23 September Sunday

എന്നിട്ടും കാന്റെയ്ക്ക് നാണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

 
മോസ്കോ > ആഘോഷത്തിലൊന്നും എൻഗോളോ കാന്റെയെ കണ്ടില്ല. മാറിനിൽക്കുകയായിരുന്നു. നാണമായിരുന്നു കാന്റെയ്ക്ക്.

കൂട്ടുകാരെല്ലാം ലോകകിരീടത്തിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും േഫാട്ടോകൾ എടുക്കുന്നു. കൂട്ടംകൂടി ആഘോഷിക്കുന്നു. കാന്റെ മാത്രം മാറിനിന്നു. കൂട്ടുകാർ വിട്ടില്ല. നാണക്കാരനെ മുന്നോട്ടുകൊണ്ടുവന്നു. സ്റ്റീവൻ എൻസോൻസിയാണ് മുന്നിട്ടിറങ്ങിയത്. കാന്റെയെ മുന്നിലേക്ക് നിർബന്ധപൂർവം എത്തിച്ചു. കിരീടം കൈയിൽ കൊടുത്തു. കൂട്ടുകാർ ചുറ്റും നോക്കിനിന്നു. ക്യാമറക്കണ്ണുകളെ നോക്കി നാണത്തോടെ കാന്റെയുടെ ചിരി. സഹതാരങ്ങളുടെ കൈയടി. ആ ചിത്രംകൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കി കാന്റെ.

ഈ ലോകകപ്പിൽ ഫ്രാൻസിന്റെ മിന്നുംതാരങ്ങളിലൊരാളാണ് ഈ നിശബ്ദപോരാളി. ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും കാന്റെയുടെ മൂല്യമറിഞ്ഞ ലോകകപ്പാണിത്. ഫൈനലിൽ ഇടവേളയ്ക്കുശേഷം എൻസോൻസിക്ക് വഴിമാറിക്കൊടുത്തു.
ആഘോഷങ്ങളിലൊന്നും കാന്റെയ്ക്ക് താൽപ്പര്യമില്ല. കളത്തിന് അകത്തും പുറത്തും. ഒതുങ്ങിയാണ് നിൽക്കുക. പക്ഷേ ഫ്രാൻസ് ടീം അംഗങ്ങളുടെ വീരനാണ് ഈ ഇരുപത്തേഴുകാരൻ.

കിരീടവുമായി ഹോട്ടലിലേക്ക് പോകുംവഴി സഹകളിക്കാർ കാന്റെയെ പേരുവച്ച് പാട്ടുണ്ടാക്കി പാടി. പോൾ പോഗ്ബയും ബഞ്ചമിൻ പവാർദും ഉസ്മാൻ ഡെംബെലെയും കാന്റെയുടെ ചുറ്റും പാട്ടുപാടി നൃത്തംവച്ചു. ഇതിന്റെ വീഡിയോദൃശ്യം കിലിയൻ എംബാപ്പെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പ്രധാന വാർത്തകൾ
Top