Top
19
Monday, February 2018
About UsE-Paper
ഇന്ത്യ 2‐ാം ഇന്നിങ്‌സിൽ 3‐35, ജയിക്കാൻ 253

ദക്ഷിണാഫ്രിക്ക അരികെ

Wednesday Jan 17, 2018
വെബ് ഡെസ്‌ക്‌

സെഞ്ചൂറിയൻ > ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോൽവിയുടെ വക്കിൽ. നാലാംദിവസത്തെ കളി അവസാനിക്കെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ലീഡിനേക്കാൾ 252 റൺ പിറകിലാണ് ഇന്ത്യ. രണ്ടാം മറുപടിയിൽ ക്യാപ്റ്റൻ കോഹ്‌ലിയടക്കം മൂന്ന് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നു വിക്കറ്റിന് 35 റണ്ണാണ് ഇതുവരെ വിരുന്നുകാരുടെ സമ്പാദ്യം. രണ്ടുവിക്കറ്റെടുത്ത ലുങ്ഗി എൻഗിഡിയാണ് ഇന്ത്യയുടെ മറുപടിയിൽ കനത്തതിരിച്ചടി നൽകിയത്. നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ 258 റണ്ണെടുത്ത് പുറത്തായി.

സ്‌കോർ: ദക്ഷിണാഫ്രിക്ക 335, 258. ഇന്ത്യ 307, 335 (23)

ടീമിലേക്ക് തിരിച്ചെത്തിയ എ ബി ഡി വില്ലിയേഴ്‌സിന്റെ തികവുറ്റ ബാറ്റിങ്ങാണ് ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കയ്ക്ക് കളിയിൽ മേൽക്കൈ നൽകിയത്. 121 പന്തിൽ 80 റണ്ണടിച്ച മുൻ ക്യാപ്റ്റൻ ഡീൻ എൽഗറുമായി (61) ചേർന്ന കൂട്ടുകെട്ട് ഇന്നിങ്‌സിന്റെ നട്ടെല്ലായി. രണ്ടാംവിക്കറ്റിൽ ഈ സഖ്യം 141 റണ്ണാണ് ചേർത്തത്. ഇന്ത്യൻ ബൗളർമാരുടെ ആത്മവിശ്വാസം കെടുത്തിയശേഷമാണ് ഇവർ പിരിഞ്ഞത്. മുഹമ്മദ് ഷമിയുടെ കുത്തി ഉയർന്ന പന്ത് സ്‌ക്വയറിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം പാളി പാർഥിവ് പട്ടേലിന്റെ കൈയിലൊതുങ്ങുകയായിരുന്നു ഡി വില്ലിയേഴ്‌സ്.  ഏഴു റണ്ണിന്റെ വ്യത്യാസത്തിൽ എൽഗറെയും മടക്കി ഷമി. 12 റണ്ണെടുത്ത ക്വിന്റൺ ഡി കോക്കും ഷമിക്ക് ഇരയായതോടെ  ഇന്ത്യയുടെ പ്രതീക്ഷകൾക്ക് നിറംവച്ചു. എന്നാൽ പിന്നീട് അത് കരിഞ്ഞു.

ആറാംവിക്കറ്റിൽ വെറോൺ ഫിലാൻഡറിനൊപ്പം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ചായയ്ക്ക് മുമ്പ് സ്‌കോർ 200 കടന്നു. കളി പുനരാരംഭിച്ചയുടൻ ഫിലാൻഡറെയും (26) അധികംവൈകാതെ കേശവ് മഹാരാജിനെയും (6) ഇശാന്ത് ശർമ പുറത്താക്കി. വീണ്ടും ഇന്ത്യ പ്രതീക്ഷിച്ചു. പക്ഷേ വാലറ്റത്തെ കൂട്ടുപിടിച്ച് ഡു പ്ലെസിസ് ലീഡ് 250ഉം കടത്തി. ഡു പ്ലെസിസിനെ ബുമ്ര മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. നാലുമണിക്കൂറോളം ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ച ക്യാപ്റ്റൻ അരസെഞ്ചുറിക്ക് രണ്ടുറണ്ണിപ്പുറമാണ് ബാറ്റ് താഴ്ത്തിയത്. എൻഗിഡിയെ (1)മടക്കി ആർ അശ്വിൻ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 10 റണ്ണുമായി മോണി മോർക്കൽ പുറത്താകാതെനിന്നു. കഗീസോ റബാദ(4)യുടെയടക്കം നാലുവിക്കറ്റ് സമി വീഴ്ത്തി. ബുമ്ര മൂന്നും.

ഒന്നാം ടെസ്റ്റിന്റെയും രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിന്റെയും ആവർത്തനമായിരുന്നു ഇന്ത്യയുടെ മടക്കബാറ്റിങ്. റബാദയുടെ പേസിൽ വിക്കറ്റ് തകർന്ന് മുരളീവിജയാണ് കൂടാരത്തിലേക്കുള്ള മാർച്ചിന് തുടക്കംകുറിച്ചത്. ഒമ്പത് റൺമാത്രമായിരുന്നു വിജയിന്റെ പേരിൽ. ലോകേഷ് രാഹുലിനെയും പിടിച്ചുനിൽക്കാനൊരുങ്ങിയ വിരാട് കോഹ്‌ലിയെയും തിരിച്ചയച്ച് എൻഗിഡി ഇന്ത്യക്ക് ഇരട്ടപ്രഹരം നൽകി. തകർച്ചയ്ക്ക് കാത്തിരിക്കുന്ന ബാറ്റിങ്‌നിരയെ ചേതേശ്വർ പൂജാരയും പാർഥിവ് പട്ടേലും തൽക്കാലം പിടിച്ചുനിർത്തി. ഇരുവരും അഞ്ചുറൺ വീതമെടുത്ത് നാലാംദിനക്കളി അവസാനിച്ചു.

90 ഓവറിലെയും കളി ബാക്കിനിൽക്കെ ജയം ഇന്ത്യക്ക് പ്രതീക്ഷയ്ക്കും അപ്പുറത്താണ്. ദക്ഷിണാഫ്രിക്കൻ പേസർമാരുടെ മുന്നിൽ തോൽവി എത്രനേരം വൈകുമെന്നുമാത്രമേ അറിയാനുള്ളൂ.
 

Categories