20 April Friday

സിറ്റി ചാമ്പ്യൻമാർ, യുണൈറ്റഡ് തോറ്റു, പ്രീമിയർ ലീഗിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018

മാഞ്ചസ്റ്റർ > മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യൻമാരായി. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനോട് തോറ്റതോടെയാണ് സിറ്റി ചാമ്പ്യൻമാരായത്. 0‐1. 

സിറ്റിക്ക് ഇപ്പോൾ 87 പോയിന്റുണ്ട്. യുണൈറ്റഡിനാകട്ടെ 71 പോയിന്റും. അഞ്ച് മത്സരംകൂടിയാണ് ശേഷിക്കുന്നത്. അഞ്ച് മത്സരം ശേഷിക്കെ ചാമ്പ്യൻമാരായ മൂന്നാമത്തെ ടീമാണ് സിറ്റി. യുണൈറ്റഡും എവർടണുമാണ് മറ്റ് ടീമുകൾ. നേരത്തെ യുണൈറ്റഡുമായുള്ള മത്സരം ജയിച്ചിരുന്നെങ്കിൽ ആറ് കളി ശേഷിക്കെ ചാമ്പ്യൻമാരായി സിറ്റിക്ക് റെക്കോഡിടാമായിരുന്നു. ആ നിർണായക കളിയിൽ സിറ്റി 2‐3ന് തോറ്റു. രണ്ട് ഗോളിന് മുന്നിൽനിന്നശേഷമാണ് സിറ്റി മൂന്നു ഗോൾ വഴങ്ങിയത്. ലിവർപൂളിനോടു തോറ്റ് ചാമ്പ്യൻസ് ലീഗിൽനിന്ന് സിറ്റി പുറത്തായി.

കഴിഞ്ഞ കളിയിൽ ടോട്ടനത്തെ തോൽപ്പിച്ച് കിരീടത്തോടടുത്ത സിറ്റിയെ അട്ടിമറിജയത്തിലൂടെ വെസ്റ്റ് ബ്രോംവിച്ച് ചാമ്പ്യൻമാരാക്കുകയായിരുന്നു. പോയിന്റ്നിലയിൽ അവസാനക്കാരാണ് ബ്രോംവിച്ച്. കഴിഞ്ഞ ഒമ്പതു കളിയിൽ എട്ടിലും അവർ തോറ്റു. പ്രീമിയർ ലീഗിൽ ബ്രോംവിച്ചിന്റെ അവസാനവിജയം ജനുവരി 12നാണ്.

ഹൊസെ മൊറീന്യോയുടെ യുണൈറ്റഡ് ഒന്നാംപകുതിയിൽ തീർത്തും നിറംകെട്ട പ്രകടനമാണ് പുറത്തെടുത്തത്. സ്വന്തം മൈതാനിയിൽ ലക്ഷ്യബോധമില്ലാതെ യുണൈറ്റഡ് കളിച്ചു. രണ്ടാം പകുതിയിൽ ജേ റോഡ്രിഗസ് ഹെഡറിലൂടെയാണ് ബ്രോംവിച്ചിന്റെ ഗോൾ േനടിയത്. ക്രിസ് ബ്രൻഡിന്റെ കോർണർകിക്കിൽനിന്നായിരുന്നു ഈ ഗോൾ. യുണൈറ്റഡിന് കിട്ടിയ ഏക അവസരം റൊമേലു ലുക്കാക്കുവിനാണ്. ലുക്കാക്കുവിന്റെ ഹെഡർ ബ്രോംവിച്ച് ഗോളി ബെൻ ഫോസ്റ്റർ തട്ടിയകറ്റി. ജയിച്ചെങ്കിലും ബ്രോംവിച്ചിന് തരംതാഴ്ത്തലിൽനിന്നുള്ള രക്ഷപ്പെടൽ എളുപ്പമല്ല. 20‐ാമതുള്ള ബ്രോംവിച്ചിന് 24 പോയിന്റ്. 17‐ാമതുള്ള സ്വാൻസീക്ക് 33 പോയിന്റ്.

റെക്കോഡ്‌ തിളക്കം സിറ്റിക്ക്‌
മാഞ്ചസ്റ്റർ > സീസണിന്റെ തുടക്കംമുതലേ ചാമ്പ്യൻമാരെപ്പോലെയായിരുന്നു സിറ്റി. തുടർച്ചയായ 18 വിജയവുമായി ലീഗിൽ സിറ്റി റെക്കോഡിട്ടു.
സിറ്റി ആദ്യമായി തോറ്റത് ജനുവരിയിലാണ്. ലിവർപൂളിനോട് 4‐3ന്. ചാമ്പ്യൻസ് ലീഗിലും ലിവർപൂൾതന്നെയാണ് സിറ്റിയെ തോൽപ്പിച്ചത്. പ്രീമിയർ ലീഗിൽ ഒരു തോൽവികൂടിയേ സിറ്റിക്കുണ്ടായുള്ളു. മാഞ്ചസ്റ്റർ യുണൈറ്റഡിനോടാണ് അത്. ഏപ്രിൽ ഏഴിന് നടന്ന ഈ കളിയിൽ രണ്ടു ഗോളിന് മുന്നിൽനിന്നശേഷം മൂന്നു ഗോൾ സിറ്റി വഴങ്ങി. ജയിച്ചിരുന്നെങ്കിൽ അന്ന് സിറ്റി ചാമ്പ്യൻമാരാകുമായിരുന്നു. ആറ് കളി ശേഷിക്കെ ചാമ്പ്യൻമാരായ റെക്കോഡ് സിറ്റിക്ക് കിട്ടുമായിരുന്നു. പന്തിന്റെ ആധിപത്യത്തിലും പാസിലും സിറ്റി റെക്കോഡിട്ടു. എവർടണുമായുള്ള മത്സരത്തിൽ കളിയുടെ 82.13 ശതമാനം സമയവും സിറ്റിയുടെ കാലിലായിരുന്നു പന്ത്. ചെൽസിക്കെതിരെയുള്ള കളിയിൽ 900  പാസും സിറ്റി കൈമാറി.

ഇതിനകം 93 ഗേൾ സിറ്റി അടിച്ചു. ലിവർപൂൾ രണ്ടാമത്, 73. സിറ്റി വഴങ്ങിയത് 25 ഗോൾ. യുണൈറ്റഡ് രണ്ടാമത്, 26. ഒരു കളിയിൽ മാത്രമാണ് സിറ്റി ഗോളടിക്കാതിരുന്നത്.

ഏഴ് സീസണിൽ സിറ്റിയുടെ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടമാണിത്. അവരുടെ പ്രതിരോധക്കാരൻ വിൻസെന്റ് കൊമ്പനിക്കുമുണ്ട് സവിശേഷത. ഈ മൂന്നുതവണയും കൊമ്പനി ടീമിലുണ്ട്. ബൽജിയംകാരനായ കൊമ്പനി 10 വർഷമായി സിറ്റിയിലുണ്ട്. സിറ്റിയുടെ ക്യാപ്റ്റനുമാണ് കൊമ്പനി.
ലീഗ് ചാമ്പ്യൻമാരായ സിറ്റി കരബാവോ കപ്പു നേടി. എന്നാൽ എഫ്എ കപ്പിൽ അഞ്ചാം റൗണ്ടിൽ പുറത്തായി.

പ്രധാന വാർത്തകൾ
Top