24 October Wednesday

ഐഎസ്എല്‍ ഗോളടിമേളമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

കൊച്ചി > ആക്രമണാത്മക കളി കാണാമെന്നാണ് ഇക്കുറി ഐഎസ്എല്‍ പരിശീലകരുടെ വാഗ്ദാനം. ഗോളടിയുടെ മേളമായിരിക്കുമെന്ന് ഇവര്‍ ഉറപ്പുനല്‍കുന്നു. 17ന് കേരള ബ്ളാസ്റ്റേഴ്സും എടികെയും തമ്മിലുള്ള പോരോടെയാണ് നാലാംപതിപ്പ് ഐഎസ്എലിന് തിരിതെളിയുന്നത്. വമ്പന്‍ താരവുമായി ഇറങ്ങുന്ന ഇരുസംഘവും ഗോളടിമേളത്തിന് തുടക്കമിടും എന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ മൂന്ന് സീസണുകളിലായി ആകെ നടന്നത് 183 മത്സരങ്ങള്‍. 460 ഗോള്‍വീണു. ഒരു കളിയില്‍ 2.51 എന്ന ശരാശരിയിലാണ് ഗോള്‍. ആദ്യ സീസണില്‍ 61 കളിയില്‍ 129 ഗോള്‍ വന്നു. രണ്ടാം സീസണില്‍ അത് 186 ആയി. മൂന്നാം സീസണില്‍ കുറഞ്ഞ്, 145 എണ്ണമായി.

കാണികളെ രസിപ്പിക്കുകയാണ് ലക്ഷ്യം. ആ രീതിയിലായിരിക്കും കളിക്കളത്തിലെ തന്ത്രങ്ങള്‍-ബ്ളാസ്റ്റേഴ്സ് സഹപരിശീലകന്‍ താങ്ബോയി സിങ്തോ പറഞ്ഞു. റെനെ മ്യൂലെന്‍സ്റ്റീന്‍ ആണ് ഇക്കുറി ബ്ളാസ്റ്റേഴ്സിന്റെ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ സര്‍ അലെക്സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട് മ്യൂലെന്‍സ്റ്റീന്. സെര്‍ജിയോ ലൊബേറ (എഫ്സി ഗോവ), റാങ്കോ പോപോവിച്ച് (എഫ്സി പുണെ സിറ്റി), ജോണ്‍ ഗ്രിഗറി (ചെന്നൈയിന്‍ എഫ്സി) എന്നീ സീസണിലെ പുതിയ പരിശീലകരും ആക്രമണരീതി ഇഷ്ടപ്പെടുന്നവരാണ്. വ്യത്യസ്തരീതികള്‍ പരീക്ഷിക്കുമെന്നാണ് മുംബൈ സിറ്റി കോച്ച് അലക്സാന്‍ഡ്രെ ഗുയ്മറെസിന്റെ വാദം. ബംഗളൂരു എഫ്സി കോച്ച് ആല്‍ബെര്‍ട്ടോ റോകയ്ക്കും  പുതിയ പദ്ധതികള്‍ മനസ്സിലുണ്ട്.

ബാഴ്സലോണ യൂത്ത് ടീമിന്റെ പരിശീലകനായിരുന്ന ലൊബേറ ആ ശൈലി ഇഷ്ടപ്പെടുന്നു. പന്ത് കൈവശംവച്ച് കളിക്കുന്നതിലാണ് താല്‍പ്പര്യം. വേഗത്തിലുള്ള പാസുകളെയും ഭാവനാ സമ്പന്നരായ കളിക്കാരെയും എനിക്ക്  ഇഷ്ടമാണ്. ബാഴ്സലോണയുടെ ശൈലിയോട് ആഭിമുഖ്യമുണ്ട്. ഗോവ ടീമില്‍ ആ രീതി നടപ്പാക്കാന്‍ ശ്രമിക്കും-ലൊബേറ പറഞ്ഞു.

ഫുട്ബോളിന്റെ ലക്ഷ്യം ആനന്ദിപ്പിക്കുക എന്നതാണ്-പോപോവിച്ച് പറയുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പുണെ ടീം കളിക്കുക. പക്ഷേ, ആക്രണാത്മകമായി കളിക്കണമെന്നാണ് ആഗ്രഹം-സെര്‍ബിയന്‍ ടീമിന്റെ മുന്‍ സെന്റര്‍ ബാക്ക് കൂടിയായ പോപോവിച്ച് പറഞ്ഞു. കഴിഞ്ഞ പതിപ്പിലെ ഏറ്റവും മികച്ച ഗോളടിക്കാരന്‍ മാഴ്സെലീന്യോ ഈ സീസണില്‍ പുണെ ടീമിനൊപ്പമാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈസീസണില്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ട്. മാര്‍ച്ച്വരെയാണ് ഈ സീസണിലെ മത്സരങ്ങള്‍. പരിശീലകര്‍ക്ക് അവരുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്താനും അത് ആവിഷ്കരിക്കാനുമുള്ള സമയം ലഭിക്കും. അതിനാല്‍ കഴിഞ്ഞ പതിപ്പുകളെക്കാള്‍ ഈ സീസണ്‍ ഐഎസ്എല്‍ ആകര്‍ഷകമാകുമെന്നാണ് സൂചന.

പ്രധാന വാർത്തകൾ
Top