18 October Thursday

ഇല്ല, ഇറ്റലി; ലോകകപ്പ് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

സ്വീഡനെതിരായ മത്സരശേഷം സഹതാരം ലിയനാര്‍ഡോ ബൊനൂഷിയെ കണ്ണീരോടെ പുണരുന്ന ഇറ്റാലിയന്‍ ഗോളി ജിയാന്‍ല്യൂജി ബുഫണ്‍

പിറക്കാത്ത ഗോളില്‍ പുറത്തേക്ക്

മിലാന്‍ > ലോകകപ്പ് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്. നാലുതവണ ലോകകിരീടം ചൂടിയ ഇറ്റലി യൂറോപ്യന്‍ പ്ളേ ഓഫില്‍ സ്വീഡനുമുന്നില്‍ കളി മറന്നു. രണ്ടാംപാദത്തില്‍ അസൂറികളെ സ്വീഡന്‍ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തി (0-0). ആദ്യപാദത്തിലെ 1-0ന്റെ ജയത്തോടെ സ്വീഡന്‍ കടന്നപ്പോള്‍ ജിയാന്‍ല്യൂജി ബുഫണും സംഘവും സാന്‍ സിറോ സ്റ്റേഡിയത്തില്‍ അസ്തമിച്ചു.

1958നുശേഷം ആദ്യമായാണ് ഇറ്റലിയില്ലാത്ത ലോകകപ്പ്. 1930ലെ ആദ്യ ലോകകപ്പില്‍ ഇറ്റലി കളിച്ചിരുന്നില്ല. തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളില്‍ ചാമ്പ്യന്‍മാരായി. പിന്നീട് 1958ലൊഴികെ ലോക ഫുട്ബോളിലെ വന്‍ശക്തിയായി ഇറ്റലി നിലകൊണ്ടു. അവസാനമായി 2006ലാണ് ലോകകിരീടം ചൂടിയത്. തുടര്‍ന്ന് പതനമായിരുന്നു.

യോഗ്യതാറൌണ്ടില്‍ സ്പെയ്നിനു പിന്നില്‍ രണ്ടാമതായപ്പോഴേ ഇറ്റലിയുടെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീണിരുന്നു. പിന്നെ പ്ളേ ഓഫ് പിടിവള്ളിയിലായി പ്രതീക്ഷ. പക്ഷേ, സ്റ്റോക്ഹോമിലെ ആദ്യ പ്ളേഓഫില്‍ യാകുബ് ജൊഹാന്‍സണിന്റെ ഗോളില്‍ സ്വീഡന്‍ ജയം നേടിയപ്പോള്‍ ഇറ്റലി ദുരന്തമുഖത്തായി. സ്വന്തം തട്ടകത്തിലെ രണ്ടാംപാദ മത്സരത്തില്‍ കളിയിലുടനീളം മേധാവിത്തം കാട്ടിയിട്ടും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സ്വീഡന്‍വല ചലിപ്പിക്കാനായില്ല.

ജയം, അല്ലെങ്കില്‍ മരണം എന്ന രീതിയില്‍തന്നെയാണ് ഇറ്റലി മിലാനില്‍ കളിച്ചത്. 76 ശതമാനമായിരുന്നു പന്തിന്മേല്‍ ആധിപത്യം. 20 ഷോട്ടാണ് അവര്‍ ലക്ഷ്യത്തിലേക്കു തൊടുത്തത്. സ്വീഡന്‍ ആറുപേരെ പിന്‍നിരയില്‍ നിര്‍ത്തി. ക്രോസുകളും സെറ്റ്പീസുകളും സ്വീഡിഷ് പ്രതിരോധം നിര്‍വീര്യമാക്കി.
മുന്നേറ്റതാരം സിറോ ഇമ്മൊബീലിന് നിരവധി അവസരങ്ങളാണ് കിട്ടിയത്. ഇതില്‍ ഒരു ശ്രമം വരയ്ക്കുമുന്നില്‍ സ്വീഡന്‍ സെന്റര്‍ബാക്ക് ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റ് തടുത്തു. ഇടവേളയ്ക്കുശേഷം പ്രതിരോധതാരം സ്റ്റീഫല്‍ എല്‍ ഷറാവിയുടെ തകര്‍പ്പന്‍ വോളി സ്വീഡന്‍ ഗോളി റോബിന്‍ ഓള്‍സെണ്‍ തട്ടിയകറ്റി. ഇതിനിടെ ഇരുടീമുകളുടെയും പെനല്‍റ്റിവാദത്തെ റഫറി തള്ളിക്കളഞ്ഞു. ആദ്യം ഇറ്റലിയാണ് വാദിച്ചത്. മാര്‍കോ പറോലോയെ ബോക്സില്‍വീഴ്ത്തിയതിനായിരുന്നു വാദം. പക്ഷേ, റഫറി നല്‍കിയില്ല. പിന്നാലെ ഇറ്റലിയുടെ പ്രതിരോധതാരം ആന്ദ്രേ ബര്‍സാഗ്ളിയുടെ കൈയില്‍ ബോക്സില്‍വച്ച് പന്ത് കൊണ്ടു. സ്വീഡിഷ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല.

കോച്ച് ജാംപീറോ വെന്റൂറയുടെ തന്ത്രങ്ങളും പിഴച്ചു. നാപോളിയുടെ ഗോളടിക്കാരന്‍ ലോറെന്‍സോ ഇന്‍സിന്യോയെ ഇക്കുറിയും വെഞ്ചുറ പുറത്തിരുത്തി. വെന്റൂറയുടെ നിഷേധാത്മകരീതി ഇറ്റലിയെ തകര്‍ത്തൂവെന്നാണ് ആരോപണം.

പ്രധാന വാർത്തകൾ
Top