Top
26
Wednesday, July 2017
About UsE-Paper

വിംബിള്‍ഡണ്‍ ഡബിള്‍സ്: മകറോവ-വെസ്നിന, കുബോട്ട്-മെലോ ചാമ്പ്യന്‍മാര്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

വിംബിള്‍ഡണ്‍ > റഷ്യയുടെ എകതെറീന മകറോവ-എലെന വെസ്നിന സഖ്യത്തിന് വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം. ഹാവോ ചിങ് ചാന്റെയും മൊണിക നിക്രുലെസ്ക്യൂവിന്റെയും തായ്വാനീസ്-റുമേനിയന്‍ ജോടിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റഷ്യന്‍ കൂട്ടുകാരികള്‍ കിരീടം സ്വന്തമാക്കിയത് (6-0, 6-0). ഇരുവരുടെയും മൂന്നാം ഗ്രാന്‍ഡ് സ്ളാം ഡബിള്‍സ് കിരീടമാണിത്. 2013 ഫ്രഞ്ച് ഓപ്പണിലും 2014 യുഎസ് ഓപ്പണിലും ഇവര്‍ ചാമ്പ്യന്‍മാരായിരുന്നു.

രണ്ടാം സീഡായ മകറോവയ്ക്കും വെസ്നിനയ്ക്കും എളുപ്പമായിരുന്നു ഫൈനല്‍ പോരാട്ടം. ഒരുമണിക്കൂറിന് ആറ് മിനിറ്റ് ശേഷിക്കെ ചാങ്-നിക്രുലെസ്ക്യൂ കൂട്ടിനെ അവര്‍ മടക്കി. മത്സരത്തിലുടനീളം രണ്ട് ബ്രേക്ക് പോയിന്റുകള്‍ മാത്രമേ റഷ്യന്‍ ജോടിക്ക് നേരിടേണ്ടിവന്നുള്ളൂ.

പുരുഷന്മാരില്‍ പേളണ്ടിന്റെ ലുകാസ് കുബോട്ടിന്റെയും ബ്രസീലിന്റെ മാഴ്സലോ മെലോയുടെയും സഖ്യം ചാമ്പ്യന്‍മാരായി. ഒളിവര്‍ മാരകിന്റെയും മേറ്റ് പാവിച്ചിന്റെയും സഖ്യത്തെ അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ തളച്ചായിരുന്നു കുബോട്ട്-മെലോ സഖ്യം കിരീടം നേടിയത് (5-7, 7-5, 7-6, 3-6, 13-11). മത്സരം നാലുമണിക്കൂറും 39 മിനിറ്റും നീണ്ടു.

മാരക്-പാവിച്ച് ജോടിയാണ് ആദ്യ സെറ്റ് നേടിയത്. രണ്ടും മൂന്നും സെറ്റ് കുബോട്ടും മെലോയും നേടി. ടൈബ്രേക്കിലായിരുന്നു മൂന്നാം സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ നാലാം സെറ്റില്‍ മാരകും പാവിച്ചും ശക്തമായി തിരിച്ചുവന്നു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. 11-11ല്‍ ഒപ്പമെത്തിയ ശേഷം സെന്റര്‍ കോര്‍ട്ടിന്റെ മച്ച് അടയ്ക്കാന്‍ മത്സരം അല്‍പ്പനേരം നിറുത്തിവച്ചു. പുനരാരംഭിച്ചപ്പോള്‍ മാരകിന്റുെം പാവിച്ചിന്റെയും ആദ്യ സെര്‍വ് ഭേദിക്കപ്പെട്ടു. കുബോടും മെലോയും ചാമ്പ്യന്‍മാരായി.

Categories