21 April Saturday
വാഴ്സിറ്റി അത്ലറ്റിക്സ്

മെയ്മോന് റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Friday Dec 15, 2017

ഗുണ്ടൂര്‍ > അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക്സില്‍ മലയാളിതാരങ്ങളുടെ മിന്നുന്ന പ്രകടനം. 11 ഫൈനല്‍ നടന്ന രണ്ടാംദിനം മൂന്നിനങ്ങളില്‍ മലയാളിതാരങ്ങള്‍ റെക്കോഡിട്ടു. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ മെയ്മോന്‍ പൌലോസ് റെക്കോഡിട്ടു. 800 മീറ്ററില്‍ ഡല്‍ഹി സര്‍വകലാശാലയുടെ മലയാളിതാരം അമോജ് ജേക്കബും പുതിയ സമയം കുറിച്ചു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ ബംഗളൂരു ജെയ്ന്‍ സര്‍വകലാശാലയ്ക്കുവേണ്ടി മത്സരിച്ച മരിയ ജയ്സണും പുതിയ ഉയരം കണ്ടു. 74 പോയിന്റുമായി മംഗളൂരു സര്‍വകലാശാല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 37 പോയിന്റുമായി കലിക്കറ്റ് രണ്ടാമതും 36 പോയിന്റുള്ള എംജി മൂന്നാമതുമാണ്. വനിതകളില്‍ 24 പോയിന്റുമായി എംജി ഒന്നാമതു തുടര്‍ന്നു.

ഹര്‍ഡില്‍സില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മെയ്മോന്റേത്. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിയായ മെയ്മോന്‍ 14.19 സെക്കന്‍ഡില്‍ റെക്കോഡിട്ടു. 2002ല്‍ മദ്രാസ് സര്‍വകലാശാലയുടെ എം എസ് ശ്രീധരന്‍ കുറിച്ച 14.20 സെക്കന്‍ഡ് മെയ്മോന്‍ മായ്ച്ചുകളഞ്ഞു. എംജിയുടെ സച്ചിന്‍ ബിനുവിനാണ് (14.30) വെള്ളി.

800ല്‍ ഒരുമിനിറ്റ് 49.70 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞ അമോജ് രണ്ടുദിവസത്തിനിടെ ഇരട്ടറെക്കോഡ് കുറിച്ചു. കഴിഞ്ഞദിവസം 400ലാണ് അമോജ് റെക്കോഡിട്ടത്. 2001ല്‍ എംജിയുടെ പി എസ് പ്രിമേഷ് കുറിച്ച 1:50.30 സമയം അമോജ് തിരുത്തി. പോള്‍വോള്‍ട്ടില്‍ 3.65 മീറ്ററിലാണ് മരിയ ഉയരംതാണ്ടിയത്. 2013ല്‍ രാജീവ് ഗാന്ധി സര്‍വകലാശാലയുടെ എസ് വി ഖ്യാതി കുറിച്ച 3.60 മീറ്റര്‍ മരിയ മറികടന്നു. ജാവലിന്‍ ത്രോയില്‍ മംഗളൂരുവിന്റെ അരുണ്‍ ബേബി 72.91 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി.

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ കലിക്കറ്റിന്റെ ബിബിന്‍ ജോര്‍ജ് 9:18.36 സമയത്തില്‍ വെള്ളി നേടി. ലോങ്ജമ്പില്‍ കലിക്കറ്റിന്റെതന്നെ വൈ മുഹമ്മദ് അനീസ് 7.49 മീറ്ററില്‍ രണ്ടാമതെത്തി. 

പ്രധാന വാർത്തകൾ
Top