21 May Monday

ശ്രീശാന്ത് കേസിൽ തീർപ്പുണ്ടാക്കണം‐ സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018


ന്യൂഡൽഹി > ഐപിഎൽ വാതുവയ്പുകേസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ അംഗം ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്തുള്ള അപ്പീലിൽ ജൂലൈ അവസാനത്തോടെ തീർപ്പുണ്ടാക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഡൽഹി പൊലീസ് നൽകിയ അപ്പീൽ തീരുമാനമാകുന്നതുവരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്ക് പുനഃസ്ഥാപിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യംചെയ്ത് ശ്രീശാന്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിർദേശം.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയശേഷവും നാലുവർഷമായി വിലക്കു നേരിടുകയാണെന്നും കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവാദം നൽകണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളിക്കാനുള്ള ആകാംക്ഷ മനസ്സിലാകുന്നുണ്ടെന്നും എന്നാൽ ഹൈക്കോടതിവിധി വരുന്നതുവരെ കാത്തിരിക്കാനുമാണ് സുപ്രീം കോടതി നിർദേശിച്ചത്. ഇന്ത്യയിലെ നിയമനടപടികളെ ബാധിക്കാത്തതിനാൽ വിദേശത്ത് കളിക്കാൻ അനുവദിക്കണമെന്ന് ശ്രീശാന്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ആവശ്യപ്പെട്ടു. ശ്രീശാന്തിന് രാജ്യത്ത് കളിക്കാനുള്ള സമയം ഇതുവരെ നഷ്ടപ്പെട്ടുവെന്നും ഖുർഷിദ് പറഞ്ഞു. എന്നാൽ, ഇതിനെ എതിർത്ത ബിസിസിഐ ശ്രീശാന്ത് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കോടതിയെ അറിയിച്ചു. ശ്രീശാന്ത് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കളിക്കാരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി തീർപ്പുകൽപ്പിച്ചിട്ടില്ലെന്നും ബിസിസിഐയുടെ അഭിഭാഷകൻ പറഞ്ഞു.

2013 ഐപിഎൽ ആറാം സീസണിൽ ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാൻ റോയൽസ് താരങ്ങൾ വാതുവയ്പിൽ ഉൾപ്പെട്ടെന്നാണ് കേസ്. കേസിൽ ശ്രീശാന്തും അങ്കിത് ചവാനും ഉൾപ്പടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന 36 പേരെയും പട്യാല ഹൗസ് കോടതി 2015 ജൂലൈയിൽ വിട്ടയച്ചിരുന്നു. ഇതിനെതിരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ നൽകിയ അപ്പീലാണ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. താരങ്ങളെ വിലക്കിയ ബിസിസിഐ നടപടി പിൻവലിച്ചിരുന്നില്ല. ഇതിലാണ് കേരള ഹൈക്കോടതിയിൽനിന്ന് ആജീവനാന്ത വിലക്ക് നീക്കി ശ്രീശാന്ത് അനുകൂലവിധി നേടിയത്.

പ്രധാന വാർത്തകൾ
Top