21 May Monday
റയലിനും ജയം

അഴ്സണലിന്റെ കഥകഴിച്ച് ബയേണ്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017

അഴ്സണലിനെതിരെ ഗോള്‍ നേടിയ ബയേണിന്റെ റോബന്‍

ബര്‍ലിന്‍/മാഡ്രിഡ് > ഇംഗ്ളീഷ് ലീഗിലെ വമ്പന്‍മാരായ അഴ്സണലിനെ നിലംപരിശാക്കി ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമാക്കി. ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ അഴ്സണലിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് ബയേണ്‍ തകര്‍ത്തു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നാപോളിയുടെ വെല്ലുവിളി 1-3ന് മറികടന്ന് റയല്‍ മാഡ്രിഡും പ്രതീക്ഷ സജീവമാക്കി. മാര്‍ച്ച് ഏഴിനാണ് രണ്ടാംപാദ മത്സരങ്ങള്‍.

കാര്‍ലോ ആന്‍സെലോട്ടിക്കു കീഴില്‍ ബയേണ്‍ തെളിയുന്നില്ല എന്നതിനുള്ള മറുപടിയായിരുന്നു ബര്‍ലിനില്‍ കണ്ടത്. ഇടവേളയ്ക്കുശേഷം അഴ്സണലിനെ പിഴുതെറിഞ്ഞു ബവേറിയക്കാര്‍. രണ്ട് ഗോളുമായി തിയാഗോ അലസാന്ദ്ര നിറഞ്ഞാടി. ആര്യന്‍ റോബെന്‍, തോമസ് മുള്ളര്‍, റോബെര്‍ട്ടോ ലെവന്‍ഡോവ്സ്കി എന്നിവരും ലക്ഷ്യംകണ്ടു. അഴ്സണലിന്റെ ആശ്വാസഗോള്‍ അലെക്സി സാഞ്ചെസിന്റെ വകയായിരുന്നു. അഞ്ചുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടംചൂടിയ ബയേണ്‍ തുടര്‍ച്ചയായ ആറാം ക്വാര്‍ട്ടറാണ് ലക്ഷ്യമിടുന്നത്.

ഗോളടിച്ചുകൂട്ടുന്നില്ല എന്ന പരാതിയുണ്ട് ബയേണിനെതിരെ. അലയന്‍സ് അരീനയില്‍ ആന്‍സെലോട്ടി അത് പരിഹരിച്ചു. ഒഴുക്കുള്ള കളിയായിരുന്നു ബയേണിന്റേത്. രണ്ടാം പകുതിയില്‍ അഴ്സണലിനെ കടന്നാക്രമിച്ചു. കളി മെനയുകയും രണ്ട് ഗോളടിക്കുകയും ചെയ്ത തിയാഗോ ബയേണ്‍ നീക്കങ്ങളുടെ ഊര്‍ജമായി. സീസണിലെ ഏറ്റവും മികച്ച കളി ബയേണ്‍ പുറത്തെടുത്തു. വെംഗര്‍ക്ക് മറുപടിയില്ലായിരുന്നു. ഇടവേളയ്ക്കുശേഷം പ്രതിരോധത്തില്‍നിന്ന് ക്യാപ്റ്റന്‍ ലോറെന്റ് കൊസിയെന്‍ലി പരിക്കേറ്റ് മടങ്ങിയതോടെ അഴ്സണലിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. അതുവരെ 1-1 എന്ന നിലയില്‍ നിന്ന മത്സരം പിന്നെ ഏകപക്ഷീയമായി ബയേണ്‍ പിടിച്ചടക്കി. ഗോളി ഡേവിഡ് ഒസ്പിന അവസാനനിമിഷം നടത്തിയ രണ്ട് മികച്ച ചാട്ടങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അഴ്സണലിന്റെ പതനം ഇതിലും ഭീകരമായേനെ.

പത്താം മിനിറ്റില്‍ റോബെന്‍ ബയേണിന്റെ ആദ്യഗോള്‍ നേടി. വലതുപാര്‍ശ്വത്തില്‍ ഡഗ്ളസ് കോസ്റ്റയുടെ പാസ് ഏറ്റുവാങ്ങിയ റോബെന്‍ തകര്‍പ്പനടി തൊടുത്തു. പന്ത് വലയുടെ ഇടതുമൂലയില്‍ കുരുങ്ങി. അരമണിക്കൂര്‍ തികയുമ്പോഴേക്കും അഴ്സണല്‍ ഒപ്പമെത്തി. അഴ്സണലിന് അനുകൂലമായി പെനല്‍റ്റി. സാഞ്ചെസിന്റെ കിക്ക് ഗോളി മാനുവല്‍ നോയ തടുത്തു. പന്ത് സാഞ്ചെസിലേക്കുതന്നെ. പക്ഷേ, ആ ശ്രമവും വിജയിച്ചില്ല. മൂന്നാം ശ്രമത്തില്‍ സാഞ്ചെസ് ലക്ഷ്യംകണ്ടു. ആദ്യപകുതി അവസാനിക്കുമ്പോള്‍ കളി 1-1.

