20 September Thursday
യുവേഫ സൂപ്പർ കപ്പ് : രാത്രി 12.30 മുതൽ സോണി ടെൻ 2

ഇന്ന്‌ റയൽ ഃ അത്ലറ്റികോ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

റയൽ മാഡ്രിഡ്‌ കളിക്കാർ പരിശീലനത്തിൽ


ടല്ലിൻ
ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിനുശേഷം റയൽ മാഡ്രിഡ് ആദ്യമത്സരത്തിന് ഇന്നിറങ്ങും. യുവേഫ സൂപ്പർ കപ്പിനായുള്ള പോരാട്ടത്തിൽ യൂറോപ ലീഗ് ചാമ്പ്യൻമാരായ അത്ലറ്റികോ മാഡ്രിഡാണ് റയലിന്റെ എതിരാളി. നിലവിലെ ചാമ്പ്യൻമാരാണ് റയൽ.

മാറ്റങ്ങളുമായാണ് ചാമ്പ്യൻസ്ലീഗ് ചാമ്പ്യൻമാർ അത്ലറ്റികോയെ നേരിടാൻ ഒരുങ്ങുന്നത്. പുതിയ പരിശീലകൻ ജൂലെൻ ലോപെട്ടേഗിയുടെ ആദ്യ മത്സരമാണിത്. മുന്നേറ്റനിരയിൽ ഗാരെത് ബെയ്ലും കരിം ബെൻസെമയും മാർകോ അസെൻസിയോയും റൊണാൾഡോയുടെ അഭാവം നികത്തുമെന്നാണ് ലോപെട്ടേഗിയുടെ പ്രതീക്ഷ. ഒമ്പതുവർഷം റയലിന്റെ കുപ്പായമണിഞ്ഞ പോർച്ചുഗൽ നായകൻ യുവന്റസിലേക്കാണ് മാറിയത്്.  430 മത്സരങ്ങളിൽനിന്ന് 450 ഗോൾ അടിച്ചുകൂട്ടിയ റൊണാൾഡോ അഞ്ചുതവണ ലോക ഫുട്ബോളർ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് കിരീടത്തിനുപിന്നാലെ സ്ഥാനമൊഴിഞ്ഞ സിദാന് പകരമായാണ് ലോപെട്ടേഗി റയലിലെത്തിയത്.  ഈ മുൻ സ്പാനിഷ് ടീം പരിശീലകന് മികവ് തെളിക്കാനുള്ള അവസരംകൂടിയാണ് മത്സരം. സൂപ്പർകപ്പ് സ്വന്തമാക്കി മികച്ചൊരു തുടക്കമാണ് ലൊപെട്ടേഗിയുടെ ലക്ഷ്യം. റൊണാൾഡോയ്ക്ക് പകരക്കാരനെ കണ്ടെത്താൻ റയലിന് സാധിച്ചിട്ടില്ല. സീസണിൽ ടീമിലെത്തിയ പ്രതിരോധക്കാരൻ അൽവാറോ ഒഡ്രിയോസോള പരിക്കുകാരണം ടീമിലില്ല.  ലോകകപ്പിലെ മികച്ച ഗോളി ബൽജിയത്തിന്റെ തിബൗ കുർട്ടോ കോസ്റ്റാറിക്കയുടെ കെയ്ലർ നവാസിനുപകരം ഗോൾവലയ്ക്ക് മുന്നിലെത്തിയേക്കും. ബ്രസീലിന്റെ കൗമാരതാരം വിനിഷ്യസ് ജൂനിയറിന് ലോപെട്ടേഗി അവസരം നൽകിയേക്കും. ലൂക്കാ മോഡ്രിച്ച് ആദ്യഇലവനിൽ ഇടംപിടിക്കാനുള്ള സാധ്യത കുറവാണ്. വിശ്രമത്തിനുശേഷം ടീമിനൊപ്പം ചേർന്ന് മോഡ്രിച്ച് 15 മിനിറ്റ് മാത്രമാണ് പരിശീലനംനടത്തിയത്.

ആദ്യമായാണ് ലോപെട്ടേഗിയും അത്ലറ്റികോ പരിശീലകൻ ദ്യേഗോ സിമിയോണിയും നേർക്കുനേർ വരുന്നത്. സിമിയോണിക്ക് കീഴിൽ മികച്ചപ്രകടനമാണ് അത്ലറ്റികോ പുറത്തെടുക്കുന്നത്. സ്പാനിഷ് ലീഗിൽ റയലിന് മുകളിൽ രണ്ടാംസ്ഥാനം നേടിയാണ് കഴിഞ്ഞസീസൺ അവസാനിപ്പിച്ചത്. യൂറോപ ലീഗ് കിരീടവും സ്വന്തമാക്കി.

കണക്കിലെ കളിയിൽ യുറോപ്യൻ ചാമ്പ്യൻമാരായ റയൽതന്നെയാണ് മുന്നിൽ. ഇതിനുമുമ്പ് കളിച്ചതിൽ റയലിനായിരുന്നു മുൻതുക്കം. 219 മത്സരങ്ങളിൽ 109 തവണയും ജയം റയലിനൊപ്പം നിന്നു. 55 മത്സരങ്ങൾ അത്ലറ്റികോ സ്വന്തമാക്കിയപ്പോൾ 55 എണ്ണം സമനിലയിൽ പിരിഞ്ഞു.

പ്രധാന വാർത്തകൾ
Top