21 November Wednesday

യുവേഫ നേഷൻസ‌് ലീഗ്‌: സ്‌പെയ‌്നിനെ ഇംഗ്ലണ്ട‌് വീഴ‌്ത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

സെവിയ്യ > യുവേഫ നേഷൻസ‌് ലീഗിൽ കരുത്തരുടെ പോരിൽ ഇംഗ്ലണ്ടിന‌് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്നുഗോളുകൾക്ക‌്  സ‌്പെയ‌്നിനെ വീഴ‌്ത്തി. ഇരട്ടഗോൾ നേടിയ റഹീം സ്റ്റെർലിങ്ങിന്റെ ഉശിരൻ പ്രകടനമാണ‌് ഇംഗ്ലണ്ടിന‌്  ജയമൊരുക്കിയത‌്. മാർകസ‌് റാഷ‌്ഫഡും ഇംഗ്ലണ്ടിന‌ായി വലകുലുക്കി. രണ്ടുഗോളിന‌് വഴിയൊരുക്കി നായകൻ ഹാരി കെയ‌്നും തിളങ്ങി. പകരക്കാരൻ  പാകോ അൽകാസെറും സെർജിയോ റാമോസുമാണ‌് സ‌്പെയ‌്നിനായി ലക്ഷ്യംകണ്ടത‌്.
ആദ്യപകുതിയിൽ തന്നെ  മൂന്നുഗോളിന‌് മുന്നിലെത്തിയ  ഗാരി സൗത‌്ഗേറ്റിന്റെ സംഘം സ‌്‌പെയ‌്നിനെ അവരുടെ തന്നെ മൈതാനിയിൽ  നിഷ‌്പ്രഭമാക്കി. രണ്ടാംപകുതിയിലും പരിക്കുസമയത്തുമാണ‌്  ആതിഥേയരുടെ മറുപടിഗോളുകൾ. അലസമായി പന്തുതട്ടിയ മധ്യനിരയും കളിമറന്ന പ്രതിരോധവുമാണ‌്  സ്‌പെയ‌്നിന‌് വിനയായത‌്. പേരുകേട്ട ‌സ‌്പാനിഷ‌് പ്രതിരോധം സ്റ്റെർലിങ്– റാഷ‌്ഫഡ‌്– കെയ‌്ൻ ത്രയത്തിനുമുന്നിൽ  ചിതറിപ്പോയി. അവസരങ്ങൾ മുതലാക്കുന്നതിൽ മുന്നേറ്റക്കാരും പരാജയപ്പെട്ടപ്പോൾ ആദ്യപകുതി ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി. ക്രൊയേഷ്യക്കെതിരെയും വെയ‌്ൽസിനെതിരെയും ഗോൾവർഷം നടത്തിയ സ‌്പാനിഷുകാർ സ്വന്തം മണ്ണിൽ തളർന്നു. കഴിഞ്ഞയാഴ‌്ച നടന്ന ലീഗ‌് മത്സരത്തിൽ സ‌്പെയ‌്ൻ ഇംഗ്ലണ്ടിനെ 2–1ന‌് തോൽപ്പിച്ചിരുന്നു.