ഇടവേളയ്ക്കുശേഷം കഥ മാറി. ബയേണ്‍ നിറഞ്ഞു. 53-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കി ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു. മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ തിയാഗോ. അഴ്സണല്‍ തളര്‍ന്നു. ആ തളര്‍ച്ചയിലേക്ക് തിയാഗോ ഒന്നുകൂടി നിറയൊഴിച്ചു. ഒടുവില്‍ കളി തീരാന്‍ രണ്ടുമിനിറ്റ് ശേഷിക്കെ മുള്ളര്‍ വന്ന് ബയേണിന്റെ പട്ടിക പൂര്‍ത്തിയാക്കി.

റയല്‍ പിന്നിട്ടുനിന്നശേഷം തിരിച്ചടിക്കുകയായിരുന്നു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഗോള്‍ വീണശേഷമാണ് റയല്‍ ഉണര്‍ന്നത്. കരീം ബെന്‍സെമ, ടോണി ക്രൂസ്, കാസെമിറോ എന്നിവര്‍ റയലിനായി ഗോളടിച്ചു. എതിര്‍തട്ടകത്തിലെ നാപോളിയുടെ നിര്‍ണായകഗോള്‍ ലോറെന്‍സോ ഇന്‍സിന്യെ നേടി.

ഗോളൊന്നും നേടാനായില്ലെങ്കിലും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ടോണി ക്രൂസിന്റെ ഗോളിന് വഴിയൊരുക്കിയത് റൊണാള്‍ഡോയായിരുന്നു.

ആദ്യ മിനിറ്റില്‍തന്നെ റയല്‍ ഗോളിനടുത്തെത്തി. ഇടതുഭാഗത്ത് റൊണാള്‍ഡോ ഒരുക്കിയ അവസരം ബെന്‍സെമ നാപോളി വല ലക്ഷ്യമാക്കി പായിച്ചു. കരുത്തുറ്റ അടിയെ ഗോളി പെപെ റെയ്ന ഒറ്റക്കൈകൊണ്ട് തട്ടിയകറ്റി. ആ നീക്കത്തിനുശേഷം റയല്‍ മങ്ങി. നാപോളി കളി മെനഞ്ഞു. എട്ടാം മിനിറ്റില്‍ അവര്‍ ഗോള്‍ നേടുകയും ചെയ്തു. മാരെക് ഹാംസിക്കു മുന്നിലേക്ക് തള്ളിയിട്ടുകൊടുത്ത പന്ത് ഇന്‍സിന്യെ പിടിച്ചെടുത്തു. മുന്നോട്ടുകുതിച്ച ഇന്‍സിന്യെ വലതുഭാഗത്തേക്ക് തട്ടി. ഗോളി കെയ്ലര്‍ നവാസ് സ്ഥാനംതെറ്റിയാണ് നിന്നത്. അപകടം ഒഴിവാക്കാന്‍ ചാടിയെങ്കിലും നവാസിന്റെ കൈയില്‍ തൊട്ടില്ല പന്ത്. ഗോള്‍ വീണപ്പോള്‍ റയല്‍ ഉണര്‍ന്നു.

പത്ത് മിനിറ്റിനുള്ളില്‍ റയല്‍ ഒപ്പമെത്തി. ഡാനിയേല്‍ കര്‍വഹാലിന്റെ ഒന്നാന്തരം ക്രോസില്‍ ബെന്‍സെമ അടി പായിച്ചു.  ഇടവേളയ്ക്കുശേഷമായിരുന്നു റയലിന്റെ മറ്റ് രണ്ട് ഗോളും. ആദ്യത്തേത് റൊണാള്‍ഡോയുടെ മികവായിരുന്നു. വലതുഭാഗത്ത്, വരയ്ക്കരികെ ബോക്സിനു മുന്നിലേക്ക് റൊണാള്‍ഡോ പന്ത്തട്ടിയിട്ടു. ക്രൂസ് തകര്‍പ്പനടി പായിച്ചു. ബോക്സിനുപുറത്ത്് കാസെമിറോ തൊടുത്ത മിന്നുന്ന വോളിയിലൂടെ റയല്‍ ജയം പൂര്‍ത്തിയാക്കി. 

 

പ്രധാന വാർത്തകൾ
Top