Top
20
Thursday, July 2017
About UsE-Paper
800ല്‍ ജിന്‍സണ്‍, ലോങ്ജമ്പില്‍ അനീസ്, നീന

കേരളത്തിന് 3 സ്വര്‍ണംകൂടി

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

ഗുണ്ടൂര്‍ > ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാംദിവസം കേരളത്തിന് മൂന്ന് സ്വര്‍ണവും രണ്ടു വെള്ളിയും. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും ലോങ്ജമ്പില്‍ വൈ മുഹമ്മദ് അനീസും സ്വര്‍ണംനേടി. വനിതകളുടെ ലോങ്ജമ്പില്‍ വി നീനയിലൂടെയാണ് കേരളം മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്. 6.29 മീറ്ററില്‍ നീന ഒന്നാമതെത്തി. ലോങ്ജമ്പില്‍ പി വി സുഹൈലും വനിതകളുടെ 800 മീറ്ററില്‍ അബിത മേരി മാനുവലും വെള്ളി സ്വന്തമാക്കി.

ലോങ്ജമ്പില്‍ അനീസിലൂടെയായിരുന്നു രണ്ടാംദിനം കേരളത്തിന്റെ മെഡല്‍വേട്ട തുടങ്ങിയത്. 7.60 മീറ്ററില്‍ അനീസ് ഒന്നാമതെത്തിയപ്പോള്‍ അഞ്ച് സെന്റീമീറ്ററിന്റെ വ്യത്യാസത്തില്‍ സുഹൈല്‍ രണ്ടാമതെത്തി. തന്റെ മൂന്നാം ചാട്ടത്തിലാണ് അനീസ് സുവര്‍ണ ദൂരം താണ്ടിയത്. സുഹൈല്‍ രണ്ടാമത്തെ ചാട്ടത്തില്‍ വെള്ളിയിലേക്കുള്ള ദൂരം മറികടന്നു. കര്‍ണാടകയുടെ സിദ്ധാന്ത് നായക് 7.41 മീറ്ററില്‍ വെങ്കലത്തിലൊതുങ്ങി.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലത്തിലൊതുങ്ങിയ ജിന്‍സണ്‍ തന്റെ പ്രകടനവും സമയവും മെച്ചെപ്പെടുത്തിയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഒരുമിനിറ്റ് 47.38 സെക്കന്‍ഡില്‍ ജിന്‍സണ്‍ ഒന്നാമതെത്തി. ഭുവനേശ്വറില്‍ ഒരു മിനിറ്റ് 50.07 സെക്കന്‍ഡിലായിരുന്നു ജിന്‍സന്റെ വെങ്കലനേട്ടം.
ഇവിടെ ഹരിയാനയുടെ മഞ്ജിത് സിങ് 1:48.04 മിനിറ്റില്‍ രണ്ടാമതെത്തിയപ്പോള്‍ കര്‍ണാടകയുടെ വിശ്വംഭര്‍ 1:48.64 മിനിറ്റില്‍ വെങ്കലം സ്വന്തമാക്കി.
വനിതകളുടെ 800 മീറ്ററില്‍ ബംഗാളിന്റെ ലിലി ദാസിന്റെ പിറകിലായാണ് അബിത അവസാന വര കടന്നത്. 2:03.46 മിനിറ്റില്‍ ലിലി സ്വര്‍ണമണിഞ്ഞു. രണ്ടുമിനിറ്റ് 6.19 സെക്കന്‍ഡ ്സമയമെടുത്തു അബിത വെള്ളിയിലെത്താന്‍. ബംഗാളിന്റെ സിര്‍പ ശങ്കര്‍ വെങ്കലം നേടി (2:07.48).

പുരുഷന്മാരുടെ 200 മീറ്ററില്‍ ഒഡീഷയുടെ അമിയ കുമാര്‍ മാലിക് സ്വര്‍ണം നേടി. 21.65 സെക്കന്‍ഡിലാണ് അമിയ സ്വര്‍ണത്തിലേക്ക് കുതിച്ചത്. മണിപ്പുരിന്റെ വിപിന്‍ കുമാര്‍ (21.85) വെള്ളിയും ഹരിയാനയുടെ പര്‍വീണ്‍ (22.01) വെങ്കലവും സ്വന്തമാക്കി. വനിതകളിലും ഒഡീഷ സ്വര്‍ണാധിപത്യം നിലനിര്‍ത്തി. ശ്രാബണി നന്ദ 24.18 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു. വെള്ളിയും വെങ്കലവും ബംഗാള്‍താരങ്ങള്‍ സ്വന്തമാക്കി. അന്വേഷ റോയ് പ്രധാന്‍ 24.37 സെക്കന്‍ഡില്‍ രണ്ടാമതെത്തിയപ്പോള്‍ സോണിയ ബൈശ്യ 24.85 സെക്കന്‍ഡില്‍ മൂന്നാമതായി.

ദിവസത്തെ ആദ്യ ഇനമായ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ഹരിയാനയുടെ സന്ദീപ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കി. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ ഒരുമണിക്കൂര്‍ 27:01.52 മിനിറ്റിലാണ് സന്ദീപ് ഒന്നാമതെത്തിയത്. രാജസ്ഥാന്റെ ജിതേന്ദ്ര സിങ് (1മണിക്കൂര്‍ 27:04.32) വെള്ളിനേടിയപ്പോള്‍ പഞ്ചാബിന്റെ ബല്‍ജിന്ദര്‍ സിങ് (1മണിക്കൂര്‍ 29:38.72) മൂന്നാംസ്ഥാനത്തെത്തി.

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ പഞ്ചാബ് താരങ്ങളുടെ ആധിപത്യമായിരുന്നു. സ്വര്‍ണവും വെള്ളിയും വെങ്കലവും അവര്‍ നേടി. 19.46 മീറ്റര്‍ ദൂരം ഷോട്ട് പായിച്ച് തേജീന്ദര്‍ സിങ് ടൂര്‍ സ്വര്‍ണവും 18.48 മീറ്ററില്‍ ജസ്ദീപ് സിങ് ധില്ലന്‍ വെള്ളിയും 17.61 മീറ്ററില്‍ നവ്തേജ്ദീപ് സിങ് വെങ്കലവും നേടി.

Categories