Top
20
Monday, November 2017
About UsE-Paper

യുഎസ് വാഴ്ച

Tuesday Oct 17, 2017
വെബ് ഡെസ്‌ക്‌
പരാഗ്വേക്കെതിരെ ഹാട്രിക് നേടിയ ടിം വിയയുടെ ആഹ്ളാദം

ന്യൂഡല്‍ഹി > ഹാട്രിക്കുമായി നിറഞ്ഞാടിയ ടിം വിയയ്ക്കു മുന്നില്‍ പരാഗ്വേ പൊലിഞ്ഞു. വിയയുടെ ചിറകിലേറി അമേരിക്ക ക്വാര്‍ട്ടറിലേക്ക് കുതിച്ചു. പരാഗ്വേയുടെ തുറന്ന പ്രതിരോധത്തെ കാഴ്ചക്കാരാക്കി അഞ്ചു ഗോളുകളാണ് അമേരിക്കന്‍ കുട്ടികള്‍  വലയിലേക്ക് തൊടുത്തുവിട്ടത്.  അടിക്കാന്‍ മറന്ന പരാഗ്വേയ്ക്ക് തടുക്കാനുമായില്ല. എല്ലാ മേഖലയിലും പരാഗ്വേ പിന്തള്ളപ്പെട്ടു.

മുന്‍ ലോകതാരം ജോര്‍ജ് വിയയുടെ മകന്‍ ടിം വിയയുടെ മികവിലായിരുന്നു അമേരിക്കയുടെ കുതിപ്പ്. മൂന്ന് ഉശിരന്‍ ഗോളുകള്‍ വിയയുടെ കാലില്‍നിന്നു പാഞ്ഞു. ഇടതുഭാഗം അടക്കിഭരിച്ച് ഈ പിഎസ്ജി താരം പരാഗ്വേ പ്രതിരോധത്തെ തകര്‍ത്തുകളഞ്ഞു. ക്യാപ്റ്റന്‍ ജോഷ് സര്‍ജന്റും ആന്‍ഡ്രൂ കാള്‍ട്ടണും അമേരിക്കയ്ക്കായി നിറഞ്ഞുകളിച്ചു. അമേരിക്കയുടെ മൂന്നാമത്തെ ഗോള്‍ നേടിയത് കാള്‍ട്ടണായിരുന്നു. സര്‍ജന്റ് പട്ടിക പൂര്‍ത്തിയാക്കി. സീനിയര്‍ ടീം ലോകകപ്പിനു യോഗ്യത നേടാതെ പുറത്തായതിന്റെ നിരാശയിലുള്ള അമേരിക്കന്‍ ഫുട്ബോളിന് കൌമാരക്കാര്‍ പ്രതീക്ഷ പകരുന്നു.

അവസാന ഗ്രൂപ്പ്മത്സരത്തില്‍ കൊളംബിയയോട് തോറ്റ ടീമില്‍നിന്ന് ഏറെ മാറിയിരുന്നു അമേരിക്ക. പരാഗ്വേയുടെ ഗോളടിമികവിനെ അവര്‍ ഭയപ്പെട്ടില്ല. മറിച്ച് പരാഗ്വേയുടെ തുറന്ന പ്രതിരോധത്തെ ലക്ഷ്യംവയ്ക്കുകയായിരുന്നു സര്‍ജന്റും വിയയുമെല്ലാം. പരാഗ്വേയ്ക്ക് പ്രതിരോധിക്കാനറിഞ്ഞില്ല. ഗ്രൂപ്പ്ഘട്ടത്തില്‍ ആറു ഗോളുകള്‍ വഴങ്ങിയ പരാഗ്വേ അമേരിക്കയുടെ കിടയറ്റ ആക്രമണത്തിനുമുന്നില്‍ വിളറി. അവസാനഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു. അമേരിക്കയാകട്ടെ ലക്ഷ്യത്തിലേക്ക് ആറുതവണ ശ്രമം നടത്തിയതില്‍ അഞ്ചും വലയിലെത്തി.

തുടക്കത്തില്‍ ഇരു ടീമിനും താളം കണ്ടെത്താനായില്ല. പരാഗ്വേയാണ് ആദ്യം മികച്ച നീക്കം നടത്തിയത്. ജൂലിയോ ബയേസിന്റെ മികച്ചൊരു നീക്കം അമേരിക്കന്‍ പ്രതിരോധത്തെ ഉലച്ചു. ബ്രയാന്‍ ഒജേഡ, ലിയനാര്‍ഡോ സാഞ്ചെസ് എന്നിവരും അമേരിക്കയുടെ കോട്ടയിലേക്ക് അതിവേഗത്തില്‍ കടന്നു. കളിയുടെ പത്താം മിനിറ്റിലാണ് അമേരിക്കയുടെ ലക്ഷ്യബോധമുള്ള നീക്കമുണ്ടായത്. വിയയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്ത്. അതൊരു തുടക്കമായിരുന്നു. 17-ാം മിനിറ്റില്‍ വിയയുടെ ഇടങ്കാലനടി പരാഗ്വേ വല തുളച്ചു. അയോ അകിനോളയുടെ തകര്‍പ്പന്‍ ക്രോസില്‍നിന്നു വിയയുടെ ഗോള്‍. കളി പൂര്‍ണമായും അമേരിക്കയുടെ നിയന്ത്രണത്തിലായി.

ഗോള്‍ വഴങ്ങിയതിനുശേഷം തിരിച്ചുവരാറുള്ള പരാഗ്വേയുടെ പദ്ധതി വിജയംകണ്ടില്ല. ഇടവേളയ്ക്കുശേഷം വിയയുടെ രണ്ടാമത്തെ ഗോളിലൂടെ അമേരിക്ക പരാഗ്വേയുടെ നേരിയ വീര്യംപോലും ഇല്ലാതാക്കി. പിന്നെ ഒന്നൊന്നായി ആക്രമണങ്ങള്‍ പിറന്നു. പരാഗ്വേ വിറച്ചു. 63-ാം മിനിറ്റില്‍ സര്‍ജന്റിന്റെ പാസില്‍ കാള്‍ട്ടണിന്റെ അടി. പിന്നാലെ കാള്‍ട്ടണ്‍ അവസരമൊരുക്കി വിയയുടെ ഹാട്രിക് പൂര്‍ത്തിയാക്കി. മൂന്നു മിനിറ്റിന്റെ ഇടവേളയില്‍  സര്‍ജന്റ് പരാഗ്വേെയുടെ പതനം പൂര്‍ണമാക്കി.

 

Categories