21 November Wednesday

ഈ ലോകകപ്പ് മഹത്തരം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

മോസ്കോ > ലോകകപ്പ് ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അധ്യായമാണ് റഷ്യയിൽ അവസാനിച്ചത്. ഫ്രാൻസിന്റെ കിരീടധാരണം, ക്രൊയേഷ്യയുടെ ഫൈനൽപ്രവേശം, ജർമനി, സ്പെയ്ൻ, ബ്രസീൽ, അർജന്റീന ടീമുകളുടെ അപ്രതീക്ഷിത പതനം, ബൽജിയത്തിന്റെയും ഇംഗ്ലണ്ടിന്റെയും ഉശിരുള്ള പോരാട്ടങ്ങൾ തുടങ്ങി കണ്ണഞ്ചിക്കുന്ന, ആവേശമുണർത്തുന്ന ലോകകപ്പ് അനുഭവമായിരുന്നു റഷ്യ.  അതിഗംഭീരമായി ലോകകപ്പിനെ റഷ്യ വരവേറ്റു. ഫ്രാൻസ്‌ അർഹിച്ച ജയംനേടി. ഫ്രഞ്ച്‌ ജനത ആ നേട്ടം ആഘോഷിച്ചു. അരലക്ഷം ആളുകളാണ്‌ ഫ്രഞ്ച്‌ ടീമിനെ വരവേൽക്കാൻ പാരീസിൽ തടിച്ചുകൂടിയത്‌.

നാടകീയ തുടക്കമായിരുന്നു ലോകകപ്പിന്. സ്പെയ്നും പോർച്ചുഗലും 3‐3ന് സമനില പിടിച്ച ആവേശകരമായ പോരാട്ടത്തോടെ ലോകകപ്പ് ഉണർന്നു. പിന്നാലെ 2014ലെ ചാമ്പ്യൻമാരായ ജർമനിയെ മെക്സികോ വീഴ്ത്തി. അർജന്റീന മറുപടിയില്ലാത്ത മൂന്നു ഗോളിന് ക്രൊയേഷ്യയോട് തകർന്നു. 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ  ഫൈനൽവരെ മുന്നേറി.  പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസി, ബ്രസീൽതാരം നെയ്മർ എന്നിവർ നേരത്തെ കളംവിട്ടപ്പോൾ ഫ്രാൻസിന്റെ യുവനിര ഉയർന്നു. അവർ ഈ ലോകകപ്പ് അവിസ്മരണീയമാക്കി. കിലിയൻ എംബാപ്പെ വരവറിയിച്ചു.

1966ലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ഇക്കുറി യുവനിരയുമായി കരുത്തുകാട്ടി. നാലാം സ്ഥാനം നേടി.  ബൽജിയത്തിന്റെ സുവർണനിര മൂന്നാം സ്ഥാനത്തോടെ മടങ്ങി. ലോക റാങ്കിങ്ങിലെ 70‐ാം സ്ഥാനക്കാരായ റഷ്യ സ്പെയ്നിനെ കീഴടക്കി ക്വാർട്ടറിൽ കടന്നു.  ലോകകപ്പ് ഗോളുകളിൽ ഏറെയും സെറ്റ് പീസുകളിൽനിന്നായിരുന്നു. വീഡിയോ സഹായ സംവിധാനം (വാർ) പരീക്ഷിക്കപ്പെട്ടു. ഖത്തറിലാണ് അടുത്ത ലോകകപ്പ്. 2022 നവംബർ 21 മുതൽ ഡിസംബർ 22 വരെ.

പ്രധാന വാർത്തകൾ
Top