20 September Thursday

ഐപിഎൽ : മുംബൈ 8‐186

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

സൂര്യകുമാറിനെ പുറത്താക്കിയ ടൈയുടെ ആഹ്ലാദം


മുംബൈ
ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസ് 187 റണ്ണിന്റെ ലക്ഷ്യംകുറിച്ചു. ആദ്യം ബാറ്റ്ചെയ്ത മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്ണെടുത്തത്.
തുടക്കം തകർന്ന മുംബൈയെ കീറൺ പൊള്ളാർഡിന്റെ (23 പന്തിൽ 50) തകർപ്പൻ അരസെഞ്ചുറിയാണ് മികച്ച സ്കോറിലെത്തിച്ചത്. മൂന്നു കൂറ്റൻ സിക്സറും അഞ്ച് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഈ വെസ്റ്റിൻഡീസുകാരന്റെ ഇന്നിങ്സ്. പൊള്ളാർഡ് പുറത്തായത് അവസാന ഓവറുകളിൽ മുംബൈയ്ക്ക് തിരിച്ചടിയായി. ആർ അശ്വിന്റെ പന്തിൽ പൊള്ളാർഡിനെ ആരോൺ ഫിഞ്ച് പിടിച്ചുപുറത്താക്കി.

പൊള്ളാർഡിനെ കൂടാതെ കൃണാൾ പാണ്ഡ്യയും (23 പന്തിൽ 32) സൂര്യകുമാർ യാദവും (15 പന്തിൽ 27) മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ. മോശം തുടക്കമായിരുന്നു മുംബൈയുടേത്. നാല് വിക്കറ്റുമായി പേസർ ആൻഡ്രൂ ടൈ മുംബൈനിരയെ തകർത്തു. ആദ്യ രണ്ടോവറിൽ അഞ്ച് റൺ മാത്രം വഴങ്ങി സൂര്യകുമാർ, എവിൻ ലൂയിസ് (9 പന്തിൽ 7), ഇഷാൻ കിഷൻ (12 പന്തിൽ 20) എന്നിവരെ ടൈ പുറത്താക്കി. ക്യാപ്റ്റൻ രോഹിത് ശർമയെ (10 പന്തിൽ 6) അങ്കിത് രജ്പുതും പുറത്താക്കിയതോടെ മുംബൈ നാലിന് 71ലേക്ക് തകർന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ പൊള്ളാർഡും കൃണാളും ചേർന്ന് മുംബൈയെ കരകയറ്റി. 65 റണ്ണാണ് ഇരുവരും കൂട്ടിച്ചേർത്തത്.

പഞ്ചാബിനുവേണ്ടി ടൈ നാലോവറിൽ 16 റൺ മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു.ഇന്ന് നിർണായകമത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് സാധ്യതയുള്ളൂ. ഹൈദരാബാദ് പ്ലേഓഫിൽ കടന്നു.

പ്രധാന വാർത്തകൾ
Top