17 December Monday

കേരളത്തിന‌് രഞ‌്ജിയിൽ മിന്നും ജയം

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

ആന്ധ്രയ്‌ക്കെതിരായ വിജയം പൂർത്തിയാക്കിയശേഷം ജലജ്‌ സക്‌സേന

തിരുവനന്തപുരം
ജലജ‌് സക‌്സേനയുടെ മിന്നുന്ന ഒാൾ റൗണ്ട‌് പ്രകടനത്തിന്റെ മികവിൽ കേരളത്തിന‌് രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ ആദ്യ ജയം. കരുത്തരായ ആന്ധ്രയെ ഒമ്പത‌് വിക്കറ്റിനാണ‌് കേരളം തോൽപ്പിച്ചത‌്. നാലാംദിനം 42 റൺ ലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒരു വിക്കറ്റ‌് നഷ്ടത്തിൽ ജയംനേടി. ആന്ധ്രയുടെ രണ്ടാം ഇന്നിങ‌്സ‌് 115നാണ‌് അവസാനിച്ചത‌്.

സ‌്കോർ: ആന്ധ്ര 254, 115; കേരളം 328, 1–-43.

ഒന്നാം ഇന്നിങ‌്സിൽ സെഞ്ചുറി നേടുകയും ആന്ധ്രയുടെ രണ്ടാം ഇന്നിങ‌്സിൽ എട്ട‌് വിക്കറ്റ‌് വീഴ‌്ത്തുകയും ചെയ‌്ത ജലജ‌് സക‌്സേനയാണ‌് കേരളത്തിന്റെ വിജയശിൽപ്പി. രണ്ട‌് ഇന്നിങ‌്സുകളിലുമായി 152 റണ്ണും ഒമ്പത‌് വിക്കറ്റുമാണ‌് ജലജ‌് സ്വന്തമാക്കിയത‌്. രണ്ട‌് കളിയിൽ ഒരു ജയവും സമനിലയും ഉൾപ്പെടെ ഏഴ‌് പോയിന്റുമായി ഗ്രൂപ്പ‌് ബിയിൽ ഒന്നാമതാണ‌് കേരളം.

നാലാംദിനം രാവിലെ ആന്ധ്ര ഉയർത്തിയ ചെറിയ ലക്ഷ്യം കേരളം എളുപ്പത്തിൽ മറികടന്നു. 13 ഓവറിൽ ജയം നേടി. ജലജ‌് 19 റണ്ണുമായി പുറത്താകാതെനിന്നു. ആറു റണ്ണുമായി രോഹൻ പ്രേമായിരുന്നു കൂട്ട‌്. 16 റണ്ണെടുത്ത ബി എ അരുൺ കാർത്തികിന്റെ വിക്കറ്റാണ‌് കേരളത്തിന‌് നഷ്ടമായത‌്.
എട്ടിന‌് 102 റണ്ണെന്ന നിലയിലാണ‌് നാലാംദിനം ആന്ധ്ര രണ്ടാം ഇന്നിങ‌്സ‌് ആരംഭിച്ചത‌്. 13 റണ്ണെടുക്കുന്നതിനിടെ ശേഷിച്ച രണ്ട‌് വിക്കറ്റും നഷ്ടമായി. ആറ‌് റൺ കൂട്ടിച്ചേർക്കുന്നതിനിടെ ഒന്നാം ഇന്നിങ‌്സിലെ സെഞ്ചുറിക്കാരൻ റിക്കി ബൂയിയെ (32) കെ സി അക്ഷയ‌് പുറത്താക്കി. വിജയകുമാറിനെ റണ്ണെടുക്കുംമുമ്പ‌് ജലജും മടക്കി. ഇതോടെ ജലജിന‌് എട്ടാം വിക്കറ്റും സ്വന്തമായി. രഞ‌്ജിയിൽ ഈ മധ്യപ്രദേശുകാരന്റെ ഏറ്റവും മികച്ച ബൗളിങ‌് പ്രകടനമാണിത‌്. 45 റൺ വഴങ്ങിയാണ‌് എട്ട‌് വിക്കറ്റെടുത്തത‌്.

രഞ‌്ജിയിൽ ആന്ധ്രക്കെതിരെ കേരളം നേടുന്ന 14–-ാമത്തെ ജയമാണിത‌്. 2011ലായിരുന്നു അവസാന നേട്ടം. വി എ ജഗദീഷിന്റെ നേതൃത്വത്തിലുള്ള കേരള ടീം രണ്ട‌് റണ്ണിന‌് ജയിച്ചു.

അടുത്ത മത്സരത്തിൽ കരുത്തരായ ബംഗാളാണ‌് കേരളത്തിന്റെ എതിരാളികൾ. 20ന‌് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ‌് സ‌്റ്റേഡിയത്തിൽവച്ചാണ‌് മത്സരം. ആദ്യ കളിയിൽ കേരളം ഹൈദരാബാദുമായി സമനിലയിൽ പിരിഞ്ഞിരുന്നു.


പ്രധാന വാർത്തകൾ
Top