31 വര്‍ഷത്തിനിടെ സ‌്പാനിഷ് മണ്ണില്‍ ഇംഗ്ലണ്ട് നേടുന്ന ആദ്യജയമാണിത്.1987ലാണ് സ്‌പെയ‌്നിനെതിരെ അവരുടെ നാട്ടില്‍ ഇംഗ്ലണ്ട് അവസാനമായി ജയിച്ചത‌്. സ‌്പെയ‌്നിൽ ഇംഗ്ലണ്ട് അവസാനമായി ഗോള്‍ നേടുന്നതും 1987ലായിരുന്നു. നാലുഗോൾ നേടിയ ഗാരി ലിനേക്കറുടെ കരുത്തിൽ 4–2നാണ‌് 1987ൽ ഇംഗ്ലണ്ട‌് ജയിച്ചത‌്.  15 വർഷത്തിനുശേഷമാണ‌് സ‌്പെയ‌്ൻ സ്വന്തം തട്ടകത്തിൽ തോൽക്കുന്നത‌്. 2003 ജൂണിൽ ഗ്രീസ‌ിനോട‌് തോൽവി വഴങ്ങിയശേഷം 38 മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല. തട്ടകത്തിൽ സ‌്പെയ‌്ൻ മൂന്നോ അതിൽകൂടുതലോ ഗോൾ വഴങ്ങുന്നതും വർഷങ്ങൾക്കുശേഷം.
സ്വന്തം തട്ടകത്തിൽ  നിലയുറപ്പിക്കുംമുമ്പേ  സ‌്പെയ‌്നിനെ ഇംഗ്ലീഷുകാർ നിലംപരിശാക്കി. ചടുലമായ പ്രത്യാക്രമണത്തിലൂടെ കെയ‌്നും കൂട്ടരും മുന്നിലെത്തി. മാഞ്ചസ‌്റ്റർ സിറ്റി മുന്നേറ്റക്കാരൻ സ്റ്റെർലിങ്ങാണ‌് ഗോളടിക്ക‌് തുടക്കമിട്ടത‌്. റാഷ‌്ഫഡിന്റെ പാസ‌് പിടിച്ചെടുത്ത‌് സിറ്റിതാരം തൊടുത്ത ഷോട്ട‌് സ‌്പാനിഷ‌് വലയിൽ പറന്നിറങ്ങി. 1,102 ദിവസങ്ങൾക്കുശേഷമാണ‌് സ്റ്റെര്‍ലിങ് ദേശീയ ടീമിന‌് ഗോൾ നേടുന്നത‌്. 27 മത്സരങ്ങളിലെ ഗോൾ വരൾച്ചയ‌്ക്ക‌് അവസാനം.  2015ലായിരുന്നു ഇതിനുമുമ്പ‌് ഇൗ ഇരുപത്തിമൂന്നുകാരൻ ഇംഗ്ലണ്ടിനായി ലക്ഷ്യംനേടിയത‌്. ആദ്യഗോളിന്റെ ആഘാതം വിട്ടൊഴിയുംമുമ്പ‌് ഇംഗ്ലീഷുകാർ വീണ്ടും സ‌്പെയ‌്നിനെ ഞെട്ടിച്ചു. ആദ്യഗോളിന‌് അവസരമൊരുക്കിയ റാഷ‌്ഫഡിന്റെ വകയായിരുന്നു രണ്ടാം ഗോൾ.

  വലതുപാർശ്വത്തിൽനിന്ന‌് കെയ‌്ൻ നീട്ടിനൽകിയ പാസിൽനിന്നായിരുന്നു ഈ മാഞ്ചസ‌്റ്റർ യുണൈറ്റഡുകാരന്റെ ഗോൾ നേട്ടം. ഇടവേളയ‌്ക്കുപിരിയുംമുമ്പേ ഇംഗ്ലീഷുകാർ ലീഡ‌് വീണ്ടും ഉയർത്തി. അതിനുവഴിയൊരുക്കിയത‌് കെയ‌്ൻ തന്നെ.
ബോക‌്സിന‌കത്തുനിന്ന‌് കെയ‌്ൻ നൽകിയ ഗംഭീരപാസ‌് ക്ലോസ‌് റേഞ്ചിൽവച്ച‌് സ‌്റ്റെർലിങ‌് വലയിലെത്തിച്ചു.
57–ാം മിനിറ്റിൽ സ‌്പാനിഷ‌് മുന്നേറ്റക്കാരൻ സോൾ നിഗ്വേസിനു പകരം കളത്തിൽ ഇറങ്ങിയ അൽകാസെർ ഒരു മിനിറ്റിനകം ലക്ഷ്യംകണ്ടു. മാർകോ അസെൻസിയോയുടെ കോർണർ കിക്ക‌് ഹെഡ്ഡറിലൂടെ അൽകാസെർ വലയിലെത്തിച്ചു. പിന്നാലെ ഇംഗ്ലീഷ‌് ഗോളി പിക‌്ഫോർഡിനെ മറികടന്ന‌് റോഡ്രിഗോ ഗോൾ നേടിയെങ്കിലും റഫറി അനുവദിച്ചില്ല. കളി അവസാനിക്കാൻ ഒരു മിനിറ്റ‌്ശേഷിക്കെ കോർണർ കിക്കിനുതലവച്ച‌്  സെർജിയോ റാമോസ‌് സ‌്പെയ‌്നിന്റെ രണ്ടാംഗോൾ നേടി.


പ്രധാന വാർത്തകൾ
Top