26 September Wednesday

തോറ്റു, തോൽക്കാത്ത പടയാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

നിരാശയോടെ മോഡ്രിച്ച്‌


മോസ്കോ
ക്രൊയേഷ്യയ്ക്ക് അഭിമാനിക്കാം, ജയത്തോളം ഭംഗിയുള്ള തോൽവിയുമായാണ് ഈ ലോകകപ്പിൽനിന്ന് അവർ മടങ്ങുന്നത്. റഷ്യയിലേക്ക് വരുമ്പോൾ അവരെ ആരും വിലമതിച്ചില്ല. കളി പുരോഗമിച്ചിട്ടും കണക്കെടുപ്പിൽ ക്രൊയേഷ്യ ഉണ്ടായില്ല. എന്നിട്ടും എല്ലാം തച്ചുടച്ച് അവർ കുതിക്കുക തന്നെ ചെയ്തു. ക്രോട്ടുകളുടെ കാലടികൾക്ക് കീഴിൽ ഉടഞ്ഞുപോയതിൽ അർജന്റീനയും ഇംഗ്ലണ്ടുമുണ്ട്.

സമ്മർദങ്ങളെ അതിജീവിക്കാനുള്ള ആത്മബലവും സന്ദർഭത്തിനനുസരിച്ച്  തന്ത്രങ്ങളാവിഷ്കരിക്കാനുള്ള മികവും അവരെ വ്യത്യസ്തരാക്കി. ക്രൊയേഷ്യ വ്യക്തികളായിരുന്നില്ല, കൂട്ടായ്മയായിരുന്നു.

ലോകകപ്പിൽ പരമ്പരാഗത കണക്കുകൂട്ടലുകളെ അപ്രസക്തമാക്കി എന്നതാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ സംഭാവന. പ്രവചനങ്ങളിലൊന്നും ക്രൊയേഷ്യ വിജയപക്ഷത്ത് ഉണ്ടായില്ല.

കളിക്ക് മുമ്പ് 'കറുത്ത കുതിരകൾ' എന്ന് അവരെയും ചിലർ വിശേഷിപ്പിച്ചിരുന്നു. ലോവ്റെന്റെ പ്രതിരോധം, മധ്യനിരയിൽ മോഡ്രിച്ചിന്റെയും റാകിടിച്ചിന്റെയും ഔന്നിത്യം, മാൻഡ്സുകിച്ചിന്റെ ഗോളടിമികവ് എന്നിവയാണ് ക്രൊയേഷ്യയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പിന്റെ കാതൽ.

ഫ്രാൻസിന്റെ സമ്പത്തോ, ഇംഗ്ലണ്ടിന്റെ ലീഗ് മാഹാത്മ്യമോ, മറ്റ് വൻകരകളിൽനിന്ന് കളിക്കാരെ കൊണ്ടുവരുന്ന ക്ലബ്ബുകളോ ക്രൊയേഷ്യയ്ക്കില്ല. യൂറോപ്പിലെ വൻശക്തികൾക്കുള്ളതു പോലെ പരിശീലനകേന്ദ്രങ്ങളും ഇല്ല. അവിടത്തെ ഫുട്ബോൾ ഫെഡറേഷൻ പോലും അഴിമതിമുക്തമല്ല. കളി വികസിപ്പിക്കാനുള്ള സ്രോതസ്സില്ല. ആഭ്യന്തരകലാപവും യുദ്ധവും തളർത്തി. 1998ൽ സെമിയിലെത്തിയതാണ് ലോകഫുട്ബോളിൽ കൊയേഷ്യയ്ക്ക് ഇതുവരെയുണ്ടായ ഏറ്റവും വലിയ നേട്ടം.
സമയത്തിന്റെയടിസ്ഥാനത്തിൽ ഫ്രാൻസിനേക്കാൾ ഒരു കളി ക്രൊയേഷ്യ കൂടുതൽ കളിച്ചു. അന്തിമപോരിൽ ഇടറി വീണെങ്കിലും ഈ ടൂർണമെന്റിന്റെ തലയെടുപ്പുള്ള ടീമായി ഫ്രാൻസിനൊപ്പം ക്രൊയേഷ്യയും മടങ്ങുന്നു.
 

പ്രധാന വാർത്തകൾ
Top