഡിനായി അസിസ്റ്റന്റ് റഫറിയെ നോക്കി കൈയുയർത്തുമ്പോഴേക്കും ജെ ആർഡി ടാറ്റ സ്റ്റേഡിയം ആഘോഷിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് തരിച്ചിരുന്നു. കളിയിലേക്ക് തിരിച്ചുവരാതെ ഏറെ നേരം. അതിനിടയിൽ ഒരിക്കൽകൂടി ജംഷെഡ്പുർ മുന്നേറ്റം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം വിറപ്പിച്ചു. പക്ഷേ ഇസു അസുകയുടെ ഹെഡ്ഡറിന് ശക്തിയില്ലാതെപോയി.

21ാം മിനിറ്റുവരെ ബ്ലാസ്റ്റേഴ്‌സ് കാര്യമായ നീക്കങ്ങളില്ലാതെ ഉഴറി നടന്നു. മധ്യനിരയിൽനിന്ന് പന്തുമായി നീങ്ങിയ വിനീതിനെ കോർണർവഴങ്ങി യുംനം രാജു തടഞ്ഞു. കോർണറിൽ ഹ്യൂമിന്റെ കനത്ത ഹെഡ്ഡർ ഗോളിലേക്ക് പാഞ്ഞു. രാജു വീണ്ടും രക്ഷകനായി. അപകടം കുത്തിയകറ്റി.
കളി കാലിൽനിന്ന് ഊർന്നുപോയ ബ്ലാസ്റ്റേഴ്‌സ് പരുക്കൻ അടവുകൾ പുറത്തെടുക്കാൻ തുടങ്ങി. വെസ് ബ്രൗൺ മഞ്ഞക്കാർഡ് കണ്ടു. കളി തണുത്തു. പക്ഷേ ജംഷെഡ്പുർ അവസരം മുതലാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ വലതുപ്രതിരോധത്തെ ഒരിക്കൽകൂടി കുടുക്കി ജെറി. ഷദാപ് കാലുറയ്ക്കാതെ പന്തുവിട്ടു. പന്തടിച്ചകറ്റാനുള്ള ജിങ്കന്റെ ശ്രമം അഷിം ബിശ്വാസിലേക്ക് വീണു. അധ്വാനിക്കേണ്ടിവന്നില്ല ബിശ്വാസിന്. ബ്ലാസ്റ്റേഴ്‌സ് രണ്ടടി പിറകിലേക്ക് വീണു.

ദുരിതം കൂടുകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. മധ്യനിരയിലെ ഉണർവായ കെസിറോൺ കിസീറ്റോ തോളെല്ലിന് പരിക്കേറ്റ് തിരിച്ചുകയറി. പകരം ലോകെൻ മെയ്‌തേയി ഇറങ്ങി. ഇടവേളയ്ക്കുശേഷം ഷദാപിന് പകരം നെമാന്യ പെസിച്ചും ബൂട്ടണിഞ്ഞു. പക്ഷേ കളി മാറിയില്ല. മുന്നേറ്റത്തിൽ ഇയാൻ ഹ്യൂം പന്തുകിട്ടാതെ ക്രുദ്ധനായി. ഗോൾ മാത്രം പിറന്നില്ല.

ഹ്യൂമിനെ പിൻവലിച്ച് സിഫ്‌നിയോസിനെ ഇറക്കി ഡേവിഡ് ജെയിംസ്. അതിന് പരിക്ക് സമയത്ത് ഗുണവും കണ്ടു. പെകൂസണും ജിങ്കനും ചേർന്ന് വലതുവശത്തുകൂടി നടത്തിയ നീക്കം. ജിങ്കന്റെ ക്രോസ് കുത്തിയകറ്റാൻ ആതിഥേയരുടെ പ്രതിരോധത്തിന് സാധിച്ചില്ല. ഗോളിന് മുന്നിൽ കുത്തി ഉയർന്ന പന്ത് പ്രതിരോധക്കാരന്റെയും ഗോളിയുടെയും ഇടയിലൂടെ വലയിലേക്ക് കുത്തിയിട്ടു സിഫ്‌നിയോസ്. ഒന്നുകൂടി മടക്കാനുള്ള സമയമുണ്ടായിരുന്നില്ല ബ്ലാസ്റ്റേഴ്‌സിന്. 21ന് കൊച്ചിയിൽ എഫ്‌സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
 

പ്രധാന വാർത്തകൾ
Top