11 December Tuesday

രഞ‌്ജി ട്രോഫി ക്രിക്കറ്റ‌്: കേരളം ജയത്തിലേക്ക‌് ; ജലജിന‌് 7 വിക്കറ്റ‌്

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

ആന്ധ്രയുടെ ബി പ്രശാന്ത്‌ കുമാറിന്റെ വിക്കറ്റ്‌ വീഴ്‌ത്തിയ ജലജ്‌ സക്‌സേനയുടെ ആഹ്ലാദം

തിരുവനന്തപുരം
ബാറ്റിനൊപ്പം പന്ത‌ുകൊണ്ടും മിന്നുന്ന പ്രകടനം പുറത്തെടുത്ത ജലജ‌് സക‌്സേന രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തെ ജയത്തിലേക്ക‌് നയിക്കുന്നു.

മൂന്നാംദിനം ആന്ധ്രയുടെ രണ്ടാം ഇന്നിങ‌്സിൽ ഏഴ‌ു വിക്കറ്റാ‌ണ‌് ജലജ‌് നേടിയത‌്. കളി അവസാനിക്കുമ്പോൾ എട്ട‌ു വിക്കറ്റ‌് നഷ്ടത്തിൽ 102 റണ്ണെന്ന നിലയിലാണ‌് ആന്ധ്ര. രണ്ട‌ു വിക്കറ്റ‌് ശേഷിക്കെ 28 റൺ ലീഡ‌് മാത്രമേയുള്ളു. കേരളത്തിന്റെ ഒന്നാം ഇന്നിങ‌്സ‌് 328ന‌് അവസാനിച്ചു. 133 റണ്ണെടുത്ത ജലജാണ‌് ടോപ‌് സ‌്കോറർ. സ‌്കോർ: ആന്ധ്ര 254, 8–-102; കേരളം 328

തകർപ്പൻ സെഞ്ചുറിക്കുശേഷം കളത്തിലിറങ്ങിയ ജലജ‌് ആന്ധ്രയെ പന്ത‌ുകൊണ്ടും വിഷമിപ്പിച്ചു. മുൻനിരക്കാരെ വട്ടംകറക്കി. ഒരു ഘട്ടത്തിൽ ആറിന‌് 61 റണ്ണെന്ന നിലയിൽ ഇന്നിങ‌്സ‌് തോൽവിയുടെ വക്കിലായിരുന്നു ആന്ധ്ര. 30 റണ്ണുമായി പുറത്താകാതെനിൽക്കുന്ന ഒന്നാം ഇന്നിങ‌്സിലെ സെഞ്ചുറിക്കാരൻ റിക്കി ബൂയി ആണ‌് ആന്ധ്രയെ രക്ഷിച്ചത‌്.

19 ഓവറിൽ 44 റൺ മാത്രം വഴങ്ങിയായിരുന്നു ജലജിന്റെ ഏഴ‌ു വിക്കറ്റ‌് പ്രകടനം. കെ സി അക്ഷയ‌് ഒരു വിക്കറ്റ‌് നേടി.
മൂന്നാംദിനം 1–-227 റണ്ണെന്ന നിലയിൽ കളിയാരംഭിച്ച കേരളത്തിന‌് തുടക്കത്തിലേ തിരിച്ചടി കിട്ടി. 14 റണ്ണെടുക്കുന്നതിനിടെ രണ്ട‌ു വിക്കറ്റ‌് നഷ്ടമായി. സെഞ്ചുറിക്കാരൻ ജലജ‌് ആദ്യം പുറത്തായി. പിന്നാലെ റണ്ണെടുക്കുംമുമ്പ‌് സഞ‌്ജു വി സാംസണും. 47 റണ്ണുമായി രോഹൻ പ്രേമും മടങ്ങിയതോടെ വൻ ലീഡ‌് കുറിക്കാനുള്ള കേരളത്തിന്റെ മോഹത്തിന‌് കനത്ത തിരിച്ചടികിട്ടി. 21 റണ്ണെടുത്ത ക്യാപ‌്റ്റൻ സച്ചിൻ ബേബിയും 20 റണ്ണുമായി വി എ ജഗദീഷും മാത്രമാണ‌് പിന്നീടുവന്നവരിൽ ഭേദപ്പെട്ട‌ു കളിച്ചത‌്. 88 റണ്ണിനിടെയാണ‌് മൂന്നാംദിനത്തിൽ കേരളത്തിന‌് ഒമ്പത‌ു വിക്കറ്റും നഷ്ടമായത‌്.

ആന്ധ്രയ‌്ക്കുവേണ്ടി മഹേഷ‌് ഗൊലമാരുവും ഷോയിബ‌് മുഹമ്മദ‌് ഖാനും മൂന്ന‌ുവീതം വിക്കറ്റെടുത്തു.
അവസാനദിനമായ ഇന്ന‌് ആന്ധ്രയുടെ ശേഷിച്ച വിക്കറ്റുകൾ പെട്ടെന്ന‌് സ്വന്തമാക്കി ജയം കുറിക്കാനായിരിക്കും കേരളത്തിന്റെ  ശ്രമം.


പ്രധാന വാർത്തകൾ
Top